കോട്ടയം : പെരുമഴയത്തും, പൊരിവെയിലത്തും പാതയോരത്ത് ബോർഡുമായി ഒരാൾ ഹോട്ടലിന് മുന്നിലുണ്ടാവും. ഊണ് തയ്യാറെന്നോ, ഹോട്ടലെന്നോയുള്ള ബോർഡ് ഉയർത്തിപ്പിടിച്ച് മണിക്കൂറുകളോളം കാത്തു നിൽക്കുന്ന അന്യസംസ്ഥാനത്തൊഴിലാളിയോ പ്രായമായ ജീവനക്കാരനോ. ഇവർക്കും അടിസ്ഥാന സൗകര്യമൊരുക്കണമെന്ന് തൊഴിൽ വകുപ്പ് നിർദ്ദേശിച്ചിട്ടും നടപ്പാകുന്നില്ല. ഇതുറപ്പാക്കാൻ പരിശോധനയുമില്ല.
ദേശീയ പാതകളിലെ ഭക്ഷണശാലകൾക്കു മുൻപിൽ തുടക്കം കുറിച്ച ഈ ജോലി പിന്നീട് എല്ലായിടത്തേക്കും വ്യാപിച്ചു. തുടർച്ചയായി 12 മണിക്കൂർ വരെയാണ് പലരുടെയും ജോലി. പകൽച്ചൂടിൽ നിന്ന് രക്ഷതേടി കുട ചൂടിയാലും ക്ഷീണം കൊണ്ട് തളരും. വെള്ളമോ മറ്റ് വിശ്രമ കേന്ദ്രങ്ങളോ ഇവർക്കില്ല. ആളുകൾ കൂടുതൽ വരുന്ന ഉച്ചസമയത്ത് നിന്ന് തിരിയാൻ കഴിയില്ല. വരുന്ന ആളുകളേയും വണ്ടികളേയും മാടിവിളിച്ചു കയറ്റണം. അഞ്ഞൂറു രൂപ മുതലാണ് കൂലി. സെക്യൂരിറ്റി വിഭാഗത്തിലാണ് രേഖകളിൽ ജോലി.
പാലിക്കാത്ത നിർദ്ദേശങ്ങൾ
ഇടവേളകളിൽ വിശ്രമിക്കാൻ ഇരിപ്പിടം
വിശ്രമ സ്ഥലത്ത് വെയിലേൽക്കാത്ത വിധം സൗകര്യം
ചെരിപ്പ് ,വെയിൽ കൊള്ളാത്ത വിധമുള്ള വസ്ത്രങ്ങൾ
ശുദ്ധജലം, കൃത്യമായ ഭക്ഷണം
''തൊഴിൽവകുപ്പ് പരിശോധന കർശനമാക്കണം. പ്രായമായവരടക്കം കുടുംബത്തിലെ ബുദ്ധിമുട്ട് കാരണമാണ് ഈ ജോലി ചെയ്യാൻ നിർബന്ധിതരാകുന്നത്. ഇത് മുതലെടുക്കുന്ന ഹോട്ടൽ ഉടമകൾക്കെതിരെ നടപടി സ്വീകരിക്കണം.-പൊതുപ്രവർത്തകർ
കൂലി : 500 രൂപ മുതൽ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |