കൊല്ലം: സിപിഎമ്മിന്റെ സംസ്ഥാന സമ്മേളനത്തിനിടെ പത്തനംതിട്ട സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റുമായ എ പത്മകുമാർ പങ്കുവച്ച പോസ്റ്റാണ് ചർച്ചയാകുന്നത്. 'ചതിവ്, വഞ്ചന, അവഹേളനം, 52 വർഷത്തെ ബാക്കിപത്രം, ലാൽ സലാം'- എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം സ്വന്തം ചിത്രം പങ്കുവച്ചിരിക്കുന്നത്. സിപിഎം സംസ്ഥാന സമിതിയിൽ ഉൾപ്പെടുത്താത്തതിലെ അതൃപ്‌തി പരസ്യമാക്കിയതാണെന്നാണ് വിലയിരുത്തൽ. പ്രൊഫെെൽ ചിത്രവും മാറ്റിയിട്ടുണ്ട്. പോസ്റ്റ് ചർച്ചയായതോടെ അത് പിൻവലിച്ചു.
സംസ്ഥാന സമിതിയിൽ ഉൾപ്പെടുത്താത്തതിൽ വിഷമമുണ്ടെന്ന് നേരത്തെ പത്മകുമാർ ഓൺലെെൻ ചാനലിനോട് പ്രതികരിച്ചിരുന്നു. യുവാക്കളെ എടുക്കുന്നതിനൊപ്പം ബാക്കിയുള്ളവരെക്കൂടി പരിഗണിക്കാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വീണാ ജോർജിനെ എടുത്തതിൽ തനിക്ക് പ്രശ്നമില്ലെന്നും ഒരു പരിഗണന കിട്ടേണ്ടിയിരുന്നു എന്ന മാനസികാവസ്ഥയുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാർലമെന്ററി രംഗത്തെ പ്രവർത്തനം മാത്രം അടിസ്ഥാനമാക്കരുത്. എന്തുകൊണ്ട് തന്നെ ഉൾപ്പെടുത്തിയില്ലെന്ന് എംവി ഗോവിന്ദനോട് ചോദിക്കുമെന്നും പത്മകുമാർ വ്യക്തമാക്കി.
അതേസമയം, 17 അംഗ സെക്രട്ടറിയേറ്റിൽ കെകെ ശെെലജ, എംവി ജയരാജൻ, സിഎൻ മോഹനൻ എന്നിവരെ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ എംബി രാജേഷ്, പി ജയരാജൻ, കടകംപള്ളി സുരേന്ദ്രൻ, കെ പി ഉദയഭാനു, പി ശശി എന്നീ നേതാക്കളെ പരിഗണിച്ചില്ല. 89 അംഗ സംസ്ഥാനസമിതിയെയാണ് സിപിഎം തിരഞ്ഞെടുത്തത്. 17 പുതുമുഖങ്ങളെ ഉൾപ്പെടുത്തിയിട്ടുണ്ട്. എസ് ജയമോഹൻ (കൊല്ലം), എം പ്രകാശൻ മാസ്റ്റർ (കണ്ണൂർ), വി കെ സനോജ് (കണ്ണൂർ), വി വസീഫ് (കോഴിക്കോട്), കെ ശാന്തകുമാരി (പാലക്കാട്), ആർ ബിന്ദു (തൃശൂർ), എം അനിൽകുമാർ (എറണാകുളം), കെ പ്രസാദ് (ആലപ്പുഴ), ബി ആര് രഘുനാഥ് (കോട്ടയം), ഡി കെ മുരളി (തിരുവനന്തപുരം), എം രാജഗോപാൽ (കാസർകോട്), കെ റഫീഖ് (വയനാട്), എം മെഹബൂബ് (കോഴിക്കോട്), വിപി അനിൽ (മലപ്പുറം), കെ വി അബ്ദുൾ ഖാദർ (തൃശൂർ) തുടങ്ങിയവരാണ് സംസ്ഥാന സമിതിയിലേക്ക് തിരഞ്ഞെടുത്ത പുതുമുഖങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |