SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.17 PM IST

കെട്ടിക്കിടക്കുന്നു 7 ലക്ഷം ജീവിതം: ഫയൽ നീക്കം സ്തംഭനാവസ്ഥയിൽ

Increase Font Size Decrease Font Size Print Page
file

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പ് അടുത്തതോടെ ഉദ്യോഗസ്ഥ അലംഭാവത്തിൽ സംസ്ഥാനത്ത് ഫയൽ നീക്കം സ്തംഭിച്ചു. സെക്രട്ടേറിയറ്റിലും വകുപ്പ് അദ്ധ്യക്ഷൻമാരുടെ കാര്യാലയത്തിലും കെട്ടിക്കിടക്കുന്ന ഫയലുകളുടെ എണ്ണം ഏഴുലക്ഷത്തിൽ അധികമായെന്ന് വിവരം.

ഓരോ ഫയലും ഓരോ ജീവിതമാണെന്ന് മുഖ്യമന്ത്രി പലവട്ടം ഓർമ്മിപ്പിച്ചിട്ടും ഉദ്യോഗസ്ഥർക്ക് അനക്കമില്ല. ഫയൽ തീർപ്പാക്കലിന് പ്രത്യേക അദാലത്ത് നടത്തിയിട്ടും കാര്യമായ മാറ്റമില്ല.

സർക്കാരിന്റെ കാലാവധി അവസാനിക്കാറായതോടെ ഫയലുകളിൽ തീരുമാനമെടുക്കാൻ ഉദ്യോഗസ്ഥർ മടിക്കുകയാണ്. തിരഞ്ഞെടുപ്പിൽ ഭരണമാറ്റം ഉണ്ടാകുമോ, തുടർഭരണം വരുമോ എന്ന ചർച്ചയാണ് സർക്കാർ ഓഫീസുകളിൽ. പുതിയ സർക്കാർ വരുന്നതുവരെ ഫയലുകളിൽ പലതിലും നീക്കുപോക്കുണ്ടാകാൻ സാദ്ധ്യതയില്ല. തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതോടെ ഫയൽ നീക്കം പൂർണമായും സ്തംഭിച്ചേക്കും.

തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഉദ്യോഗസ്ഥ സ്ഥലംമാറ്റം തുടങ്ങിയതും തിരിച്ചടിയായി. സ്ഥലംമാറി എത്തുന്ന ഉദ്യോഗസ്ഥർ ഫയലുകൾ തീർപ്പാക്കാൻ ഉത്സാഹം കാട്ടുന്നില്ല. റവന്യു വകുപ്പ് ഉദ്യോഗസ്ഥരിൽ വലിയൊരു ശതമാനവും തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്നതോടെ അവിടത്തെ ഫയലുകളുടെ തീർപ്പാക്കൽ വൈകും. മറ്റു വകുപ്പുകളിലെ ഉദ്യോഗസ്ഥർക്കുമുണ്ട് തിരഞ്ഞെടുപ്പ് ജോലി ഭാരം.

സെക്രട്ടേറിയറ്റിൽ തീർപ്പായത് 52%

1. സെക്രട്ടേറിയറ്റിൽ കെട്ടിക്കിടന്ന ഫയലുകളുടെ 52% മാത്രമാണ് അദാലത്തിൽ തീർപ്പായത്. വകുപ്പ് മേധാവികളുടെ കാര്യാലയങ്ങളിൽ 60 ശതമാനവും. മുഖ്യമന്ത്രി മുൻകൈ എടുത്താണ് ഫയൽ തീർപ്പാക്കലിന് കഴിഞ്ഞ ജൂലായ് ഒന്നു മുതൽ ആഗസ്റ്റ് 31വരെ അദാലത്ത് സംഘടിപ്പിച്ചത്

2. അദാലത്ത് കാലാവധിക്കു ശേഷവും കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കാൻ 16 ഇന നിർദ്ദേശങ്ങൾ നൽകി ഭരണപരിഷ്‌കാര വകുപ്പ് വീണ്ടും ഉത്തരവിറക്കിയിരുന്നു. എന്നിട്ടും മെല്ലെപ്പോക്കാണ്.

3. സെക്രട്ടേറിയറ്റ് തലം, വകുപ്പ് മേധാവി തലം, പൊതുജനങ്ങളുമായി സമ്പർക്കമുള്ള സ്ഥാപനങ്ങളിലെ ഫയലുകൾ എന്നിങ്ങനെ മൂന്നുതലത്തിലാണ് തീർപ്പാക്കൽ നടന്നിരുന്നത്. ഫയലുകളിലെ വിഷയങ്ങൾക്കനുസരിച്ച് മുൻഗണനാക്രമവും നിശ്ചയിച്ചിരുന്നു.

 3,05,555- സെക്രട്ടേറിയറ്റിൽ ആകെകെട്ടിക്കിടന്ന ഫയൽ

 1,58,336-അദാലത്തിൽ തീർപ്പായത്

 9,09,778- വകുപ്പുകളിൽ കെട്ടിക്കിടന്നത്

 5,49,267- അദാലത്തിൽ തീർപ്പായത്

 പോർട്ടലും തുടങ്ങിയില്ല

ജനങ്ങളുടെ പരാതികളിലും നിവേദനങ്ങളിലും വേഗത്തിൽ നടപടി സ്വീകരിക്കാൻ പ്രത്യേക പോർട്ടൽ ഏർപ്പെടുത്തുന്നത് പരിശോധിക്കാൻ ഐ.ടി വകുപ്പിന് നിർദ്ദേശം നൽകിയെങ്കിലും നടന്നില്ല. ഫയൽ അദാലത്തുമായി ബന്ധപ്പെട്ടായിരുന്നു നിർദ്ദേശം.

TAGS: FILE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY