കൊച്ചി: മൂന്നുവർഷം മുമ്പ് പിതാവ് തോമസ് ഫെർണാണ്ടസ് മരിക്കുമ്പോൾ മൂലമ്പള്ളി മാളിയേക്കൽ വീട്ടിൽ മോനിക്ക നയന ഫെർണാണ്ടസിന് പ്രായം 18. ചേച്ചി നൊറീന. അനിയത്തി നസ്‌ന. ഏറ്റവും ഇളയ അനിയത്തി ഒരു വയസുള്ള നോറ (ഇപ്പോൾ യു.കെ. ജിയിൽ). അമ്മൂമ്മ പൗളിൻ. അമ്മ സോണി. ഒരു സെന്റിലെ മൂന്നുനില വീട് അക്ഷരാർത്ഥത്തിൽ പെൺവീട്. ആറു കുടുംബാംഗങ്ങളും പെണ്ണുങ്ങൾ.
അർബുദം സ്ഥിരീകരിച്ച് ഒരു മാസത്തിനുള്ളിലായിരുന്നു ടാക്സിഡ്രൈവറായിരുന്ന തോമസിന്റെ മരണം. മഹാരാജാസ് കോളേജിൽ ആദ്യവർഷ ബി.എ മലയാളം വിദ്യാർത്ഥിയായിരുന്ന മോനിക്കയ്ക്ക് വിഷമിച്ചു നിൽക്കാൻ സമയമില്ലായിരുന്നു. വീടിന്റെ ചുമതല ഏറ്റെടുത്തു.
മോനിക്കയ്ക്ക് ആകെ അറിയാവുന്ന പണി കേക്ക് തയ്യാറാക്കലായിരുന്നു. അതുതന്നെയാണ് തുണയായത്. യൂട്യൂബിൽനിന്ന് പഠിച്ച വിദ്യ. അതിലൂടെ മോനിക്ക കുടുംബത്തിന് ആശ്രയമായി. രാത്രി മൂന്നു മണിവരെ കേക്കുണ്ടാക്കും. പൂർത്തിയാവാത്തത് പുലർച്ചെ 6 മണിക്ക് എഴുന്നേറ്റ് ചെയ്യും.
കേക്കുണ്ടാക്കി ആവശ്യക്കാർക്ക് സ്വന്തം സ്കൂട്ടറിൽ എത്തിക്കും. 650 മുതൽ 3000 രൂപ വരെ വിലയുള്ള കേക്കുകളാണ് നിർമ്മിക്കുന്നത്. മാസം 10,000 രൂപ വായ്പകളുടെ തിരിച്ചടവിന് വേണം. വീട്ടുചെലവും നാൽവർ സംഘത്തിന്റെ പഠനച്ചെലവും ഇതിൽ നിന്നു വേണം കണ്ടെത്താൻ.
തുടക്കത്തിൽ അടുത്ത ബന്ധുക്കൾ കേക്ക് വാങ്ങി സഹായിച്ചു. മറ്റുള്ളവരുടെ ഓർഡറുകൾ എടുത്തുകൊടുത്തു. പിന്നെ എഫ്.എസ്.എസ്.എ.ഐ ( ഫുഡ് സേഫ്‌റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ ) രജിസ്ട്രേഷനെടുത്ത് മോനിക്ക കേക്ക് നിർമ്മാണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. ഇപ്പോൾ ദിവസം അഞ്ച് ഓർഡറുകൾ വരെ ലഭിക്കുന്നുണ്ട്. ജില്ലയ്ക്ക് പുറത്തുനിന്ന് ഓർഡറുകളുണ്ടെങ്കിലും എത്തിക്കാനുള്ള ബുദ്ധിമുട്ട് കാരണം ഏറ്രെടുക്കാറില്ല.
പഠനത്തോടൊപ്പം ബിസിനസ്
ക്ലാസിലിരിക്കുമ്പോൾ ഓർഡറുകൾ എത്തിയാൽ ഓടി വീട്ടിലെത്തുമെന്ന് മോനിക്ക പറഞ്ഞു. പാഠങ്ങൾ അദ്ധ്യാപകരും കൂട്ടുകാരും പറഞ്ഞുകൊടുക്കും. കൊവിഡ്കാലത്ത് ഓർഡറുകൾ കുറഞ്ഞപ്പോൾ പ്രതിസന്ധിയുണ്ടായി. എങ്കിലും തട്ടിമുട്ടി മറികടന്നു.
ആലുവ സെന്റ് സേവ്യേഴ്സ് കോളേജിൽ മലയാളം എം.എ വിദ്യാർത്ഥിനിയാണ്. ബി.എഡിന് ചേരാനുള്ള തയ്യാറെടുപ്പിലുമാണ്.
അദ്ധ്യാപിക ആകാനാണ് ആഗ്രഹം. ബിസിനസ് ഉപേക്ഷിക്കാനും പറ്റില്ല. ഫുഡ്ക്രാഫ്റ്റ്സ് കോഴ്സ് ചെയ്യണം. കേക്ക് ഷോപ്പും ആരംഭിക്കണം.
മോനിക്ക നയന ഫെർണാണ്ടസ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |