SignIn
Kerala Kaumudi Online
Monday, 03 February 2025 9.13 PM IST

വെറും മൂന്നുലക്ഷം രൂപയ്ക്ക് 1400   സ്ക്വയർ  ഫീറ്റിൽ  ഇരുനില വീട്, ഉള്ളിൽ എപ്പോഴും എസിയെ   താേൽപ്പിക്കും കുളിർമയും; ഇതൊരു കൊച്ചുസ്വർഗം

Increase Font Size Decrease Font Size Print Page

veedu

വീടെന്നത് മനുഷ്യന്റെ അത്യാവശ്യമാണ്. പക്ഷേ ഇന്ന് അത്യാവശ്യം എന്നത് മാറി ആഡംബരം മാത്രമായി. കയ്യിലുള്ളതെല്ലാം വിറ്റുപെറുക്കിയും കടം വാങ്ങിച്ചും വീട് എങ്ങനെയെല്ലാം മോടി പിടിക്കാമെന്നാണ് ഭൂരിപക്ഷവും ചിന്തിക്കുന്നത്. ലക്ഷങ്ങൾ മുടക്കി ആഗ്രഹങ്ങളെല്ലാം സഫലമാക്കുന്ന തരത്തിൽ വീടുവച്ച് ഒന്നോ രണ്ടോ വർഷം കഴിയുമ്പോൾ അത് ഔട്ട് ഒഫ് ഫാഷൻ ആയി മാറും എന്ന് ഇവരാരും മനസിലാക്കുന്നേയില്ല. നമ്മുടെ സകല സമ്പാദ്യവുമെടുത്ത് ഉണ്ടാക്കുന്ന രമ്യഹർമ്യങ്ങൾ അനന്തര തലമുറയ്ക്ക് വെറും ആക്രി വസ്തുവാണ്.

ചുറ്റുപാടുമുള്ള വസ്തുക്കൾ പരമാവധി ഉപയോഗിച്ച് നിർമ്മിക്കുന്ന വീടുകൾക്ക് പ്രസക്തിയേറുന്നത് ഈ അവസരത്തിലാണ്. കാലാവസ്ഥയ്ക്ക് ഏറ്റവും യോജിച്ചത് എന്നുമാത്രമല്ല ചെലവും പരമാവധി കുറയും. വീടിന്റെ ആയുസിന്റെ കാര്യത്തിലും ടെൻഷൻ വേണ്ട. ഇന്ന് നമ്മുടെ നാട്ടിൽ നൂറോ അതിലധികമോ വർഷം ആയുസുള്ള വീടുകൾ പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകും. ഇതിൽ ഭൂരിപക്ഷവും ചുറ്റുപാടുകളിൽ നിന്ന് കിട്ടുന്ന വസ്തുക്കൾ കൊണ്ട് നിർമ്മിച്ചവയാണ്.

വീടും പ്രകൃതിയും തമ്മിലുള്ള രസതന്ത്രം നന്നായി മനസിലാക്കി അതിനനുസരിച്ച് വീട് നിർമ്മിച്ച വ്യക്തിയാണ് സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിലെ ഉദ്യോഗസ്ഥനും തിരുവനന്തപുരം ജില്ലയിലെ പിരപ്പൻകോട് തയ്ക്കാട് സ്വദേശിയുമായി കെ സി സാജു. ചുറ്റുപാടുമുള്ള വസ്തുക്കൾ ഏറെ ഉപയോഗിച്ച് അദ്ദേഹം നിർമ്മിച്ച മൺവീട് വർഷം ഇരുപത്തഞ്ചുകഴിഞ്ഞിട്ടും ഒരു പ്രശ്നവുമില്ലാതെ ഇന്നും പുതുമയോടെ നിൽക്കുന്നു. മാത്രമല്ല ഏത് കൊടിയ ചൂടിലും എസി വീടുകളിൽ പോലും കിട്ടാത്ത കുളിർമയും ലഭിക്കും. എല്ലാ മുറിയിലും ഫാനുകൾ ഉണ്ടെങ്കിലും അത് ഉപയോഗിക്കുന്നത് വളരെ ചുരുക്കം സമയങ്ങളിൽ മാത്രം.

ജനകീയാസൂത്രണം സാജുവിന്റെ ആസൂത്രണമായി

1997 ൽ അന്നത്തെ സംസ്ഥാന സർക്കാർ നടപ്പാക്കിയ ജനകീയാസൂത്രണമാണ് മൺവീട് എന്ന ആശയത്തിലേക്ക് സാജുവിനെ എത്തിച്ചത്. ലക്ഷങ്ങൾ മുടക്കി നിർമ്മിക്കുന്ന വീടുകളോട് അതിനുമുമ്പുതന്നെ യോജിപ്പില്ലായിരുന്നു. ചുറ്റുപാടും ലഭിക്കുന്ന വസ്തുക്കൾ കൊണ്ട് വീടുനിർമ്മിക്കണം എന്ന ആശയം ജനകീയാസൂത്രണത്തിന്റെ ഭാഗമായി ഉയർന്നപ്പോൾ എന്തുകൊണ്ട് തനിക്കത് പ്രാവർത്തികമാക്കിക്കൂട എന്നായി സാജുവിന്റെ ചിന്ത. പഴയ കാലത്തെപ്പോലെ മണ്ണുകൊണ്ട് വീടുനിർമ്മിക്കാം എന്നും ഉറപ്പിച്ചു. പക്ഷേ, ആഗ്രഹം പുറത്തുപറഞ്ഞപ്പോൾ എതിർപ്പ് മാത്രമായി. വട്ടാണോ എന്നുപോലും ചോദിച്ചവരുണ്ടായിരുന്നു. എന്നാൽ എന്തുവന്നാലും തന്റെ തീരുമാനത്തിൽ നിന്ന് പിന്നാക്കം പോകില്ലെന്ന് സാജു ഉറപ്പിച്ചു. മൺവീടിന്റെ നേട്ടങ്ങളും കോട്ടങ്ങളും വിശദമായി പഠിച്ചു.ഇക്കാര്യത്തിൽ വിദഗ്ദ്ധരുടെ ഉപദേശവും സ്വീകരിച്ചു. അപ്പോഴാണ് തന്റെ തീരുമാനം എത്ര വലുതായിരുന്നുവെന്ന് സാജുതന്നെ മനസിലാക്കിയത്.

veedu

ആദ്യപ്രശ്നം തൊഴിലാളികൾ

ഇഷ്ടികയും സിമന്റുമൊക്കെ വീടുചുമരുകൾ കൈയടക്കിയതോടെ മണ്ണുവയ്പ്പ് അറിയാവുന്ന തൊഴിലാളികൾ ഇല്ലാതെയായി. അവരെ കണ്ടുപിടിക്കുകയായിരുന്നു ആദ്യത്തെ കടമ്പ. അത് വിജയകരമായി പൂർത്തിയാക്കിയതോടെ പകുതി വിജയിച്ച മട്ടായി. വാസ്തു നോക്കിയതേ ഇല്ല. കുടുംബത്തിന്റെ ആവശ്യം അറിഞ്ഞ് വീട് എങ്ങനെയായിരിക്കണമെന്ന് ആദ്യമേ ഒരു പ്ളാൻ മനസിൽ തയ്യാറാക്കി. തുടർന്ന് കോസ്റ്റ് ഫോർഡിനെ സമീപിച്ചു. പ്ളാൻ തയ്യാറാക്കിയതും നിർമ്മാണ മേൽനോട്ടം നടത്തിയതും കോസ്റ്റ് ഫോർഡിന്റെ ജോയിന്റ് ഡയറക്ടർ ആയിരുന്ന പി. ബി. സാജൻ ആയിരുന്നു. കോസ്റ്റ് ഫോർഡിന്റെ ആദ്യത്തെ മൺവീടായിരുന്നു ഇത്.

മണ്ണ് വെറും മണ്ണല്ല

ഒന്നര അടി താഴ്ചയിലാണ് അടിത്തറയ്ക്കായി വാനം തോണ്ടിയത്. പാറയും ചെളിയും ഉപയോഗിച്ചായിരുന്നു അടിത്തറ നിർമ്മിച്ചത്. അത് ഉണങ്ങിയതോടെ ചുവരുനിർമ്മാണം ആരംഭിച്ചു.വാനം തോണ്ടിയപ്പോൾ കിട്ടിയ മണ്ണും പുരയിടത്തിലെ മണ്ണുമായിരുന്നു ചുവർ നിർമ്മാണത്തിനായി ഉപയോഗിച്ചത്. കല്ലും കട്ടയുമൊക്കെ മാറ്റി വെള്ളമൊഴിച്ച് മണ്ണ് ചെളിപ്പരുവമാക്കുകയാണ് ആദ്യത്തെ പണി. അതിനുശേഷം മണ്ണിൽ കുറഞ്ഞ അളവിൽ ഉമിയും കുമ്മായവും വിതറും. ഉമി മണ്ണിന്റെ ബലം കൂട്ടാനും കുമ്മായം ചിതൽ പോലുള്ളവയുടെ ശല്യം ഇല്ലാതാക്കാനുമാണ്. ഒന്നുരണ്ടാഴ്ച മണ്ണ് അങ്ങനെതന്നെ ഇടും. അത്രയും സമയംകൊണ്ട് വെള്ളം വാർന്ന് മണ്ണ് നല്ല നനവുള്ള അവസ്ഥയിലാവും. മണ്ണ് പുളിപ്പിക്കൽ എന്നാണ് ഇതിനെപറയുന്നത്. പുളിച്ച മണ്ണിനെ ചവിട്ടുകയാണ് അടുത്ത പണി. തൊഴിലാളികൾ കാലുകൾ ഉപയോഗിച്ച് മണ്ണ് പലവട്ടം നന്നായി ചവിട്ടിക്കുഴയ്ക്കും. വീട് നിർമ്മാണത്തിലെ ഏറ്റവും പ്രധാന ഘട്ടവും ഇതാണ്. ശരിക്കും മണ്ണ് പതംവരുന്നതോടെ ഉരുളകളാക്കും. ഈ ഉരുളകൾ കൊണ്ടാണ് ചുവർ നിർമ്മിക്കുന്നത്. ഒരു ദിവസം ഒരു കോൽ അളവിൽ മാത്രമാണ് ചുവർ നിർമ്മാണം നടക്കുന്നത്.

കയറാണ് സീക്രട്ട്

ബലം കൂട്ടാൻ ചുവരുകൾക്കുളളിൽ കയർ ഉപയോഗിച്ചിട്ടുണ്ട്. ചുവരിന്റെ നീളത്തിനനുസരിച്ച് ഒരുകോൽ അകലത്തിൽ അത്യാവശ്യം കനമുളള ചകിരി കയർ കെട്ടും. അതിനെ അകത്താക്കിയാണ് ചുവർ ഉണ്ടാക്കുന്നത്. ചുവരുകളുടെ ബലം കൂടാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. പണ്ടുകാലത്ത് കാട്ടിൽ നിന്ന് കിട്ടുന്ന വളളികളാണ് ഇതിന് ഉപയോഗിച്ചിരുന്നത്.

ചുവരുകൾ മണ്ണുകൊണ്ടാണെങ്കിൽ മേൽക്കൂര കോൺക്രീറ്റുകൊണ്ടാണ്. വാർക്കാൻ ഓട് ഉപയോഗിച്ചതിനാൽ കമ്പിയും സിമന്റും പരമാവധി കുറയ്ക്കാനായി. ചുവർ നിർമ്മിച്ചുകഴിഞ്ഞ് ഏണും മുഴയുമൊക്കെ മാറ്റിയശേഷമാണ് മിനുസമാക്കൽ. മണ്ണ് കലക്കിയ വെള്ളം പലതവണ ചുവരുകളിൽ തേച്ചാണ് മിനുസം വരുത്തുന്നത്. പുട്ടി ഇട്ട് പെയിന്റ് ചെയ്താൽപ്പോലും ഇത്രയും മിനുസം കിട്ടില്ല. വർഷങ്ങൾ കഴിഞ്ഞെങ്കിലും ആ മിനുസത്തിന് ഇപ്പോഴും തരിമ്പുപോലും മങ്ങലേറ്റിട്ടില്ല. തറ ചിരട്ടക്കരിയും മുട്ടയുടെ വെള്ളയും സിമന്റും ചേർന്ന മിശ്രിതം ഉപയോഗിച്ചാണ് നിർമ്മിച്ചത്. എന്നാൽ കുടുംബത്തിലെ അംഗങ്ങൾ വളർന്നതോടെ അവരുടെ ആവശ്യങ്ങൾക്കനുസരിച്ച് മുറികളുടെയും മറ്റും വലിപ്പം വ്യത്യാസപ്പെടുത്തേണ്ടിവന്നു. അതോടെ തറയിൽ ഗ്രാനൈറ്റ് പതിച്ചു. അതിലും ചെലവുചുരുക്കൽ കൊണ്ടുവന്നു. കട്ടുചെയ്തുകളയുന്ന ഗ്രാനൈറ്റ് വേസ്റ്റാണ് ഇതിനായി ഉപയോഗിച്ചത്. ടോയ്‌ലറ്റുകളിൽ ഉപയോഗിച്ചതും ഇതുതന്നെയാണ്.

veedu

കസേരയും കട്ടിലും

കസേരയും കട്ടിലുമെല്ലാം മണ്ണിൽ നിർമ്മിച്ചു എന്നതാണ് മറ്റൊരു പ്രത്യേകത. ഇവയും ഗ്രാനൈറ്റ് പീസുകൾ പതിച്ച് മനോഹരമാക്കിയിട്ടുണ്ട്. മുന്നിലെയും പിന്നിലെയും വാതിലുകൾക്കൊഴികെ വാതിലുകൾക്കോ ജനലുകൾക്കോ പടികൾ ഇല്ല.പട്ടിക കഷ്ണം മാത്രം കൊണ്ടുണ്ടാക്കിയ തുറസായ കേരള മോഡൽ ജനാലകളിലൂടെ എപ്പോഴും പ്രകാശവും വായുവും വീടിനുള്ള ഇഷ്ടംപോലെ എത്തും. വീടിന് എസി കൂൾ പ്രതീതി ലഭിക്കുന്നതും അതുകൊണ്ടുതന്നെ. മിച്ചം വന്ന തടികളുപയോഗിച്ചാണ് സ്വിച്ച് ബോർഡ് നിർമ്മിച്ചിരിക്കുന്നത്. അങ്ങനെ അതിലും പുതുമ കൊണ്ടുവന്നു. മഴക്കാലത്ത് വസ്ത്രമുണക്കാനായി ടെറസിന് മുകളിൽ കുറച്ചുഭാഗത്ത് ഷീറ്റിട്ടു എന്നതുമാത്രമാണ് ഈ വീട്ടിലെ അല്പം ആധുനികത.

ചെലവ് കേട്ടാൽ....

1400 സ്ക്വയർ ഫീറ്റുള്ള ഇരുനില വീടാണ് സാജു നിർമ്മിച്ചത്. 2001 ൽ നിർമ്മാണം പൂർത്തിയാപ്പോൾ മൂന്ന് ലക്ഷം രൂപയിൽ താഴെ മാത്രമാണ് ചെലവായത് . ഇന്നത്തെ കൂലിയും മറ്റും വച്ച് നോക്കുകയാണെങ്കിലും ഒരു പത്ത് ലക്ഷത്തിനപ്പുറം പോകില്ല. പക്ഷേ, മണ്ണുവയ്ക്കാനും തറ നിർമ്മിക്കാനും അറിയാവുന്ന തൊഴിലാളികൾ കിട്ടാനില്ല എന്നത് ഒരു പ്രശ്നം തന്നെയാണ്. സാജുവിന്റെ ഫോൺ: 94475 83274

veedu

TAGS: SAND HOUSE, LOW COST HOUSE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.