നമ്മൾ മലയാളികൾ ഒരുപാട് മാറി. ഒപ്പം അവരുടെ ശീലങ്ങളും സ്വഭാവങ്ങളും. പ്രത്യേകിച്ചും ലൈംഗിക സ്വഭാവങ്ങൾ. സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ മൃദുല വികാരങ്ങൾ ചൂഷണം ചെയ്യാൻ 'മോഹിനിമാർ' ഒരുപാടെത്തിയതോടെ ഇതിന് ആക്കം കൂടി. 'അയ്യേ' എന്നുപറയുന്നതിൽ നിന്ന് 'അയ്യോ' എന്ന പറയുന്നിടത്തേക്കായി ആ മാറ്റം. അടുത്തിടെ ഗൾഫിൽ ജീവനൊടുക്കിയ വിപഞ്ചികയുടെ ആത്മഹത്യാക്കുറിപ്പ് പുറത്തുവന്നതോടെയാണ് മലയാളിയുടെ വികൃതമായ ലൈംഗികതയെക്കുറിച്ച് സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ ചർച്ച തുടങ്ങിയത് .
നമ്മുടെ സങ്കൽപ്പങ്ങൾക്കും രീതികൾക്കും ഒരിക്കലും നിരക്കാത്തവയായിരുന്നു വിപഞ്ചികയുടെ ഭർത്താവിന്റെ പല ലൈംഗിക സ്വഭാവങ്ങളും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇത് ഒരാളുടെ മാത്രം കാര്യമല്ലെന്നും മലയാളികളുടെ ലൈംഗിക സങ്കല്പങ്ങളിൽ വലിയരീതിയിൽ മാറ്റം വന്നുകഴിഞ്ഞിരിക്കുന്നു എന്നാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സൈക്യാട്രി പ്രൊഫസറും ശ്രീ ചിത്ര മെഡിക്കൽ സെന്ററിലെ കൺസൾട്ടന്റ് സൈക്യാട്രിസ്റ്റുമായ ഡോക്ടർ അരുൺ ബി നായർ പറയുന്നത്. മലയാളിയുടെ മാറിയ ലൈംഗിക താൽപ്പര്യങ്ങളെയും അതിന് ഇടയാക്കിയ കാരണങ്ങളെയും കുറിച്ച് അദ്ദേഹം കേരളകൗമുദി ഓൺലൈനിനോട് സംസാരിക്കുന്നു.
ഡിജിറ്റൽ അടിമത്തവും കൊവിഡും
കൊവിഡ് കാലത്ത് വീട്ടിൽ ഡിജിറ്റൽ അടിമത്തത്തിലേക്ക് പോയതാണ് മലയാളിലുടെ ലൈംഗിക സങ്കല്പങ്ങളിൽ വലിയതോതിലുള്ളെൊരു മാറ്റം സൃഷ്ടിച്ച ആദ്യത്തെ സംഭവം. ലോക്ക്ഡൗണായതിനാൽ പുറത്തേക്കിറങ്ങാനോ മറ്റ് വിനോദങ്ങളിൽ ഏർപ്പെടാനോ വഴിയില്ലാതായപ്പോൾ ലോകമെമ്പാടും ആളുകൾ ഡിജിറ്റൽ അടിമത്തത്തിലേക്ക് നീങ്ങി. ഒട്ടേറെ ആളുകൾ ലൈംഗിക പരീക്ഷണങ്ങളുടെ ദൃശ്യങ്ങൾ കാണാനാണ് ആ കാലഘട്ടം ഉപയോഗിച്ചത്. എന്തുകൊണ്ട് അത്തരത്തിൽ ഒരു പരീക്ഷണം നടത്തിക്കൂടാ എന്ന തോന്നൽ പലരുടെയും മനസിൽ ഉണ്ടായി. ലൈംഗിക വൈകൃതങ്ങൾ, വ്യത്യസ്ത ലൈംഗിക പരീക്ഷണങ്ങൾ എന്നിവയെക്കുറിച്ചെല്ലാം ആളുകൾ വലിയതോതിൽ ചർച്ചചെയ്തു തുടങ്ങി. ചർച്ചചെയ്യുക മാത്രമല്ല അവ സ്വന്തം ജീവിതത്തിൽ പകർത്താനും പലരും ശ്രമിച്ചു. ഇതിന്റെ ബാക്കിപത്രമാണ് ഇപ്പോൾ മറനീക്കി പുറത്തുവന്നുകൊണ്ടിരിക്കുന്ന പല ലൈംഗിക സ്വഭാവ വൈകൃതങ്ങളും.
ലൈംഗികതയുമായി ബന്ധപ്പെട്ട് ലോകമെമ്പാടുമുളള ജീവിത രീതികൾ കാണാനും അറിയാനും ഇന്ന് സോഷ്യൽ മീഡിയയിലൂടെയും മാദ്ധ്യമങ്ങളിലൂടെയും കഴിയുന്നുണ്ട്. പാശ്ചാത്യ രാജ്യങ്ങളിൽ വ്യത്യസ്ത ലൈംഗിക പരീക്ഷണങ്ങൾ കൗമാരപ്രായത്തിൽത്തന്നെ ആൾക്കാർ വളരെ സ്വഭാവികമായി ചെയ്യുന്ന എന്ന് വിശ്വസിപ്പിക്കുന്ന സീരീസുകളും മറ്റും ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെ മുന്നിലെത്തിയതോടെ അതിൽ കാണുന്നത് പരീക്ഷിക്കാനും തുടങ്ങി.
നേരിട്ടുവേണ്ട, കണ്ട് ആസ്വദിച്ചാൽ മതി
മറ്റുളളവരുടെ ലൈംഗിക ദൃശ്യങ്ങൾ കാണുന്നത് ഒരു മനോവൈകൃതമാണ്. ലൈംഗിക ഒളിഞ്ഞുനോട്ടം അഥവാ സെക്ഷ്വൽ ബോയൂറിസം എന്നൊരു വൈകല്യത്തെക്കുറിച്ച് വൈദ്യശാസ്ത്രം തന്നെ പറയുന്നുണ്ട്. ഒരു വ്യക്തി വസ്ത്രം മാറുന്നതോ, നഗ്നനാകുന്നതോ, ലൈംഗിക ബന്ധത്തിലേർപ്പെടുന്നതോ അയാളറിയാതെ ഒളിഞ്ഞുനോക്കി കാമസംതൃപ്തി വരുത്തുകയാണ് ഇത്തരക്കാർ ചെയ്യുന്നത്. സോഷ്യൽ മീഡിയയിലും മറ്റും ഇത്തരം രംഗങ്ങൾ വ്യാപകമായി ലഭിച്ചുതുടങ്ങിയതോടെ ഇവ കാണുന്നത് പലർക്കും താൽപ്പര്യമുളള ഒന്നായി മാറി. സ്വന്തം പങ്കാളി മറ്റുള്ളവരുമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് കാണുകയും അതിലൂടെ ലൈംഗിക ഉത്തേജനം കണ്ടെത്താൻ ശ്രമിക്കുന്നതും ഇത്തരക്കാർക്കിടയിൽ വ്യാപകമാണ്. ഇവരിൽ ഭൂരിപക്ഷത്തിനും സ്വയം ലൈംഗികബന്ധത്തിലേർപ്പെടുന്നതിനോട് താൽപ്പര്യമുണ്ടാവില്ല.
ഒരാൾ സ്വയം ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോൾ തലച്ചോറിലുണ്ടാകുന്ന രാസപരിണാമങ്ങൾ ഇത്തരം പ്രവൃത്തിയിലൂടെയും അയാളിൽ ഉണ്ടാകുന്നുണ്ട്. ലൈംഗികതയെക്കുറിച്ച് തെറ്റായ ധാരണകളും ഭയാശങ്കകളും ഉള്ളവർ സംതൃപ്തി കിട്ടാനുള്ള ഒരു മാർഗമായി ഇത്തരം രീതികളെ കാണുന്നുണ്ട്. ഇങ്ങനെ നിരന്തരം ലൈംഗിക ദൃശങ്ങളും മറ്റും കാണുന്നവരിൽ ക്രമേണ ലൈംഗികശേഷി കുറയുന്നതായും കണ്ടുവരുന്നുണ്ട്. ഇവർ ക്രമേണ പൂർണമായും വെർച്വൽ സെക്സിന് അടിമകളായി മാറുകയാണ് ചെയ്യുന്നത്.
അതല്ല പൗരുഷം
പൗരുഷത്തെ ഇന്നത്തെ പല പുരുഷന്മാനും തെറ്റിദ്ദരിച്ചിരിക്കുകയാണ് എന്ന് പറയുന്നതിൽ ഒട്ടും അതിശയോക്തി ഇല്ലെന്നുതന്നെ പറയാം. സ്വന്തം പങ്കാളിയോടൊപ്പം നിരന്തരം ലൈംഗികബന്ധത്തിലേർപ്പെടുമ്പോൾ മടുപ്പുളവാകുന്ന ചിലർ പങ്കാളിയെ മാറി പരീക്ഷിക്കാറുണ്ട്. ഒരാൾക്കൊപ്പം ദീർഘനേരം ലൈംഗികബന്ധത്തിലേർപ്പെടുക, ഒന്നിലധികം പേരുമായി ഒരേസമയം ലൈംഗിബന്ധത്തിലേർപ്പെടുക തുടങ്ങിയവ പൗരുഷത്തിന്റെ അടയാളമാണെന്ന തെറ്റിദ്ദാരണ ഇന്നത്തെ സമൂഹത്തിൽ അറിഞ്ഞോ അറിയാതെയോ കടന്നുകൂടിയിട്ടുണ്ട്. ഇതെല്ലാം സ്വന്തം ജീവിതത്തിൽ പ്രാക്ടിക്കൽ ആക്കാൻ ശ്രമിക്കുമ്പോഴാണ് പ്രശ്നം തുടങ്ങുന്നത്. ഇത്തരം തോന്നലുകൾ ശരിക്കുള്ള പുരുഷത്വത്തിന്റെ ലക്ഷണമല്ല വിഷലിപ്ത പൗരുഷമാണെന്ന് തിരിച്ചറിയുകയാണ് ആദ്യം വേണ്ടത്.
മൂന്നിനും പന്ത്രണ്ടുവയസിനുമിടയിൽ
കൗമാരപ്രായക്കാരിൽ പൊതുവെ ലൈംഗിക താൽപ്പര്യം കൂടുതലാണ്. പക്ഷേ, അവസരങ്ങൾ ഒത്തുവന്നാലേ ഇവർ ലൈംഗിക പരീക്ഷണങ്ങൾക്ക് മുതിരാറുള്ളൂ. മുൻതലമുറയിൽ കുടുംബത്തിലെ അംഗങ്ങൾ തമ്മിലുള്ള പരസ്പര ബന്ധങ്ങളും സമൂഹിക ബന്ധങ്ങളും ശക്തമായിരുന്നു. മാത്രമല്ല കൗമാരക്കാർക്കുമേൽ സാമൂഹ്യ നിരീക്ഷണവും ശക്തമായിരുന്നു. അതിനാൽ പരീക്ഷണങ്ങൾക്കുള്ള അവസരങ്ങൾ നന്നേ കുറവായിരുന്നു.
എന്നാൽ ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ ഒരുതരത്തിലുള്ള സാമൂഹ്യ ഒറ്റപ്പെടലിലേക്ക് എത്തിയിരിക്കുകയാണ് എല്ലാവരും. മറ്റുള്ളവരെ നിരീക്ഷിക്കാൻ ആർക്കും താൽപ്പര്യമില്ലാത്ത അവസ്ഥ. അതിനാൽ ലൈംഗിക പരീക്ഷണങ്ങൾ നടത്താനുളള നിരവധി അവസരങ്ങൾ കൗമാരക്കാർക്ക് ലഭിക്കുന്നു. ഇന്നുകാണുന്ന പ്രശ്നങ്ങൾക്കുള്ള ഒരു മൂലകാരണം ഇതുതന്നെയാണ്.
മൂന്നിനും പന്ത്രണ്ടുവയസിനും ഇടയിൽ കൺമുന്നിൽ കാണുന്ന കാര്യങ്ങൾ അവരുടെ മനസിൽ ആഴത്തിൽ പതിയുകയും ആഴത്തിലുളള സ്വാധീനം ചെലുത്തുകയും ചെയ്യും.പന്ത്രണ്ടുവയസുകഴിയുമ്പോഴാണ് ക്രിട്ടിക്കൽ തിങ്കിംഗ് അഥവാ ഗുണദോഷ യുക്തിവിചാരം എന്നൊരു കഴിവ് വികസിക്കുന്നത്. നാം കാണുന്നതിൽ ആരോഗ്യകരമായതേത് അനാരോഗ്യകരമായതേത് എന്ന് വിവേചിച്ച് നല്ലതിനെ സ്വീകരിക്കാനും അല്ലാത്തതിനെ തള്ളാനുമുള്ള കഴിവാണിത്. അതിനാൽ ഈ പ്രായമെത്തുന്നതിനുമുമ്പുതന്നെ ലൈംഗിക വീഡിയോകളും മറ്റും കണ്ടാൽ അത് പ്രാവർത്തികമാക്കാനുള്ള താൽപ്പര്യം കൂടും. ഇത്തരക്കാർ മിക്കപ്പോഴും സ്വന്തം സഹോദരിയുടെയാേ അമ്മയുടെയോ മേലായിരിക്കും ഇത്തരം പരീക്ഷണങ്ങൾ നടത്തുന്നത്. അങ്ങനെ മനുഷ്യൻ മൃഗങ്ങളെക്കാൾ കഷ്ടമാകുന്ന അവസ്ഥയിലേക്ക് എത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |