തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ വിഭാഗം റേഷൻകാർഡ് ഉടമകൾക്കും പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ പെർമ്മിറ്റുള്ള മത്സ്യബന്ധനയാനങ്ങൾക്കും ഈമാസം മുതൽ മണ്ണെണ്ണ വിതരണം ചെയ്യും. കേന്ദ്ര സർക്കാർ അനുവദിച്ച വിഹിതത്തിൽ നിന്നാണ് മണ്ണെണ്ണ വിതരണം ചെയ്യുന്നത്. 5676 കിലോ ലിറ്റർ മണ്ണെണ്ണയാണ് കേന്ദ്ര സർക്കാർ അനുവദിച്ചത്. ഇതിൽ 5088 കിലോ ലിറ്റർ മണ്ണെണ്ണ റേഷൻ കടകൾ വഴിയും ബാക്കിയുള്ള വിഹിതം ജൂൺ മാസത്തിൽ മത്സ്യബന്ധന ബോട്ടുകൾക്കും നൽകും.
മഞ്ഞ കാർഡ് ഉടമകൾക്ക് ഒരു ലിറ്ററും പിങ്ക്, നീല, വെള്ള എന്നീ കാർഡുകൾക്ക് അര ലിറ്റർ വീതവുമാണ് മണ്ണെണ്ണ ലഭിക്കുക. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള വിഹിതമാണ് ഈ മാസം ലഭിക്കുക. വൈദ്യുതീകരിക്കാത്ത വീടുകൾക്ക് ആറ് ലിറ്റർ മണ്ണെണ്ണ ലഭിക്കും. സംസ്ഥാനത്ത് മഞ്ഞ, നീല കാർഡ് ഉടമകൾക്ക് ഒരു വർഷമായും മറ്റ് കാർഡ് ഉടമകൾക്ക് രണ്ട് വർഷത്തിലേറെയായും മണ്ണെണ്ണ വിതരണം ചെയ്തിരുന്നില്ല.
നിലവിൽ മഞ്ഞ, പിങ്ക് കാർഡുകാർക്ക് മാത്രമാണ് മണ്ണെണ്ണ നൽകുന്നത്. കുറഞ്ഞ അളവിൽ എത്തിക്കുന്നത് നഷ്ടമാണെന്ന് ചൂണ്ടിക്കാട്ടി മിക്ക വിതരണക്കാരും പിൻമാറിയതിനാൽ ഈ വിഭാഗങ്ങൾക്കും യഥാസമയം കിട്ടാറില്ല. നിലവിൽ ഒരു ക്വാർട്ടറിൽ (മൂന്നു മാസം) അനുവദിക്കുന്നത് 780 കിലോലിറ്ററാണ്. 14 സംസ്ഥാനങ്ങൾ മണ്ണെണ്ണ വിതരണം ഉപേക്ഷിക്കുകയും പടിപടിയായി മണ്ണെണ്ണ വിതരണം നിറുത്തലാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ ഇത്രയും അനുവദിക്കുമെന്ന് സിവിൽ സപ്ലൈസ് വകുപ്പുപോലും പ്രതീക്ഷിച്ചിരുന്നില്ല.
അതേസമയം, ഓയിൽ കമ്പനികളിൽ നിന്നു മണ്ണെണ്ണ റേഷൻ കടകളിലെത്തിക്കുന്ന കരാറുകാർ മിക്കവരും ഈ രംഗം വിട്ടിരിക്കുകയാണ്. മണ്ണെണ്ണയുടെ അളവ് കുറഞ്ഞതോടെ ഇവർക്കുള്ള വരുമാനവും കുറഞ്ഞിരുന്നു. അളവ് കൂടിയതോടെ ഇവരെ തിരിച്ചെത്തിക്കാനാണ് ശ്രമം. മണ്ണെണ്ണ അളന്നെടുക്കുന്ന ഉപകരണങ്ങൾ, ടാങ്കുകൾ ഉൾപ്പെടെ നശിച്ചെന്നാണ് ഇവർ സർക്കാരിനെ അറിയിച്ചത്. ലൈസൻസുള്ള ഇവർക്കു മാത്രമെ മണ്ണെണ്ണ ഏറ്റെടുക്കാനാകൂ. ഇവരുമായി ചർച്ചകൾ നടന്നുവരികയാണ്. ആദ്യത്തെ 40 കിലോമീറ്റർ ദൂരം മണ്ണെണ്ണയുമായി പോകാൻ കരാറുകാർക്ക് നിലവിൽ 325 രൂപയാണ് നൽകുന്നത്. അത് 400 ആക്കണമെന്നാണ് അവരുടെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |