തിരുവനന്തപുരം: മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ച സംഭവത്തിൽ പ്രശാന്ത് ഐഎഎസിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ. ഇന്നലെയാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തിറക്കിയത്. അഡീഷണൽ ചീഫ് സെക്രട്ടറി രാജൻ ഖൊബ്രഗഡെയാണ് അന്വേഷണ ഉദ്യോഗസ്ഥൻ. പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാളാണ് പ്രസന്റിംഗ് ഓഫീസര്‍. പ്രശാന്തിനെ സസ്‌പെൻഡ് ചെയ്ത് ഒമ്പത് മാസങ്ങൾക്കു ശേഷമാണ് നടപടി. കഴിഞ്ഞ നവംബറിലാണ് പ്രശാന്തിനെ സസ്‌പെൻഡ് ചെയ്തത്.
അന്ന് അഡീഷണൽ ചീഫ് സെക്രട്ടറിയായിരുന്ന കെ ജയതിലക്, വ്യവസായ വകുപ്പ് ഡയറക്ടറായ കെ ഗോപാലകൃഷ്ണൻ എന്നിവർക്കെതിരെയാണ് പ്രശാന്ത് അധിക്ഷേപം നടത്തിയത്. ഇവർ വ്യാജരേഖ ചമച്ചെന്ന ഗുരുതര ആരോപണങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ പ്രശാന്ത് നടത്തിയത്. ഇതിനുപിന്നാലെ തന്നെ പ്രശാന്തിനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്യുകയായിരുന്നു. തുടർന്ന് രണ്ടുതവണ കൂടി സസ്‌പെൻഷൻ നീട്ടുകയും ചെയ്തു. ഇതിനൊടുവിലാണ് പ്രശാന്തിനെതിരെ സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. നേരത്തെ പ്രശാന്തിനെതിരെ സർക്കാർ ചാർജ് മെമ്മോ നൽകിയിരുന്നു. ഇതിന് പ്രശാന്ത് നൽകിയ മറുപടി തൃപ്തികരമല്ലെന്നാണ് സർക്കാർ ഉത്തരവിൽ പറയുന്നത്. പ്രശാന്തിന്റെ വാദങ്ങൾ അംഗീകരിക്കാൻ സാധിക്കില്ലെന്നും ഉത്തരവിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |