
തൃശൂർ: പൊന്നുവിലയുള്ള കുങ്കുമപ്പൂ കൊടുംചൂടുള്ള കേരളത്തിലും ലാഭകരമായി കൃഷിചെയ്യാം. പുത്തൂർ നമ്പ്യാർ റോഡിൽ ജയിംസ് കാപ്പാനി അത് സാക്ഷ്യപ്പെടുത്തുന്നു. 150 ചതുരശ്ര അടിവിസ്തീർണമുള്ള മുറിയിൽ ചില്ലർ സ്ഥാപിച്ച് തണുപ്പുണ്ടാക്കിയാണ് ജയിംസിന്റെ കൃഷി.
കാശ്മീരിലെ താപനില വ്യതിയാനങ്ങൾ പഠിച്ച്, ശരാശരി 10 ഡിഗ്രി സെൽഷ്യസ് എന്ന നിലയിൽ ചില്ലർ സിസ്റ്റം ക്രമീകരിച്ചാണിത്. ഒരു കുങ്കുമ വിത്തിന് 40 രൂപ വിലവരും. കിലോയ്ക്ക് 3500 രൂപ. കശ്മീരിൽ നിന്നാണ് എത്തിക്കുന്നത്. മുറിയുടെ ഭിത്തികൾ പോളിയൂറത്തിൻ ഫോം ഉപയോഗിച്ച് മറച്ച് അക്രോഫോം ട്രേകളിലാണ് വിത്ത് സൂക്ഷിക്കുക. ഈർപ്പം ക്രമീകരിക്കാനുള്ള ഹ്യുമിഡിഫയർ, താപനില അളക്കാൻ തെർമോമീറ്റർ, പ്രകാശത്തിന്റെ അളവ് പരിശോധിക്കുന്ന ലക്‌സ് മീറ്റർ തുടങ്ങിയവയുമുണ്ട്. മുറി ക്രമീകരിക്കാൻ എട്ടു ലക്ഷത്തോളം രൂപ ചെലവായി.
വിത്തുകൾ ട്രേയിൽ നിക്ഷേപിച്ച് എയ്‌റോപോണിക്‌സ് കൃഷിരീതിയാണ് ചെയ്യുന്നത്. സൂര്യപ്രകാശത്തിന് യു.വി ഗ്രോ ലൈറ്റുകളുണ്ട്. ഓട്ടോമേഷൻ സംവിധാനം വഴി മുറിക്കകത്തെ പ്രകാശവും ഊഷ്മാവും ക്രമീകരിക്കും. വിത്തുകളിൽ 15 ദിവസത്തിനകം മുളയുണ്ടാകും. രണ്ടു മാസത്തിനകം വിളവെടുപ്പ് ആരംഭിക്കാം. ഒരു വിത്തിൽ രണ്ടോ മൂന്നോ പൂക്കളാണ് ഉണ്ടാവുക. സൗദി അറേബ്യയിലെ പ്രതിരോധ മന്ത്രാലയത്തിൽ ജോലി ചെയ്തിരുന്ന ജയിംസ് നാട്ടിലെത്തിയ ശേഷമാണ് സംരംഭം തുടങ്ങിയത്.
ഗ്രാമിന് 600 വരെ
500 കിലോഗ്രാം വിത്താണ് 150 ചതുരശ്ര അടിയിൽ കൃഷി ചെയ്യുന്നത്. നൂറു കിലോയിൽ നിന്ന് നൂറ് ഗ്രാം കേസർ കിട്ടും. ഒരു ഗ്രാമിന് 500 മുതൽ 600 രൂപ വരെ ലഭിക്കും. ഡ്രയറിൽ പൂക്കൾ ഉണക്കിയശേഷം പൂവിനുള്ളിലെ കേസർ എടുക്കും. ഈ കേസറാണ് കുങ്കുമപ്പൂ എന്ന പേരിൽ വിൽക്കുന്നത്. കേസർ മാറ്റിയ ശേഷമുള്ള കുങ്കുമപ്പൂവ് ആയുർവേദ മരുന്ന് നിർമ്മാണത്തിന് ഉപയോഗിക്കാം. വയനാട്ടിലും ഇടുക്കി കാന്തല്ലൂരിലുമാണ് നിലിൽ കുങ്കുമപ്പൂ കൃഷി ചെയ്യുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |