
വിഴിഞ്ഞം: മാലദ്വീപിലേക്ക് ചരക്കുനീക്കത്തിന് സാദ്ധ്യത തെളിയുന്നു.വിഴിഞ്ഞത്തെ മാരിടൈം ബോർഡിന്റെ നിയന്ത്രണത്തിലുള്ള തുറമുഖത്തുനിന്ന് ചരക്ക് നീക്കത്തിനുള്ള കസ്റ്റംസ് അനുമതി നൽകിയുള്ള ഉത്തരവിറങ്ങി.വിഴിഞ്ഞത്തെ സീവേഡ് വാർഫിനാണ് അനുമതി ലഭിച്ചത്.
2018വരെ ലീവേഡ് വാർഫിൽ നിന്ന് മാലയിലേക്ക് ചരക്കുനീക്കം നടത്തിയിരുന്നെങ്കിലും സുരക്ഷാ കാരണങ്ങളാൽ മുടങ്ങി. വിഴിഞ്ഞത്ത് ഇറക്കുമതിയും കയറ്റുമതിയും ചെയ്യുന്നതിനുള്ള കസ്റ്റംസ് തുറമുഖമായി കൊച്ചിയിലെ കസ്റ്റംസ് കമ്മിഷണർ (പ്രിവന്റീവ്) ഡോ.ടി.ടിജുവാണ് വിജ്ഞാപനമിറക്കിയത്. ഇലക്ട്രോണിക്സ് ഡാറ്റ ഇന്റർ ചെയ്ഞ്ച് (ഇ.ഡി.ഐ) സംവിധാനംകൂടി ലഭിച്ചാലുടൻ ചരക്കുനീക്കത്തിന് തുറമുഖം സജ്ജമാകും.
48 മണിക്കൂർ യാത്ര
ഇന്ത്യയിലെ എല്ലാ തുറമുഖങ്ങളിൽ നിന്നും ചരക്കുനീക്കം നടത്തുന്നതിനുള്ള സിംഗിൾ ലൈസൻസ് ലഭിക്കാത്തതോടെയാണ് വിഴിഞ്ഞത്തു നിന്ന് മാലയിലേക്കുള്ള ചരക്കുനീക്കം നിലച്ചത്. 2018 ഡിസംബറിലാണ് ചരക്കുമായി അവസാനമായി കപ്പൽ പോയത്. മുൻപ് ആഴ്ചയിൽ നാലോ അഞ്ചോ തവണ ഇവിടെ നിന്ന് ചരക്കുമായി കപ്പൽ പോയിരുന്നു. ഒരു തവണ ചരക്ക് കയറ്റി അയയ്ക്കുമ്പോൾ തുറമുഖ വകുപ്പിന്റെ ക്രെയിൻ,വാർഫ് വാടക എന്നിവയടക്കമുള്ള തുക ലഭിച്ചിരുന്നു.ഇതിനുപുറമെ കയറ്റിറക്ക് തൊഴിലാളികൾക്കും വരുമാനം ലഭിച്ചിരുന്നു.തമിഴ്നാട്ടിൽ നിന്ന് എത്തിക്കുന്ന വാഴപ്പഴം,പേരയ്ക്ക,കൈതച്ചക്ക എന്നിവ ഉൾപ്പെടെയുള്ള പഴവർഗങ്ങളാണ് ഇവിടെ നിന്ന് കയറ്റി അയച്ചിരുന്നത്.നോമ്പുകാല വിഭവങ്ങൾ കൊണ്ടുപോകുന്നതിനായി ആഴ്ചയിലൊരിക്കൽ വിഴിഞ്ഞത്ത് എത്തിയിരുന്നു.48 മണിക്കൂർ കൊണ്ട് വിഴിഞ്ഞത്തു നിന്ന് വിഭവങ്ങൾ മാലയിലെത്തും.
ക്രെയിനുമായി കപ്പൽ
ചരക്കുനീക്കം നിലച്ചെങ്കിലും 2022ൽ വിഴിഞ്ഞത്തു നിന്ന് കൂറ്റൻ ക്രെയിനുമായി മാലദ്വീപിലേക്ക് കപ്പൽ പോയിരുന്നു. മാലയിലെ ദ്വീപുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലത്തിന്റെ നിർമ്മാണത്തിനാണ് ക്രെയിൻ കൊണ്ടുപോയത്. ദൂരക്കുറവും സാങ്കേതിക സംവിധാനങ്ങൾ ഉള്ളതിനാലുമാണ് വിഴിഞ്ഞം തുറമുഖത്തു നിന്ന് ക്രെയിൻ കൊണ്ടുപോയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |