
കോട്ടയം: രാമപുരം സ്കൂളിൽ പഠനം മാത്രമല്ല വിളയുന്നത്. നെല്ലും ചോളവും പാവലും പയറും കോളിഫ്ളവറുമെല്ലാം പൂത്തുവിളയും. രാമപുരം എസ്.എച്ച്.എൽ.പി സ്കൂളിലെ ഉച്ചഭക്ഷണത്തിന് വിഷമേൽക്കാത്ത നാടൻ വിഭവങ്ങൾ. ഹെഡ്മിസ്ട്രസ് ലിസ മാത്യു ടെൻഷൻ ഫ്രീ. ഉച്ചഭക്ഷണത്തിന് പണമില്ലെന്ന വിഷമമേയില്ല.
61 ഇനം പച്ചക്കറിയാണ് കുട്ടികൾ സ്കൂൾ വളപ്പിൽ നട്ടുപരിപാലിക്കുന്നത്. നാലുവർഷമായി ഇതാണ് ഉച്ചഭക്ഷണത്തിന് ഉപയോഗിക്കുന്നത്. വിഷരഹിത പച്ചക്കറി എന്ന ആശയത്തിൽ നിന്ന് 2021ലാണ് തുടക്കം. കാടുപിടിച്ച പറമ്പ് വെട്ടിത്തെളിച്ചു. പാവലും പയറും പടവലവും വാഴയുമൊക്കെ ആദ്യം നട്ടു. കുട്ടികൾ ഒന്നടങ്കം ഒഴിവുനേരങ്ങളിൽൽ കൃഷിയിലേക്കിറങ്ങിയതോടെ പി.ടി.എയ്ക്കും ആവേശമായി. അങ്ങനെയാണ് ചേനയും പയറും തക്കാളിയും കപ്പയുമൊക്കെ വന്നത്. സർക്കാർ മെനു പരിഷ്കരിക്കും മുന്നേ ഇവിടെ കറികളിൽ വെറൈറ്റി നിരന്നു.
ഒരേക്കറിൽ കൃഷി, ഗുണം അതിലേറെ
സ്‌കൂൾ വളപ്പിലെ ഒരേക്കറിലാണ് കൃഷി. കാർഷിക ക്ളബിനാണ് പരിപാലന ചുമതല. വിത്തും തൈയും നൽകാൻ പഞ്ചായത്തിന്റെ സഹായമുണ്ട്. നടുക്കരയിലെ വിത്ത് കേന്ദ്രത്തിൽ നിന്നും വിത്ത് വാങ്ങും. പച്ചക്കറികൾ കുട്ടികൾ വീട്ടിലേക്കും കൊണ്ടുപോകും. പാലാ ഗവൺമെന്റ് ആശുപത്രിയിൽ ഉച്ചഭക്ഷണം വിതരണം ചെയ്യുന്ന കാരുണ്യ ചാരിറ്റബിൾ ട്രസ്റ്റിനും ഇടവേളകളിൽ പച്ചക്കറികൾ നൽകുന്നുണ്ട്. കാബേജും കോളിഫ്ളവറും വെള്ളരിയും കുക്കുമ്പറും തണ്ണിമത്തനുമെല്ലാം ഉൾപ്പെട്ട മൂന്നാംഘട്ട കൃഷിയുടെ ആവേശത്തിലാണ് ഇപ്പോൾ കുട്ടികൾ. നാലു മണിക്ക് ശേഷമാണ് പരിപാലനം. 165 വിദ്യാർത്ഥികൾ പലസമയങ്ങളിലായാണ് കൃഷിയിൽ പാങ്കാളികളാകുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |