
ഷൊർണൂർ: പാലക്കാട് ജില്ലയിൽ മകരക്കൊയ്ത്ത് തുടങ്ങി. കർഷകർക്ക് തെല്ലൊരു ആശ്വാസമായി വൈക്കോലിന്റെ വിലയും കൂടി. കാലാവസ്ഥ അനുകൂലമായതോടെ കൊയ്‌തെടുക്കാറായ മിക്ക പാടശേഖരങ്ങളിലും വെള്ളം വറ്റിയിട്ടുണ്ട്. കൂടാതെ വിളവിലും വർദ്ധനവ് വന്നതോടെ കൊയ്ത്തുകഴിഞ്ഞ പാടങ്ങളിൽ നെല്ലിനു പുറമേ ഇത്തവണ വൈക്കോലും കർഷകർക്ക് കൂടുതലായി ലഭിച്ചു. കഴിഞ്ഞവർഷം, കൊയ്‌തെടുക്കാറായ പാടങ്ങളിൽ വെള്ളംവറ്റാത്ത സ്ഥിതിയായിരുന്നു. ചെളിയിലാണ് അന്ന് കൊയ്ത്തു നടത്തിയത്. ഇതോടെ പല കർഷകർക്കും വൈക്കോൽ നഷ്ടമായിരുന്നു. ഇത്തവണ നേരത്തേ കൊയ്ത പാടങ്ങളിലെ കർഷകർക്ക് വലിയ ആശ്വാസമാണ് വൈക്കോലിൽ നിന്ന് ലഭിച്ചത്. 200 മുതൽ 230 രൂപവരെയാണ് വലിയ കെട്ട് വൈക്കോലിന് ലഭിച്ചത്. ചെറുതിന് 150 മുതൽ 180 വരെയും വില ലഭിച്ചു.
കഴിഞ്ഞവർഷം മകരക്കൊയ്ത്തിന്റെ അവസാനം 60 മുതൽ 90 രൂപവരെയാണ് ലഭിച്ചത്. പലവിധ പ്രതിസന്ധികൾ നേരിട്ട കർഷകർക്ക് നഷ്ടങ്ങൾ കുറയ്ക്കാനുള്ള മാർഗമാണ് വൈക്കോൽ. കൃഷിയില്ലാത്ത ക്ഷീരകർഷകരും കന്നുകാലി ഫാമുകളിലേക്കും വൈക്കോൽ ശേഖരിക്കുന്നതാണ് വില കൂടാൻ കാരണം. മലപ്പുറം, കാളികാവ്, വണ്ടൂർ, നിലമ്പൂർ ഭാഗങ്ങളിലേക്കാണ് ഇപ്പോൾ കൂടുതൽ പോകുന്നത്. ഫാമുകളിലേക്ക് തീറ്റ ആവശ്യമായതോടെ നേരത്തെ കൊയ്ത്തു കഴിയുന്ന കർഷകർക്ക് വൈക്കോലിന് നല്ല വിലയും ലഭിക്കുന്നു. യന്ത്രമുപയോഗിച്ച് വൈക്കോൽ കെട്ടുകളാക്കണമെങ്കിൽ കർഷകന് 30-35 രൂപ ചെലവുമുണ്ട്. ഒരേക്കറിൽനിന്ന് പൊൻമണിയാണെങ്കിൽ 50-60 വരെ വൈക്കോൽ കെട്ടുകളാണ് ലഭിക്കുക. ഉമ, ശ്രേയസ് വിത്തുകൾക്ക് 45 മുതൽ 55 വരെ കെട്ടുകൾ ലഭിക്കും. എന്നാൽ, കൂടുതൽ ഭാഗങ്ങളിൽ കൊയ്ത്തു തുടങ്ങിയാൽ വില കുറയുമെന്ന് കച്ചവടക്കാർ പറയുന്നു. ഇത് കർഷകരെ ആശങ്കപ്പെടുത്തുന്നുണ്ട്. കാട്ടുപന്നികൾ നെല്ലുകൾ നശിപ്പിച്ച ഭാഗങ്ങളിലും ചെളിയുള്ള പാടങ്ങളിലും നെല്ലിനുപുറമേ വൈക്കോൽപോലും ലഭിക്കാത്ത അവസ്ഥയുണ്ടെന്നും കർഷകർ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |