SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.07 PM IST

രോഗം മനസിനെ തളർത്തിയില്ല അനന്തൻ വീൽച്ചെയറിലിരുന്ന് സിനിമാലോകത്ത് പറക്കും

Increase Font Size Decrease Font Size Print Page
ananthan

തിരുവനന്തപുരം: 23കാരൻ അനന്തന് മുന്നിൽ പ്രതിസന്ധികളില്ല. മെനിംഗോമൈലോസെലെ എന്ന നട്ടെല്ലിനെ ബാധിച്ച അപൂർവ രോഗവുമായായിരുന്നു അനന്തന്റെ ജനനം. ജനിച്ച് 17-ാം ദിവസം നട്ടെല്ലിന് ശസ്ത്രക്രിയ. വിധി ജീവിതം വീൽചെയറിലാക്കിയെങ്കിലും അതിനെയെല്ലാം തോല്പിച്ച് ഉയരങ്ങളിലേക്ക് പറക്കുകയായിരുന്നു ലക്ഷ്യം. 14-ാം വയസിൽ കേന്ദ്രസർക്കാരിന്റെ ബാലശ്രീ പുരസ്കാരത്തിന് അർഹനായി. പിന്നീട് അഹമ്മദാബാദിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഡിസൈനിൽ നിന്ന് ബാച്ചിലർ ഒഫ് ഡിസൈൻ കോഴ്സും പൂർത്തിയാക്കി. അഹമ്മദാബാദ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവെലിൽ വിദ്യാർത്ഥികളുടെ വിഭാഗത്തിൽ മികച്ച സംവിധായകനുമായി.

കാലുകളിൽ നിൽക്കാൻ കഴിയാത്തതിനാൽ കുട്ടിക്കാലത്ത് തറയിൽ കമഴ്ന്ന് കിടന്ന് ചിത്രം വരച്ച ഇടംകൈയനായ അനന്തന് കളർപെൻസിലുകൾ നൽകി മാതാപിതാക്കൾ പ്രോത്സാഹിപ്പിച്ചു. ചിത്രരചനയിൽ സജീവമാക്കി. പട്ടം കേന്ദ്രീയ വിദ്യാലയത്തിൽ ഒന്നാം ക്ലാസ് മുതൽ പ്ലസ്ടുവരെ പഠിച്ചു. ഇതിനിടെ 2014ൽ സി.സി.ആർ.ടിയുടെ രാജ്യത്തെ മികച്ച കലാപ്രതിഭയ്ക്കുള്ള സ്കോളർഷിപ്പ് നേടി. 2016ലാണ് കേന്ദ്രസർക്കാരിന്റെ ബാലശ്രീപുരസ്കാരം തേടിയെത്തിയത്.

പ്ലസ്ടുവിന് ശേഷം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഡിസൈനിലേക്കുള്ള(എൻ.ഐ.‌ഡി) എൻട്രൻസ് ആദ്യശ്രമത്തിൽ പാസായി. സ്കൂളിൽ ദിവസനേ രക്ഷിതാക്കൾ കൊണ്ടുപോയി വിളിച്ചികൊണ്ടുവന്നിരുന്ന മകൻ, അഹമ്മദാബാദ് എൻ.ഐ.ഡിയിൽ ഹോസ്റ്റലിൽ നിന്ന് പഠിക്കാമെന്ന് പറഞ്ഞപ്പോൾ വീട്ടുകാർ ഒപ്പംനിന്നു. നാലുവർഷം ഹോസ്റ്റലിലും കോളേജിലുമെല്ലാം അനന്തൻ തന്റേതായ ലോകം കണ്ടു. പലതരം ഡിസൈനുകൾ പഠിച്ചപ്പോൾ സിനിമമേഖലയോട് കൂടുതൽ അടുത്തു. അങ്ങനെ കോമിക് മാൻ എന്ന ഷോർട്ട് ഫിലിം പിറന്നു. 2025ലെ അഹമ്മദാബാദ് ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച ചിത്രത്തിലൂടെ അനന്തൻ വിദ്യാർത്ഥി വിഭാഗത്തിലെ മികച്ച സംവിധായകനുമായി. പ്രോജക്ടിന്റെ തിരക്ക് കഴിഞ്ഞാൽ സിനിമാരംഗത്ത് സജീവമാകാനും ചിത്രകഥാരംഗത്ത് പ്രവർത്തിക്കാനുമുള്ള തയ്യാറെടുപ്പിലാണ് അനന്തൻ.

 ചേർത്തുപിടിക്കലിന്റെ മാതൃക!

ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട്, എസ്.എ.ടി ആശുപത്രി, തിരുവനന്തപുരം മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലെ വിവിധ വിഭാഗങ്ങളുടെ ചേർത്തുപിടിക്കൽ അനന്തന് കരുത്തായി.തദ്ദേശകുപ്പ് സെലക്ഷൻ സി.എ ആയിരുന്ന അച്ഛൻ ശ്രീകാന്തിനും മോട്ടോർ വാഹനവകുപ്പിൽ ജോയിന്റ് ആർ.ടി.ഒയായ അമ്മ അർച്ചന സദാശിവനും മകനോടൊപ്പം നിൽക്കാനായി സർക്കാർ സ്ഥലംമാറ്റങ്ങൾ നൽകിയില്ല. ഇൻഡ‌സ്ട്രിയൽ എൻജിനിയറായ മൂത്തസഹോദരി ആര്യയും പിൻബലമായി. തിരുവനന്തപുരം മുറിഞ്ഞപാലം സ്വദേശിയാണ്.


 ആഗ്രഹങ്ങൾക്ക് വേണ്ടി ശ്രമിച്ചാൽ സാഹചര്യങ്ങൾ അനുകൂലമാകും. അഹമ്മദബാദിലെ കോളേജിൽ ഉൾപ്പെടെ അതായിരുന്നു എന്റെ അനുഭവം.

-എസ്.അനന്തൻ

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY