
കൊച്ചി: തൊലി വെളുപ്പിക്കാനും പ്രായം മറയ്‌ക്കാനുമുള്ള ഗ്ലൂട്ടാത്തയോൺ കുത്തിവയ്‌പ് ജീവിതത്തിന് കെണിയാകുമെന്ന് സൂചന. പ്രതിശ്രുത വധൂവരന്മാരടക്കമാണ് ഗ്ലൂട്ടാത്തയോൺ ചികിത്സ നടത്തുന്നത്. ഇതിലൂടെ അലർജി മുതൽ അവയവത്തകരാർ വരെയുണ്ടാകുമെന്നാണ് ആരോഗ്യ വിദഗ്ദ്ധരുടെ മുന്നറിയിപ്പ്.
ആന്റി ഓക്‌സിഡന്റായ ഗ്ലൂട്ടാത്തയോൺ ശരീരത്തിൽ ഉത്പാദിപ്പിക്കുന്നുണ്ട്. കൃത്രിമ ഗ്ലൂട്ടാത്തയോൺ അധികമായി നൽകിയാണ് തൊലി വെളുപ്പിനും ചുളിവുകൾ കുറയ്‌ക്കാനും ശ്രമിക്കുന്നത്. ഇത് ഉള്ളിലെത്തിയാൽ ചർമ്മത്തിന് സ്വാഭാവിക നിറം നൽകുന്ന മെലാനിന്റെ ഉത്പാദനം കുറയും. ക്രമേണ വെളുപ്പും മിനുപ്പും രൂപപ്പെടും. ചർമ്മകാന്തി നിലനിറുത്താൻ ചികിത്സ തുടരുന്നതോടെ പാർശ്വഫലം തലപൊക്കും.
ഗ്ലൂട്ടാത്തയോൺ ഇൻജക്‌ഷൻ പായ്‌ക്കും ഗുളികയും വിപണിയിലുണ്ട്. ഗുളികകളുടെ ഉപയോഗം അംഗീകരിച്ചിട്ടുണ്ട്. കുത്തിവയ്പ് പരീക്ഷണ ഘട്ടത്തിലാണ്. 'ഇൻസ്റ്റന്റ് സ്‌കിൻ വൈറ്റനിംഗ്" എന്ന പ്രചാരണം കാരണം ഇൻജക്‌ഷനാണ് പ്രിയം. ഡ്രിപ്പിടുന്നതിന് സമാനമായാണ് പ്രയോഗം. ചർമ്മരോഗ വിദഗ്ദ്ധരുടെ കർശന മേൽനോട്ടത്തിലാകണം ചികിത്സ. എന്നാൽ, ബ്യൂട്ടി തെറാപ്പിസ്റ്റുകളും കുത്തിവയ്പ് നൽകുന്നുണ്ട്.
ആഴ്ചയിൽ രണ്ട് കുത്തിവയ്പ്
ആളുടെ നിറമനുസരിച്ച് 600, 1200 മില്ലിഗ്രാം ഡോസുകളാണ് നൽകുന്നത്. ആഴ്ചയിൽ ഒന്നോ രണ്ടോ കുത്തിവയ്പ് ശുപാർശ ചെയ്യാറുണ്ടെന്ന് ഡോക്ടർമാർ പറയുന്നു. ആവശ്യക്കാരോട് പാർശ്വഫലങ്ങളെപ്പറ്റി പറയാറുണ്ടെന്നാണ് അവകാശവാദം. എന്നാൽ ഇത് വലിയ ബിസിനസായി മാറിയിരിക്കുകയാണ്.
അവയവ തകരാറും അമിതവണ്ണവും
ഗുളികകൾക്ക് ഓക്കാനം പോലുള്ള പാർശ്വഫലങ്ങളാണെങ്കിൽ കുത്തിവയ്ക്കുന്നവർക്ക് വയറുവേദന സാധാരണമാണ്. ഇൻജക്‌ഷൻ അമിതഡോസും ചികിത്സയിലെ അശാസ്ത്രീയതയും അമിത വണ്ണത്തിനും അവയവ തകരാറിനും കാരണമായേക്കാം. സൂപ്പർ മോഡൽ ഷെഫാലി ജാരിവാല ഹൃദയസ്തംഭനത്തിൽ മരിച്ചപ്പോൾ ഗ്ലൂട്ടാത്തയോൺ ചികിത്സയുടെ ദൂഷ്യവശങ്ങൾ ചർച്ചയായിരുന്നു.
ഇൻജക്‌ഷൻ ഒരു ഡോസ്: 5000 രൂപ വരെ
ഗുളിക (ഒന്നിന്): 100 രൂപ വരെ
ഗ്ലൂട്ടാത്തയോൺ കൂട്ടാൻ കാബേജും ചീരയും
ഗ്ലൂട്ടാത്തയോൺ ഉദ്പാദനത്തിന് സഹായിക്കുന്ന കാബേജ്, ചീര, അവക്കാഡോ തുടങ്ങിയവ ശീലമാക്കുന്നതാണ് തെറാപ്പിയേക്കാൾ നല്ലത്. കരളിലും കോശങ്ങളിലും ഇത് ഉത്പാദിപ്പിക്കുന്നു. മൂന്ന് അമിനോ ആസിഡുകളുടെ സങ്കലനം. ശരീരത്തിലെത്തുന്ന മലിനമായ കണികകളെ നിർവീര്യമാക്കും. കോശങ്ങളുടെ പ്രതിരോധ ശേഷി നിലനിറുത്തും. സൂര്യാഘാതത്തിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |