തിരുവനന്തപുരം: ദീർഘ ശബ്ദസന്ദേശത്തെ പ്രിന്റ് രൂപത്തിലുള്ള ഹ്രസ്വ സന്ദേശങ്ങളാക്കുന്ന സംവിധാനവുമായി വാട്ട്സ്ആപ്പ്. ശബ്ദ സന്ദേശത്തിന്റെ ആശയം ഗ്രഹിച്ച് സാരംശം പ്രിന്റ് രൂപത്തിലാക്കും. നിർമ്മിത ബുദ്ധിയിലാണ് സംവിധാനം പ്രവർത്തിക്കുന്നത്. 'ട്രാൻസ്ക്രൈബ്" എന്ന സംവിധാനം ഐഫോൺ, ആൻഡ്രോയ്ഡ് ഫോണുകളിലെത്തിത്തുടങ്ങി. ഇത് കേൾവിപരിമിതർക്കടക്കം സഹായകമാകും. എന്നാൽ ഓഡിയോ റെക്കാഡിംഗ് ട്രാൻസ്ക്രൈബാക്കാനാകില്ല. ഇംഗ്ലീഷ്, സ്‌പാനിഷ്, പോർച്ചുഗീസ്, റഷ്യൻ എന്നീ ഭാഷകളിലാണ് സേവനമുള്ളത്. മാതൃഭാഷകളിലും വൈകാതെ സേവനം ലഭ്യമാകും.
ഒറ്റയടിക്ക് എല്ലാ മെസേജുകളും 'സീൻ"ആക്കുന്ന 'റെഡ്" ഫീച്ചറും വാട്ട്സ്ആപ്പ് കൊണ്ടുവന്നു. വാട്ട്സ്ആപ്പ്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നിവയുടെ മാതൃകമ്പനിയായ മെറ്റ വിപണിയിൽ ഏകാധിപത്യ പ്രവണത സൃഷ്ടിക്കുന്നുവെന്ന കേസ് നേരിടുകയാണ്. മെറ്റാ സി.ഇ.ഒ മാർക്ക് സക്കർബർഗ് ഫെഡറൽ ട്രെയ്ഡ് കമ്മിഷനിൽ വിചാരണ നേരിടുന്നുമുണ്ട്. ഇതിനിടെയാണ് ട്രാൻസ്ക്രൈബ് അടക്കമുള്ള ഫീച്ചറുകൾ പുറത്തിറക്കിയത്. പുത്തൻ ഫീച്ചറുകളെത്തിയതോടെ രാജ്യത്ത് വാട്ട്ആപ്പിന്റെ പ്രതിദിന ഉപഭോക്താക്കൾ വർദ്ധിച്ചു. വർഷാവസാനത്തോടെ ഉപഭോക്താക്കൾ 800 ദശലക്ഷമാകുമെന്നാണ് സൂചന.
ഗ്രൂപ്പുകൾ തലവേദനയല്ല
ഗ്രൂപ്പുകളിലെ ആശയവിനിമയം കാര്യക്ഷമമാക്കാൻ ആരൊക്കെ ഓൺലൈനാണെന്ന് കാണിക്കുന്ന സംവിധാനവും ഉടനെത്തും. ഗ്രൂപ്പുകളിൽ ആവശ്യമുള്ള മെസേജുകൾ മാത്രം ലഭിക്കാനും സംവിധാനമുണ്ട്. പരിധിയില്ലാതെ മെസേജുകൾ ലഭിക്കുന്നതോടെ പലരും ഗ്രൂപ്പുകളിൽ നിന്ന് പുറത്തുപോയിരുന്നു. ഇതേത്തുടർന്നാണ് പുത്തൻ സംവിധാനമൊരുക്കിയത്. മെൻഷൻ ചെയ്യുന്നതും തങ്ങളുമായി ബന്ധപ്പെട്ടതുമായ സന്ദേശങ്ങൾ മാത്രം കാണാനും സൗകര്യമൊരുങ്ങും. ഡോക്യുമെന്റുകൾ സ്കാൻ ചെയ്യാനും അവസരമൊരുക്കും. ആദ്യഘട്ടത്തിൽ ഐഫോൺ ഉപഭോക്താക്കൾക്കായിരിക്കും ഈ സൗകര്യമെത്തുക. കൂടാതെ വീഡിയോ കാളുകൾക്കിടയിൽ ചിത്രം സൂം ചെയ്യാനും ക്ലാരിറ്റി ലഭിക്കാനും അവസരമൊരുങ്ങും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |