കൊല്ലം: യൂ ട്യൂബ് വീഡിയോകളിലൂടെ കുട്ടികൾ കണ്ടുപഠിച്ച കൂൺ കൃഷിക്ക് മാതാപിതാക്കൾ ഒത്താശ ചെയ്തതോടെ
വൈഷ്ണവിന്റെയും (15) സഹോദരി ദക്ഷയുടെയും (8) പ്രതിമാസ വരുമാനം 50,000 രൂപ! പിതാവിനാണ് മാർക്കറ്റിംഗിന്റെ ചുമതല.
പരവൂർ ഭൂതക്കുളം പുത്തൻകുളം സുബി വിലാസം വീട്ടിൽ സുജി രാജിന്റെയും എം.ജി യൂണിവേഴ്സിറ്റി അസിസ്റ്റന്റ് ശാരിയുടെയും മക്കളാണ് ഇവർ. വൈഷ്ണവ് കോട്ടയം മന്നാനം കെ.ഇ സ്കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥി. ദക്ഷ കലയ്ക്കോട് ഐശ്വര്യ പബ്ലിക് സ്കൂളിലെ മൂന്നാംക്ലാസ് വിദ്യാർത്ഥിനി. സ്വയം ചെയ്യാനുള്ള പ്രായമായില്ലെങ്കിലും ദക്ഷ എല്ലാ കാര്യത്തിനും ഒപ്പമുണ്ടാവും.
ആറുമാസം മുൻപ് വീട്ടിലെ മുറിയിൽ രണ്ട് ബെഡിലായിരുന്നു ചിപ്പിക്കൂൺ (ഓയിസ്റ്റർ മഷ്‌റൂം) കൃഷിക്ക് തുടക്കം. മട്ടുപ്പാവിലെ 500 ബെഡിലേക്ക് അതു വിപുലീകരിച്ചു. 'മൈകോ ഡിലൈറ്റ്സ് ' എന്ന ബ്രാൻഡിൽ സൂപ്പർ മാർക്കറ്റുകളിലേക്കും പച്ചക്കറി കടകളിലേക്കും എത്തിച്ചുതുടങ്ങി. ഫുഡ് സേഫ്ടി ആൻഡ് സ്റ്റാൻഡേർഡ് അതോറിട്ടി ഒഫ് ഇന്ത്യയുടെ രജിസ്‌ട്രേഷനുമുണ്ട്.
വൈഷ്ണവും ശാരിയും വെള്ളിയാഴ്ചകളിലാണ് വീട്ടിലെത്തുന്നത്. തിങ്കളാഴ്ച മടങ്ങും. കൃഷിയുടെ പ്രധാന ജോലികൾ ഈ ദിവസങ്ങളിലാണ് നടത്തുക.ഭൂതക്കുളം കൃഷി ഓഫീസിൽ നിന്ന് മാർഗനിർദ്ദേശം നൽകുന്നുണ്ട്.
കൃഷി ഇങ്ങനെ
പ്ലാസ്റ്റിക് കവറിലാണ് (പി.പി കവർ) കൃഷി
മഷ്റും പെല്ലറ്റ് ചൂട് വെള്ളം ഒഴിച്ചുവയ്ക്കും
തണുക്കുമ്പോൾ കുതിർത്ത അറക്കപ്പൊടിയിലേക്ക് വിത്തിടും.
15 ദിവസം സൂര്യപ്രകാശം അടിക്കാതെ സൂക്ഷിക്കും
പിന്നീട് ഉത്പാദന മുറിയിലേക്ക് (പച്ച നെറ്റ് അടിച്ച ഭാഗം) മാറ്റും
കവറിന്റെ പുറം വരഞ്ഞ് കീറും
ഏഴാം ദിവസം കൂൺ മുളച്ച് കീറലുകളിലൂടെ പുറത്തേക്കു വളരും
കിലോയ്ക്ക് 500
കൂൺ കിലോയുടെ വില്പന വില 500 രൂപ
ഒരു പാക്കറ്റ് വിത്തിന് 50 രൂപ
ഒരു ചാക്ക് പെല്ലറ്റ് (25 കിലോ): 1000 രൂപ
ചെലവ് ഏകദേശം 20,000 രൂപ
ഒരു വിളവെടുപ്പിൽ 5 - 6 കിലോവരെ ലഭിക്കും
ഒരു ബെഡിൽ മൂന്ന് വിളവെടുപ്പ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |