
പ്രമുഖ ആക്ടിവിസ്റ്റും മോഡലുമാണ് ദിയ സന. ബിഗ് ബോസ് മലയാളത്തിലൂടെയാണ് മലയാളികൾക്ക് ദിയ സന സുപരിചിതയായത്. ഇപ്പോഴിതാ സീസൺ ഏഴിലെ മത്സരാർത്ഥികളായ ലെസ്ബിയൻ കമിതാക്കൾ ആദിലയെയും നൂറയെയും പിന്തുണച്ചതിന്റെ പേരിൽ തനിക്ക് വധഭീഷണി നേരിടേണ്ടി വന്നിട്ടുണ്ടെന്ന വെളിപ്പെടുത്തലാണ് ദിയാ സന നടത്തിയിരിക്കുന്നത്. ഇരുവരുടെയും വിഷയത്തിൽ സ്വീകരിച്ച നിലപാടുകൾക്ക് താൻ നേരിട്ട വെല്ലുവിളികളെക്കുറിച്ചാണ് ദിയ സന തുറന്ന് പറയുന്നത്. മൈൽസ്റ്റോൺ മേക്കേഴ്സ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.
'പല കുടുംബങ്ങളിലും പോയി അവരുടെ മക്കളുടെ സെക്ഷ്വാലിറ്റിയെക്കുറിച്ച് പറഞ്ഞ് മനസിലാക്കി കുടുംബങ്ങളെ തിരുത്താൻ ഞങ്ങൾ ശ്രമിച്ചിട്ടുണ്ട്. പലപ്പോഴും മടലൊക്കെ എടുത്ത് അടി കിട്ടിയിട്ടുണ്ട്. ആദിലയുടെയും നൂറയുടെയും വീട് വരെ എത്താൻ പറ്റിയില്ല. പലയിടങ്ങളിൽ നിന്നും എനിക്ക് വധശ്രമം വരെ ഉണ്ടായി. ഫോൺ കോൾ വഴി ഭീഷണി വന്നു. അവരെ പിന്തുണയ്ക്കുന്നതിന്റെ പേരിൽ എന്നെ കൊന്നുകളയുമെന്ന ഭീഷണിയും ലഭിച്ചു. ബിഗ് ബോസ് സീസൺ ആരംഭിച്ചത് മുതൽ ആദിലയുടെയും നൂറയുടെയും കുടുംബവുമായി നേരിട്ടും അല്ലാതെയും ബന്ധപ്പെടാൻ ഞാൻ ശ്രമിച്ചിരുന്നു. എന്നാൽ ഒരു വിധത്തിലും കുടുംബം സഹകരിച്ചിരുന്നില്ല', -ദിയ സന പറഞ്ഞു.
ആദിലയും നൂറയും പുറത്തേക്ക് വന്ന ശേഷം അവർ തന്നെ അവരുടെ ജീവിതത്തെക്കുറിച്ച് സംസാരിക്കട്ടെ എന്ന് കരുതിയാണ് കൂടുതൽ കാര്യങ്ങളിലേക്ക് കടക്കാത്തതെന്നും ദിയ പറയുന്നു. എന്നാൽ, ഭീഷണിപ്പെടുത്തിയവരുടെ കുറച്ച് കോൾ റെക്കാർഡുകൾ എടുത്തു വച്ചിട്ടുണ്ടെന്നും ദിയ സന പറഞ്ഞു. അവർ ബിഗ് ബോസിൽ നിന്ന് പുറത്ത് വന്ന ശേഷം കേസ് കൊടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുമെന്നും ദിയ സന വ്യക്തമാക്കി. അതേസമയം മക്കളെ ഉപേക്ഷിക്കരുതെന്ന് ആദിലയുടെയും നൂറയുടെയും കുടുംബത്തോട് ദിയ അഭിമുഖത്തിലൂടെ അഭ്യർത്ഥന നടത്തുകയും ചെയ്തു.
'മക്കളെ ഉപേക്ഷിക്കരുത്. അവർ നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയസ്വത്താണ്. ഈ കുട്ടികൾ കൂടെയുണ്ടെങ്കിൽ നിങ്ങൾക്ക് എവിടെ വേണമെങ്കിലും എത്താൻ പറ്റും. അവർക്ക് അത്രയധികം കഴിവുണ്ട്. നമ്മൾ സപ്പോർട്ട് ചെയ്ത് കൊടുത്താൽ മാത്രം മതി. അവർ സമ്പാദിച്ചു കൊണ്ടു തരും. സമ്പാദ്യം മാത്രമല്ല, അവരുടെ സ്വഭാവഗുണവും ആത്മാർത്ഥതയും മാതാപിതാക്കൾ മനസിലാക്കണം' ദിയ സന കൂട്ടിച്ചേർത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |