തിരുവനന്തപുരം: കോട്ടയം,കോഴിക്കോട് ജില്ലകളിലേക്ക് സെപ്തംബർ 28ന് നടന്ന എൽ.ഡി ക്ലർക്ക് പരീക്ഷയുടെ ചോദ്യപ്പേപ്പറും തലേദിവസം പി.എസ്.സി വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചതായി വ്യക്തമായി. ചോദ്യപ്പേപ്പർ 27ന് വന്നതായുള്ള വിവരം ഗൂഗിളിൽ ഇപ്പോഴും ലഭ്യമാണ്. താത്കാലിക ഉത്തര സൂചിക പരീക്ഷ നടന്ന ദിവസമാണ് അപ്‌ലോഡ് ചെയ്തതായി കാണുന്നത്.
എന്നാൽ, ചോദ്യപ്പേപ്പർ തലേദിവസം സൈറ്റിൽ പ്രത്യക്ഷപ്പെട്ട സംഭവത്തിൽ ഗൂഗിളിനെ പഴിചാരി തലയൂരാനാണ് പി.എസ്.സി ശ്രമം. ടൈം സ്റ്റാമ്പിൽ മാറ്റംവന്നത് ഗൂഗിളിന്റെ വീഴ്ചയാണെന്നാണ് വിശദീകരണം. തങ്ങളുടെ സാങ്കേതിക വിഭാഗത്തിന് വീഴ്ച വന്നിട്ടുണ്ടോ എന്ന സംശയവും പി.എസ്.സി മുന്നോട്ടു വയ്ക്കുന്നുണ്ട്. ഇന്നു നടക്കുന്ന കമ്മിഷൻ യോഗത്തിൽ ഇക്കാര്യവും ചർച്ചയാവും.
'പി.എസ്.സി ചോദ്യപേപ്പർ തലേദിവസം സൈറ്റിൽ' എന്ന കേരളകൗമുദി റിപ്പോർട്ടിനെ തുടർന്ന് കമ്മിഷന്റെ സാങ്കേതിക വിഭാഗം ഉടൻ പരിശോധന നടത്തിയെന്നാണ് ഇന്നലെ പുറത്തിറക്കിയ വിശദീകരണക്കുറിപ്പിലുള്ളത്. ടൈം സ്റ്റാമ്പിൽ മാറ്റംവന്നത് ഗൂഗിനെ അറിയിച്ചുണ്ടെന്നാണ് വിശദീകരണം. എന്നാൽ, ഗൂഗിളിൽ ഒരുമാറ്റവും ഇന്നലെയും വന്നിട്ടില്ല. സമയം മാറിയത് അനുസരിച്ച് പോസ്റ്റ് ഡേറ്റ് രണ്ടുദിവസം മുമ്പെന്നാണ് ഇന്നലെ ഗൂഗിൾ സെർച്ച് റിസൾട്ട് വ്യക്തമാക്കുന്നത്.വയനാട്, എറണാകുളം ജില്ലകളിലേക്ക് ശനിയാഴ്ച നടത്തിയ പരീക്ഷയിലെ ചോദ്യപേപ്പറിന്റെ സ്ക്രീൻഷോട്ടാണ് ഇന്നലെ കേരളകൗമുദി പുറത്തുവിട്ടത്.
ഗൂഗിളിന് കൃത്യതയില്ലെന്ന് പി.എസ്.സി
വയനാട്, എറണാകുളം ജില്ലകളിലേക്കുള്ള ക്ലർക്ക് പരീക്ഷയുടെ ചോദ്യപേപ്പറും താൽക്കാലിക ഉത്തരസൂചികയും പരീക്ഷ നടപടികൾ പൂർത്തികരിച്ചശേഷമാണ് ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചതെന്ന് പി.എസ്.സി വാർത്താക്കുറിപ്പിൽ അറിയിച്ചു. ഗൂഗിൾ സെർച്ചിൽ ചോദ്യപേപ്പർ പ്രസിദ്ധീകരിച്ച സമയം തെറ്റായി കാണപ്പെട്ടതിനെക്കുറിച്ച് സാങ്കേതിക വിഭാഗം പരിശോധന നടത്തി. ഗൂഗിളിന്റെ ടൈം സ്റ്റാമ്പിൽ കൃത്യതയില്ലാതെ വരുമെന്നും പ്രസിദ്ധീകരിച്ച തീയതിയിൽ മാറ്റം സംഭവിക്കാമെന്നും ഗൂഗിൾ വ്യക്തമാക്കിയിട്ടുണ്ട്. വസ്തുതകൾ അന്വേഷിക്കാതെ സ്തോഭജനകമായ വാർത്ത നൽകിയത് ഗൗരവമായതിനാൽ ഇതിനെതിരെ നിയമനടപടി സ്വീകരിക്കുന്ന കാര്യം പരിശോധിക്കുമെന്നും കുറിപ്പിൽ പറയുന്നു.
ഉത്തരം കിട്ടേണ്ട ചോദ്യങ്ങൾ
1.ഗൂഗിൾ സെർച്ചിൽ ടൈം സ്റ്റാമ്പിൽ മുൻപും മാറ്റമുണ്ടായെങ്കിൽ ഇക്കാര്യം ഉദ്യോഗാർത്ഥികളെ ഇതുവരെയും അറിയിക്കാത്തതെന്ത്?
2.ചോദ്യപേപ്പറും ഉത്തരസൂചികയും ഒരേ ദിവസമാണ് അപ്‌ലോഡ് ചെയ്തതെന്നാണ് പി.എസ്.സി വാദം. എന്നാൽ, ചോദ്യപ്പേപ്പർ മാത്രം തലേദിവസത്തെ തീയതി കാണിക്കുന്നത് എന്തുകൊണ്ട്?
3.സംഭവം ശ്രദ്ധയിൽപ്പെട്ടയുടൻ അതിന്റെ സ്ക്രീൻഷോട്ട് സഹിതം പി.എസ്.സിയിലെ ബന്ധപ്പെട്ടവരെ ലേഖകൻ അറിയിച്ചപ്പോഴും ടൈംസ്റ്റാമ്പിൽ മുൻപുണ്ടായ പ്രശ്‌നമാണെന്ന് വിശദീകരിക്കാത്തതെന്ത്?
''സാങ്കേതിക പ്രശ്‌നങ്ങൾ, അപ്‌ലോഡ് ചെയ്യുന്നവരുടെ കൈപ്പിഴ, സൈറ്റ് ഹാക്ക് ചെയ്യൽ എന്നീ സാഹചര്യങ്ങളിൽ മാത്രമാണ് ടൈം സ്റ്റാമ്പിൽ വ്യത്യാസം ഉണ്ടാകുന്നത്. ആദ്യം പറഞ്ഞ പ്രശ്നമെങ്കിൽ ഇതിനകം ഗൂഗിൾ പരിഹരിക്കേണ്ടതാണ്. അത് ചെയ്യിക്കേണ്ട ഉത്തരവാദിത്വം പി.എസ്.സിക്കുണ്ട്. രണ്ടാമത്തെ പ്രശ്‌നത്തിന് ഗൂഗിൾ പരിഹാരം ചെയ്യില്ല. മൂന്നാമത്തെ പ്രശ്‌നമാകട്ടെ സങ്കീർണമാണ്.അത് ഉണ്ടായിട്ടില്ല.
-അഡ്വ. റെജി വസന്ത് വി.ജെ
മാനേജിംഗ് ഡയറക്ടർ
മിബിസ് സൈബർ ഫോറൻസിക് ലാബ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |