കൊച്ചി: കൈവളയായോ മാലയിൽ ലോക്കറ്റ് ആയോ ധരിക്കാം. വ്യക്തിവിവരങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ടാകും. ക്യൂ.ആർ കോഡ് അടക്കം സംവിധാനങ്ങൾ. അൽഷിമേഴ്സ്, ഓട്ടിസം, ഡൗൺ സിൻഡ്രോം ബാധിതർ വീട്ടിൽ നിന്നിറങ്ങി വഴിതെറ്റിയാൽ സുരക്ഷിതമായി തിരിച്ചെത്തിക്കാൻ ഇനി ഒപ്പമുണ്ടാകും 'കവച്'. ഇടപ്പള്ളിയിലെ 'ഡേ ഡ്രീംസ്' എന്ന കൂട്ടായ്‌മയുടെ സഹായത്താൽ ഓട്ടിസം, ഡൗൺ സിൻഡ്രോം ബാധിതരായ കുട്ടികൾ തന്നെയാണ് ഈ ഇലക്ട്രോണിക് ഉപകരണം നിർമ്മിക്കുന്നത്.
ധരിക്കുന്ന വ്യക്തിയുടെ പേര്, വിലാസം, മാതാപിതാക്കൾ, ഫോൺ നമ്പർ തുടങ്ങിയ വിവരങ്ങൾ ഇതിലുണ്ടാകും. ഇതിലെ ക്യു.ആർ കോഡ് സ്‌കാൻ ചെയ്‌താലോ ഫോൺ കൊണ്ട് സ്‌പർശിച്ചാലോ അതിലുള്ള സെൻസറിലൂടെ വിവരങ്ങൾ മൊബൈലിൽ ലഭിക്കും. ഇതിലൂടെ വീട്ടുകാരെ ബന്ധപ്പെട്ട് സുരക്ഷിതമായി തിരികെയെത്തിക്കാം.
ജർമ്മനി, ചൈന എന്നിവിടങ്ങളിൽ നിന്ന് ഭാഗങ്ങൾ ഇറക്കുമതി ചെയ്താണ് നിർമ്മാണം. ഡേ ഡ്രീംസിലെ പരിശീലനം നേടിയ കുട്ടികളാണ് വിദഗ്ദ്ധരുടെ മേൽനോട്ടത്തിൽ ഭാഗങ്ങൾ സംയോജിപ്പിക്കുന്നത്.
നൽകുന്നത് സൗജന്യമായി
ഇതുവരെ കവചിനായി 5,300 പേർ രജിസ്റ്റർ ചെയ്‌തു. ജൂണിൽ ആയിരം എണ്ണം തയ്യാറാക്കും. സൗജന്യമായാണ് നൽകുക. ഭിന്നശേഷിക്കാർ, ഓട്ടിസം, ഡൗൺ സിൻഡ്രോം ബാധിതർ എന്നിവരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന കൂട്ടായ്‌മയാണ് ഡേ ഡ്രീംസ്. രക്ഷിതാക്കൾ, ഡോക്ടർമാർ, സാങ്കേതികവിദഗ്ദ്ധർ, സ്‌പെഷ്യൽ അദ്ധ്യാപകർ, മന:ശാസ്ത്രജ്ഞർ തുടങ്ങിയവർ അംഗങ്ങളാണ്.
''പതിനായിരം കവചുകൾ നിർമ്മിക്കുകയാണ് ലക്ഷ്യം. നിരവധി അന്വേഷണങ്ങൾ ലഭിക്കുന്നുണ്ട്
-ബിജീഷ് കണ്ണാംകുളത്ത്,
മുഖ്യരക്ഷാധികാരി,
ഡേ ഡ്രീംസ്
''മക്കൾ വഴിതെറ്റിപ്പോകുന്നതിൽ മാതാപിതാക്കൾ നേരിടുന്ന വലിയ ആശങ്കയ്‌ക്ക് പരിഹാരമാണ് കവച്
-സ്‌മിത സജിത്,
രക്ഷിതാവ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |