SignIn
Kerala Kaumudi Online
Tuesday, 09 September 2025 4.05 AM IST

'മതമേതായാലും മനുഷ്യൻ നന്നായാൽ മതി'; ഇന്ന് ശ്രീനാരായണ ഗുരു ജയന്തി, നാടെങ്ങും ആഘോഷം

Increase Font Size Decrease Font Size Print Page
guru-devan

തിരുവനന്തപുരം; ഇന്ന് ശ്രീനാരായണ ഗുരു ജയന്തി. ലോകമെമ്പാടും ഗുരു ജയന്തി ആഘോഷങ്ങളും റാലികളും നടക്കുകയാണ്. അപരിഷ്കൃതമായ ജാതി വിവേചനങ്ങളും ആചാരാനുഷ്ഠാനങ്ങളും അന്ധവിശ്വാസങ്ങളും നടമാടിയിരുന്ന കേരളത്തിൽ ജ്ഞാനവും കരുണയും ആത്മീയതയും തത്വചിന്തയും ഭക്തിയും സാഹിത്യവും സ്നേഹവും നർമ്മവും ചേർന്ന ഔഷധം കൊണ്ട് സാമൂഹ്യപരിഷ്കരണത്തിന് വെളിച്ചം പകർന്ന മഹാമനീഷിയാണ് ശ്രീനാരായണ ഗുരുദേവൻ. സംഘർഷരഹിതമായ സാമൂഹ്യ വിപ്ളവത്തിനാണ് ഗുരു വഴി​യൊരുക്കി​യത്.

ഗുരുദേവൻ തെളിച്ച വഴിയിലൂടെയാണ് നവോത്ഥാന കേരളം രൂപംകൊണ്ടത്. ഒട്ടേറെ മഹത്തുക്കളായ ശിഷ്യരെയും ഗുരു വാർത്തെടുത്തു. ഒന്നു തിരിഞ്ഞു നോക്കിയാൽ കേരളത്തിന്റെ സാമൂഹിക പുരോഗതിക്ക് പിന്നിൽ ഗുരുദേവന്റെ അദൃശ്യ സാന്നിദ്ധ്യം ഇന്നും സുവ്യക്തമാണ്. ഗുരുദർശനം നമ്മുടെ എല്ലാ മേഖലകളി​ലും ചി​ന്താസരണി​കളി​ലും സ്വാധീനി​ക്കുന്നുമുണ്ട്. ആ പാദമുദ്രകൾ ഇന്നും സമൂഹത്തെ നയിക്കുന്നു. ഗുരു ചെമ്പഴന്തിയിൽ ജന്മമെടുക്കുമ്പോൾ കേരളം എല്ലാ അർത്ഥത്തിലും അജ്ഞാന തിമിരാന്ധകാരയുഗത്തിലായിരുന്നു.

ഈ ചെറിയ ഭൂപ്രദേശത്ത് ലോകത്തിനാകെ വെളിച്ചമാകുന്ന സന്ദേശങ്ങൾ പകർന്ന ഗുരുദേവനെ മലയാളികൾ ഇന്നും പൂർണമായും മനസിലാക്കിയിട്ടില്ലെന്നതാണ് ദൗർഭാഗ്യം. സംഘർഷാത്മകമായ ഇന്നത്തെ ലോകത്ത് ഗുരുദർശനം പരമപ്രധാനമാണ്. മനുഷ്യരാശിയെ ഒന്നാകെ ഗുരുവിന്റെ പാതയിലേക്കെത്തിക്കേണ്ട കാലവും അതിക്രമിച്ചു. ഗുരുദേവന്റെ ജീവി​തവും സന്ദേശവും മനുഷ്യരാശി​ക്ക് വേണ്ടി​യുള്ളതായി​രുന്നു.

sree-narayana-guru

കേരളത്തിൽ ഗുരുവിന്റെ പേരിൽ ഒരു പ്രധാനപ്പെട്ട സർക്കാർ സ്ഥാപനമായി ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി ആരംഭിച്ചതുതന്നെ അഞ്ചുവർഷം മുമ്പാണ്. പഠനസമ്പ്രദായങ്ങൾ അടിമുടി മാറുന്ന വരുംകാലങ്ങളിൽ ഈ യൂണിവേഴ്സിറ്റിക്ക് വലിയ പ്രാധാന്യം ലഭിക്കും. ഗുരുവിന്റെ സ്മരണയ്ക്ക് അർപ്പിക്കാവുന്ന ഏറ്റവും ഉചിതമായവയാണ് വിദ്യാലയങ്ങൾ. മതമേതായാലും മനുഷ്യൻ നന്നായാൽ മതി​യെന്ന് പറഞ്ഞ ഗുരുവി​ന്റെ മണ്ണി​ൽ മതചി​ന്തകൾക്കാണ് ഇന്നും പ്രാമുഖ്യം. അധികാര രാഷ്ട്രീയം മതമെന്ന കേന്ദ്രബി​ന്ദുവി​​ൽ ചുറ്റി​ക്കറങ്ങുകയാണ്.ആത്മീയമോക്ഷത്തിന് മതപരിവർത്തനം ആവശ്യമില്ലെന്നായിരുന്നു ഗുരു നമ്മെ പഠിപ്പിച്ചത്. അതുകൊണ്ടാണ് അന്യമതക്കാരായ സന്യസ്ഥശിഷ്യർക്ക് അതേ പേരിലും സംസ്കാരത്തിലും ഗുരുവിനൊപ്പം തുടരാനായത്.

ഗുരുദേവന്റെ ജനനം

തിരുവനന്തപുരം ചെമ്പഴന്തിയിലെ വയല്‍വാരം വീട്ടില്‍ മാടനാശാന്റെയും കുട്ടിയമ്മയുടെയും മകനായി 1856 ഓഗസ്റ്റ് 20നാണ് ഗുരുദേവൻ ജനിച്ചത്. വിവിധ ഗുരുക്കന്മാരുടെ കീഴില്‍ മലയാളം, തമിഴ്, സംസ്‌കൃതം ഭാഷകളില്‍ അറിവു നേടി. തര്‍ക്കം, വേദാന്തം, വ്യാകരണം തുടങ്ങിയവയെല്ലാം അദ്ദേഹം അഭ്യസിച്ചു. തിരികെ ഗ്രാമത്തിലെത്തിയ അദ്ദേഹം കുടിപ്പള്ളിക്കൂടം കെട്ടി, കുട്ടികളെ പഠിപ്പിച്ചു. വിവാഹം കഴിച്ചെങ്കിലും അദ്ദേഹം ഗൃഹസ്ഥാശ്രമിയായി തുടര്‍ന്നില്ല. ആയിടയ്ക്ക് അദ്ദേഹം കുഞ്ഞന്‍പിള്ളയുമായി (ചട്ടമ്പിസ്വാമികള്‍ എന്ന് പിന്നീടറിയപ്പെട്ടു) പരിചയപ്പെട്ടു. അദ്ദേഹം ആത്മീയ ആചാര്യനായ തൈക്കാട് അയ്യായെ പരിചയപ്പെടുത്തി. തൈക്കാട് അയ്യായുടെ കീഴില്‍ ഹഠയോഗം അഭ്യസിച്ചു. 1888ല്‍ ശ്രീനാരായണഗുരു അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ നടത്തി.

ആത്മീയ നവോത്ഥാനം ലക്ഷ്യമിട്ട് ഗുരുദേവൻ വിവിധസ്ഥലങ്ങളിൽ ക്ഷേത്രങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. തൃശൂർ, കണ്ണൂര്‍, അഞ്ചുതെങ്ങ്, തലശ്ശേരി, കോഴിക്കോട്, മംഗലാപുരം എന്നിവിടങ്ങളില്‍ അദ്ദേഹം പ്രതിഷ്ഠ നടത്തിയിട്ടുണ്ട്. 1913ൽ ആലുവയില്‍ അദ്വൈതാശ്രമം സ്ഥാപിച്ചു. അദ്ദേഹം രണ്ടുതവണ ശ്രീലങ്ക സന്ദർശിച്ചു. 'മനുഷ്യൻ എന്തിനാണ് വിശ്വാസത്തിന്റെ പേരിൽ അന്യോനം പൊരുതുന്നത്? അതുബുദ്ധിയുളളവരുടെ ലക്ഷണമല്ല'എന്ന ഗുരുവചനം ഇന്നത്തെ ലോകത്തിന്റെ ശ്രദ്ധയിൽ ശക്തമായി പതിയണം. അതിനുളള പ്രയത്നത്തിനാണ് ശ്രീനാരായണീയ സമൂഹം മുന്നിട്ടിറങ്ങേണ്ടത്.

TAGS: SREE NARAYANA GURU JAYANTHI, KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.