തിരുവനന്തപുരം: 'മഞ്ഞുപുതച്ച കൊടുമുടിയിലേക്ക് കയറുമ്പോൾ കൈയകലത്ത് ഇതിഹാസം ടെൻസിംഗ് നോർഗേ. അധികം സംസാരിക്കാത്ത പ്രകൃതം. മുഖത്ത് ആത്മവിശ്വാസത്തിന്റെ ചിരി." തിരുവനന്തപുരം പട്ടം സ്വദേശി എസ്. പ്രദീപ് പറയുന്നു. 19-ാം വയസിലാണ്, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മൂന്നാമത്തെ കൊടുമുടിയായ കാഞ്ചൻജംഗ പ്രദീപ് കയറിയത്. എവറസ്റ്റ് ആദ്യമായി കീഴടക്കിയ ടെൻസിംഗ് നോർഗേയ്ക്കും എവറസ്റ്റ് രണ്ടുവട്ടം കീഴടക്കിയ നവാംഗ് ഗൊമ്പുവിനുമൊപ്പം. ടെൻസിംഗിനൊപ്പം കാഞ്ചൻജംഗ കയറുന്ന ആദ്യ മലയാളിയായ പ്രദീപ്, ഇന്ന് തന്റെ അതുല്യനേട്ടത്തിന്റെ 50-ാം വാർഷികത്തിൽ എത്തിനിൽക്കുകയാണ്.
വിദ്യാർത്ഥിയായിരുന്ന പ്രദീപിന് അന്ന് ടെൻസിംഗുമായുള്ള കൂടിക്കാഴ്ചയുടെ വിലയറിയില്ലായിരുന്നു. ഹിമക്കരടികളിൽ നിന്ന് രക്ഷനേടാൻ രാത്രി തീ കൂട്ടിയിട്ട് എല്ലാവരും ചുറ്റുമിരിക്കും. പ്രദീപിന്റെ തൊട്ടരികിലാവും ടെൻസിംഗ്. കൊടുമുടിയുടെ മുകളിൽ ദേശീയപതാക നാട്ടിയ ശേഷം ടെൻസിംഗുമൊത്ത് എടുത്ത ഫോട്ടോ അമൂല്യനിധിയായി പ്രദീപ് സൂക്ഷിച്ചിട്ടുണ്ട്.
കുട്ടിക്കാലം മുതൽ കായികയിനങ്ങളിലും എൻ.സി.സിയിലും സജീവമായിരുന്ന പ്രദീപ്, എൻ.സി.സി വഴി ഡാർജിലിംഗിൽ മൗൺട്ടനിയറിംഗ് കോഴ്സ് ചെയ്തു. 1974ൽ മണാലിയിൽ പർവതാരോഹണം നടത്തി. 1975ൽ, കൊല്ലം എസ്.എൻ കോളേജിൽ അവസാനവർഷ ബി.എസ്.സി മാത്തമാറ്റിക്സ് വിദ്യാർത്ഥിയായിരിക്കെയാണ് ഡാർജിലിംഗിലുള്ള ഹിമാലയൻ മൗൺട്ടെയിൻ ഇൻസ്റ്റിറ്റ്യൂട്ട് വഴി കാഞ്ചൻജംഗ കയറാൻ അവസരമൊരുങ്ങുന്നത്. ഐ.ടി.ബി.പി, എയർഫോഴ്സ്, ആർമി എന്നിവർക്കൊപ്പം 37പേരടങ്ങിയ സംഘത്തിലെ ഏക മലയാളിയായിരുന്നു പ്രദീപ്. ഒന്നരമാസത്തോളം നീണ്ട യാത്ര. പ്രദീപടക്കമുള്ള ഏഴുപേർ മാത്രമാണ് ആ യാത്രയിൽ അവസാനഘട്ടത്തിൽ എത്തിയത്. 1976ൽ മണാലിക്ക് മുകളിലുള്ള മണിക്കരാൻ എന്ന സ്ഥലത്തേക്കും പര്യവേഷണം നടത്തി. പിന്നീട് സിവിൽ എൻജിനിയറിംഗിൽ ബിരുദമെടുത്ത് ഗൾഫിലേക്ക് പോയി.
യാത്രകൾ രഹസ്യമായി
എസ്.എൻ കോളേജിലെ ഹോസ്റ്രലിൽ നിന്നായിരുന്നു പഠനം. അപകടരമായതിനാൽ വീട്ടിൽ പറയാതെയായിരുന്നു പർവതാരോഹണങ്ങൾ. പത്രവാർത്തയിലൂടെയാണ് വീട്ടിലറിയുന്നത്. വീട്ടമ്മയായ ഷെർളിയാണ് ഭാര്യ. മക്കൾ അപർണ (സ്ട്രക്ച്വറൽ എൻജിനിയർ), അർജുൻ. മരുമകൾ സ്വപ്ന(യു.എസ്). നിലവിൽ കൺസ്ട്രക്ഷൻ കമ്പനി നടത്തുകയാണ് പ്രദീപ്. ചിത്രകലയിലും താത്പര്യമുണ്ട്. ലയൺസ് ഡിസ്ട്രിക്ട് 318എയുടെ ചീഫ് അഡ്മിനിസ്ട്രേറ്ററാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |