കണ്ണൂർ: ദുബായിൽ നിന്ന് ബിസിനസ് ക്ളാസിൽ നെടുമ്പാശ്ശേരി എയർപോർട്ടിൽ. 10 കോടി വിലയുള്ള ബെന്റ്ലി കാറിൽ അവിടെ നിന്ന് കണ്ണൂർ ബെർണശ്ശേരിയിലെ വീട്ടിലേക്ക്. കാറും ദുബായിൽ നിന്ന് കൊണ്ടുവന്നതാണ്. മൂന്നുവയസ്സുകാരി പേർഷ്യൻ റാഗ്‌ഡോൾ പൂച്ച ലേയ്‌ലുവാണ് ഈ വി.വി.ഐ.പി.
ദുബായിലെ പ്രമുഖ വ്യവസായി, മാൻറെസ റിയൽ എസ്റ്റേറ്റ് ഗ്രൂപ്പ് ഉടമ ഷഹ്നാസ് ഖാലിദിന്റെ പെറ്റാണ് ലേയ്‌ലു.
ഫെബ്രുവരി ഒന്നിന് മകൻ ഡോ. സിനാൻ ഖാലിദിന്റെ വിവാഹം പ്രമാണിച്ചാണ് പ്രിയപ്പെട്ട പൂച്ചയുമായി ഖാലിദ് നാട്ടിലെത്തിയത്. അറബി നാട്ടിലെ യാത്രകളിൽ ലേയ്‌ലുവിനെ ഒപ്പം കൂട്ടാറുണ്ട്. അവളുടെ യാത്രാസുഖം കുറയാതിരിക്കാനാണ് ബെന്റ്ലി കാറും കൊണ്ടുവന്നതെന്ന് ഖാലിദ്.
വിദേശത്തുനിന്നു മൃഗങ്ങളെ കൊണ്ടുവന്നാൽ, അനിമൽ ക്വാറന്റൈൻ സർട്ടിഫിക്കേഷൻ സർവീസസിന്റെ എൻ.ഒ.സി നിർബന്ധമാണ്. വിമാനത്താവളത്തിൽ മൃഗഡോക്ടർ പരിശോധിച്ച് സർട്ടിഫിക്കേഷൻ നടപടി പൂർത്തിയാക്കിയാണ് ലേയ്‌ലു വിവാഹ വീട്ടിൽ മുഖ്യാതിഥിയായെത്തിയത്. കല്യാണ തിരക്കു കഴിഞ്ഞ ശേഷം ഖാലിദിനൊപ്പം മടങ്ങും. പൂച്ചയ്ക്കായി പ്രത്യേക ഭക്ഷണം ഒരുക്കും.
സുഹൃത്തിന്റെ സമ്മാനം
ഒരു ലക്ഷം രൂപ വരെ വിലവരുന്ന പേർഷ്യൻ റാഗ്‌ഡോൾ പൂച്ചയെ മൂന്നുമാസം മുമ്പ് സുഹൃത്ത് സമ്മാനമായി നൽകിയതാണ്. അന്നു മുതൽ ലേയ്‌ലു ഖാലിദിനൊപ്പമാണ് ഊണും ഉറക്കവും. നീലക്കണ്ണൻ ലേയ്‌ലുവിന്റെ സൗഭാഗ്യമേ!
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |