
കൊച്ചി: വീടുകളുടെ അകത്തളങ്ങളിൽ എന്നോ നിലച്ച ഘടികാരങ്ങൾ. അവ ഉറക്കമുണർന്ന് പുതുവർഷത്തിലേക്ക് വീണ്ടും ചലിച്ചു. കൊച്ചി - മുസരിസ് ബിനാലെ കലാപ്രദർശനത്തിന്റെ ഭാഗമായി ജനകീയ പങ്കാളിത്തത്തോടെ ശേഖരിച്ച വീട്ടുപകരണങ്ങൾക്കാണ് ബിനാലെ വേദിയിൽ ജീവൻവച്ചത്. പ്രവർത്തനരഹിതമായ ക്ലോക്കുകളും ടൈംപീസുകളും ആദ്യകാല ടൈപ്പ് റൈറ്ററുകളുമടക്കം വിദഗ്ദ്ധ സഹായത്തോടെ നന്നാക്കിയെടുക്കുകയായിരുന്നു.ഇവയിൽ 18-ാം നൂറ്റാണ്ടിൽ അമേരിക്കയിലെ കൊളോണിയൽ കമ്പനി നിർമ്മിച്ച ദ്വിമുഖ ക്ലോക്കും ഉൾപ്പെടും.മട്ടാഞ്ചേരി ബസാർ സ്ട്രീറ്റിലുള്ള പാണ്ടികശാല ആനന്ദ് വെയർഹൗസിലാണ് പ്രദർശനം തുടരുന്നത്.
ബിനാലെയ്ക്ക് മുന്നോടിയായി ഇത്തരമൊരു പ്രദർശനത്തിന് വീട്ടുപകരണങ്ങൾ ക്ഷണിച്ച് അറിയിപ്പുകൾ നൽകിയിരുന്നു. ക്ലോക്കുകൾക്കും ടൈപ്പ് റൈറ്ററുകൾക്കും പുറമേ റേഡിയോകൾ, ഫാനുകൾ, സംഗീതോപകരണങ്ങൾ,ഷർട്ട് തൂക്കുന്ന പഴയ ഹാംഗർവരെ സംഘാടകരെ തേടിയെത്തി.ബിനാലെയിൽ ജനപങ്കാളിത്തം കൂട്ടുകയെന്ന ലക്ഷ്യവും പ്രദർശനത്തിനുണ്ട്.നൂറിലധികം ഉപകരണങ്ങളാണ് പ്രദർശനത്തിനുള്ളത്. ചിലത് അറ്റകുറ്റപ്പണിനടത്തി എത്താനുണ്ട്.പ്രദർശനത്തിനുശേഷം ഇവ ഉടമകളിൽ തിരികെയെത്തും.
സിന്തിയ മഴ്സെൽ ശൈലി
ബ്രസീലിയൻ കലാകാരി സിന്തിയ മഴ്സെലാണ് 'ഹിസ്റ്ററി" എന്നു പേരിട്ട് ഗൃഹാതുര വസ്തുക്കളുടെ ഇത്തരം പ്രദർശനം ആദ്യം നടത്തിയത്. കേടായവ ശേഖരിച്ച് അറ്റകുറ്റപ്പണി നടത്തി കാഴ്ചാനുഭവമേകി തിരിച്ചുനൽകുന്ന ചാക്രികപ്രദർശനം. അറ്റകുറ്റപ്പണിയെ കരുതലിന്റെ ബിംബമായാണ് അവതരിപ്പിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |