കൊല്ലം: കരാർ തുക കുടിശ്ശികയിൽ തീർപ്പുണ്ടാക്കാത്തതിനാൽ കരാറുകാർ നടത്തുന്ന നിസ്സഹകരണ സമരം മൂലം, എഫ്.സി.ഐ ഗോഡൗണുകളിൽ നിന്നു സപ്ലൈകോ ഗോഡൗണുകളിലേക്കുള്ള റേഷൻ ഭക്ഷ്യധാന്യങ്ങളുടെ നീക്കം സ്തംഭിച്ചു. ഒത്തുതീർപ്പായില്ലെങ്കിൽ അടുത്തമാസം രണ്ടാംവാരം മുതൽ റേഷൻ കടകളിൽ ക്ഷാമമുണ്ടാകും.
എല്ലാമാസവും ആദ്യ ആഴ്ചയിൽ തൊട്ടടുത്ത മാസത്തേക്കുള്ള ഭക്ഷ്യധാന്യങ്ങൾ എഫ്.സി.ഐ ഗോഡൗണുകളിൽ നിന്നു സപ്ലൈകോ ഗോഡൗണുകളിലേക്ക് കൊണ്ടുപോകുന്നതാണ്. എന്നാൽ ഈമാസം ഇതുവരെ ഒരു ലോഡ് പോലും പോയിട്ടില്ല. അനാഥാലയങ്ങൾ അടക്കമുള്ള സ്ഥാപനങ്ങൾക്കു മാത്രമാണ് വിതരണമുണ്ടായത്. സാധാരണഗതിയിൽ ജില്ലയിൽ ദിവസം 30 ലോഡ് വരെ സപ്ലൈകോ ഗോഡൗണുകളിൽ എത്തിയിരുന്നു.
വലിയൊരുവിഭാഗം കാർഡുടമകൾ ഓണം പ്രമാണിച്ച് ഈമാസം ആദ്യംതന്നെ റേഷൻവിഹിതം വാങ്ങിയിട്ടുണ്ട്. അതിനാൽ റേഷൻകടകളിൽ മുൻമാസങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ സ്റ്റോക്ക് കുറവാണ്. എഫ്.സി.ഐ ഗോഡൗണുകളിൽ നിലവിലുള്ള സ്റ്റോക്ക് കൂടുതൽ വേഗത്തിൽ റേഷൻകടകൾക്ക് കൈമാറേണ്ടതുണ്ട്. അതുകൊണ്ട് സമരം നീണ്ടാൽ സപ്ലൈകോ ഗോഡൗണുകളിൽ ഈമാസം അവസാനത്തോടെ സ്റ്റോക്ക് കൂടുതൽ ഇടിയും. സപ്ളൈകോ ഗോഡൗണുകളിൽ നിന്ന് റേഷൻകടകളിലേക്കുള്ള ഭക്ഷ്യധാന്യ നീക്കത്തെ സമരം ബാധിച്ചിട്ടില്ല.
വിതരണം 4 ഗോഡൗണുകളിൽ നിന്ന്
കൊല്ലം, ആവണീശ്വരം, കരുനാഗപ്പള്ളി, കിളികൊല്ലൂർ
ഒരു ദിവസം ശരാശരി 30 ലോഡുകൾ
കൂടുതൽ വിതരണം കൊല്ലം ഗോഡൗണിൽ നിന്ന്
സപ്ലൈകോയ്ക്ക് 12 ഗോഡൗണുകൾ
ജില്ലയിലെ റേഷൻ കാർഡ് ഉടമകൾ 7,95,298
നിലവിലെ പ്രശ്നം ഈ മാസത്തെ റേഷൻ വിതരണത്തെ കാര്യമായി ബാധിക്കില്ല. തിങ്കളാഴ്ചയോടെ പ്രശ്നം പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷ
ജില്ലാ സപ്ലൈ ഓഫീസർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |