
തിരുവനന്തപുരം: സ്വപ്നങ്ങൾ ചിറകുവിരിക്കുന്ന പ്രായത്തിൽ ജിതിലയുടെ ജീവിതത്തെ വിധി തളർത്തി. ആ വിധിയെ തോൽപ്പിക്കണം. പാപാവപ്പെട്ട മാതാപിതാക്കൾ കൂടെയുണ്ട്. പക്ഷേ...
വെള്ളനാട് ജി.കെ.എസ് ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്‌വൺ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിനിയാണ് എസ്.ജെ. ജിതില. പഠനത്തിൽ മിടുമിടുക്കി. എൻജിനിയറാകണമെന്ന്
മോഹം. നല്ല ജോലി വാങ്ങി മാതാപിതാക്കൾക്ക് താങ്ങാവണം. ആ സ്വപ്നത്തിലേക്ക് ചിറകു വിരിക്കുമ്പോഴാണ്
രണ്ടു വൃക്കകളും തകരാറിലായതറിഞ്ഞത്. അതു മാറ്റിവയ്ക്കണം. വൃക്ക നൽകാൻ പിതാവ് ഒരുക്കമാണ്. ഇരുവരും ഒ പോസിറ്റീവ് ആയതിനാൽ മാറ്റിവയ്ക്കാൻ തടസമില്ല. പക്ഷേ, ശസ്ത്രക്രിയയ്ക്ക് മാത്രം 15ലക്ഷം രൂപയാവും. ദിവസവും 20,000 രൂപയുടെ മരുന്നും വേണം.
പിതാവ് തെക്കുംകര വീട്ടിൽ ജോണി സ്വകാര്യ സ്കൂളിലെ ഡ്രൈവറാണ്. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ് അമ്മ എൽ.സുഷ. വായ്പയെടുത്തും മറ്റും ലക്ഷക്കണക്കിന് രൂപ മകളുടെ ചികിത്സയ്ക്കായി ഇതുവരെ ചെലവിട്ടു. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന ഇവർക്ക് മകളുടെ ശസ്ത്രക്രിയച്ചെലവും തുടർചികിത്സയും താങ്ങാനാവുന്നതല്ല.
ഏഴുമാസം മുൻപാണ് ജിതിലയുടെ രോഗവിവരം അറിയുന്നത്. ആ സമയത്ത് ഒരു വൃക്ക പൂർണമായി തകരാറിലായിരുന്നു. രണ്ടാമത്തേതിന്റെ പ്രവർത്തനം മുക്കാൽ ഭാഗത്തോളം നിലച്ചു. പല ആശുപത്രികളിലും കാണിച്ചു. വൃക്ക മാറ്റിവയ്ക്കാതെ കഴിയില്ല.
പണമില്ലാത്തതിനാൽ ശസ്ത്രക്രിയ നീണ്ടുപോവുകയാണ്. ചിറകൊടിഞ്ഞ സ്വപ്നങ്ങളുടെ ലോകത്താണ് ജിതില. ഇനിയും വൈകിക്കരുതെന്നാണ് ഡോക്ടർമാരുടെ നിർദ്ദേശം. സുമനസുകൾ സഹായിച്ചാൽ അത് അനുഗ്രഹമാകും.
വേദനയിലും പരീക്ഷ
കടുത്ത വേദനയാണെങ്കിലും മരുന്നുകളും ഇൻജക്ഷനുമൊക്കെയെടുത്ത് ജിതില പ്ലസ് വൺ പരീക്ഷയെഴുതുന്നുണ്ട്. ഡാൻസിലും ചിത്രരചനയിലുമെല്ലാം മികവുകാട്ടുന്നു. കലോത്സവങ്ങളിൽ മിന്നും താരമായിരുന്നു. അനുജൻ ജിതിൻ എട്ടാംക്ലാസ് വിദ്യാർത്ഥി. ജിതിലയുടെ ചികിത്സയ്ക്ക് പണം കണ്ടെത്താനായി നന്തൻകോട് ഫെഡറൽ ബാങ്ക് ബ്രാഞ്ചിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. ജിതില എസ്.ജെ, അക്കൗണ്ട് നമ്പർ:13170100218045,ഐ.എഫ്.എസ്.സി കോഡ്:FDRL0001317,ജിപേ നമ്പർ ജോണി എൽ-9446175754.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |