മാതൃകയായി കുട്ടികളുടെ സംരംഭം
കൊച്ചി: ഓട്ടിസത്തിന്റെ തടവറയിൽ നിന്ന് ആ ആറു പേർ ആത്മവിശ്വാസപ്പടവ് കയറുമ്പോൾ കുക്കീസുകളിലൂടെയും ബ്രൗണീസിലൂടെയും (ചെറു കേക്കുകൾ) 'ഓസം ബൈറ്റ്‌സ്" എന്ന ചരിത്ര സംരംഭം പിറക്കുകയായിരുന്നു. എറണാകുളത്തെ ഓട്ടിസം ക്ലബിലെ ആകാശ് സഞ്ജയ്, സോഹൻ ബിജോ, വൈഷ്ണവ്. കെ, ആന്റണി അബി, സാം വർഗീസ്, ബ്രയൻ വർഗീസ് എന്നിവരുടെ ആറുമാസത്തെ അധ്വാനം സമ്മാനിച്ചത് ഒരു ലക്ഷം രൂപയുടെ ലാഭം.
കൊവിഡ് കാലത്താണ് ക്ലബ് ഇങ്ങനെയൊരു ദൗത്യം തുടങ്ങിയത്. 70ലേറെ കുട്ടികളുള്ള ക്ളബിലെ അംഗമായ ബ്രയൻ വർഗീസിന്റെ അമ്മയും ഹോം ബേക്കറുമായ അനിത പ്രദീപ് പരിശീലനത്തിന്റെ നേതൃത്വമേറ്റു. താത്പര്യമുള്ള ആറ് കുട്ടികളെ തിരഞ്ഞെടുത്ത് ഓൺലൈനിൽ പരിശീലനം നൽകി. മാതാപിതാക്കളും ഒപ്പം നിന്നു. കൊവിഡിനു ശേഷം പരിശീലനം നേരിട്ടായി. 2022 ജൂലായിലാണ് 'ഓസം ബൈറ്റ്‌സ്" കുക്കീസ് വിപണിയിലിറക്കിയത്.
ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ സർട്ടിഫിക്കറ്റും വില്പനാനുമതിയുമുള്ള ഓസം ബൈറ്റ്‌സിന്റെ ഉത്പന്നങ്ങൾക്ക് ആവശ്യക്കാരേറെയാണ്. വിവാഹ റിസപ്ഷനുകളിലുൾപ്പെടെ ഓർഡറുകളുമുണ്ട്. ഓരോ മാസത്തെയും ലാഭം ആറ് കുട്ടികളുടെയും അക്കൗണ്ടിലേക്ക് തുല്യമായി വീതിച്ചു നൽകും.
ഏഴ് തരം കുക്കീസ്
റാഗി വീറ്റ്, വീറ്റ് ചോക്കോ ചിപ്‌സ്, വീറ്റ് ബ്ലോണ്ടി, ഓട്‌സ് റെയ്‌സിൻസ്, കോൺഫ്ലേക്‌സ്, വീറ്റ് സെസമി, മീറ്റ് മസാല എന്നീ കുക്കീസുകളാണ് ഓസം ബൈറ്റ്‌സ് വിപണിയിലെത്തിക്കുന്നത്. ഒപ്പം റാഗി വീറ്റ്, വീറ്റ് കാരമൽ, വീറ്റ് ബ്ലോണ്ടി എന്നീ ബ്രൗണീസും. കളമശേരിയിൽ വാടകയ്ക്ക് വീടെടുത്താണ് നിർമ്മാണം.സാധനങ്ങളെടുക്കാനും മിക്‌സ് ചെയ്യാനും അരിക്കാനും ബേക്കിംഗിനും മറ്റുമുള്ള ചുമതല ഓരോരുത്തർക്കും വീതിച്ചു നൽകിയിട്ടുണ്ട്. ഓവനിലാണ് പാകം ചെയ്യുന്നത്. മൈദ, മുട്ട, പഞ്ചസാര എന്നിവ ഉയോഗിക്കാറില്ല. മധുരത്തിന് ശർക്കരയും ബ്രൗൺ ഷുഗറും.
വില തുച്ഛം ഗുണം മെച്ചം
150ഗ്രാം ടിന്നിന്റെ കുക്കീസിന്: 130-150രൂപ
പുറത്ത്: 200
ബ്രൗണീസ്: 50
പുറത്ത്: 80-90
ഒരാഴ്ചയുണ്ടാക്കുന്ന കുക്കീസ്: 600-1000
പീസ് ബ്രൗണീസ്: 100-200
'മൂന്ന് ലക്ഷം രൂപ മുടക്കിലാണ് ഓസം ബൈറ്റ്‌സ് തുടങ്ങിയത്. ലാഭത്തിലെത്തിക്കാനാകുമെന്ന് ഉറപ്പുണ്ട്. ".
- ദീപ്തി, ഓട്ടിസം ക്ലബ് ഡയറക്ടർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |