കൊച്ചി: പഹൽഗാം ഭീകരാക്രമണത്തിൽ ഇന്ത്യ നൽകിയ തിരിച്ചടിയിൽ പ്രതികരിച്ച് കൊല്ലപ്പെട്ട എൻ രാമചന്ദ്രന്റെ മകൾ ആരതി. തനിക്കും കുടുംബത്തിനും ഉണ്ടായ നഷ്ടം നികത്താനാകാത്തതാണെങ്കിലും ഇന്ത്യയുടെ തിരിച്ചടിയിൽ സന്തോഷവും അഭിമാനവുമുണ്ടെന്ന് ആരതി പറഞ്ഞു. നമ്മുടെ മണ്ണിൽ വച്ചാണ് അവർ ഒരു ദാക്ഷിണ്യവും കൂടാതെ നിരപരാധികളെ കൊന്നുതള്ളിയത്. ഇന്ത്യയുടെ തിരിച്ചടിക്കായി പ്രാർത്ഥിച്ചിരുന്നുവെന്നും ആരതി കൂട്ടിച്ചേർത്തു.
പഹൽഗാം ഭീകരാക്രമണത്തിന് ശക്തമായ തിരിച്ചടിയാണ് ഇന്ത്യ നൽകിയിരിക്കുന്നത്. പാകിസ്ഥാനിലും പാക് അധിനിവേശ കാശ്മീരിലുമുള്ള ഭീകരരുടെ കേന്ദ്രങ്ങളിലാണ് ഇന്ത്യ 'ഓപ്പറേഷൻ സിന്ദൂർ' എന്ന് പേരിട്ട സൈനിക നടപടി വഴി തിരിച്ചടി നൽകിയത്. ഭീകരരുടെ കേന്ദ്രങ്ങളായ ഒൻപത് ഇടങ്ങളിലാണ് ഇന്ത്യൻ സൈന്യം തിരിച്ചടി നൽകിയിരിക്കുന്നത്. അതേസമയം നടന്നത് മിസൈൽ ആക്രമണമാണെന്ന് പാകിസ്ഥാൻ മാദ്ധ്യമങ്ങൾ സ്ഥിരീകരിച്ചു.
ബഹാവൽപൂർ, മുസാഫറാബാദ്, കോട്ലി, മുറിഡ്‌കെ എന്നിവിടങ്ങളിൽ ആക്രമണമുണ്ടായതായി പാകിസ്ഥാനിൽ മാദ്ധ്യമ റിപ്പോർട്ടുകളുണ്ട്. എന്നാൽ പാകിസ്ഥാനിലെ സൈനിക കേന്ദ്രങ്ങൾ ആക്രമിച്ചിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 'നീതി നടപ്പാക്കി, ജയ് ഹിന്ദ്' എന്നാണ് എക്സിൽ സൈന്യം ഈ സൈനിക നടപടിയെ കുറിച്ച് അറിയിച്ചത്. ഏപ്രിൽ 22നാണ് 26 പേരുടെ മരണത്തിനിടയാക്കിയ പഹൽഗാം ആക്രമണം ഉണ്ടായത്. ശേഷം ഇന്ത്യ പാകിസ്ഥാന് ശക്തമായ തിരിച്ചടി നൽകുമെന്ന് അറിയിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |