SignIn
Kerala Kaumudi Online
Saturday, 27 April 2024 4.35 AM IST

കാർസ് ഒഫ് 2022: പുതുവർഷത്തിൽ പിറക്കുന്ന പുതിയ കാറുകൾ

carens

ആഗോളതലത്തിൽ തന്നെ വാഹന വിപണിക്ക് കനത്ത നിരാശ സമ്മാനിച്ച വർഷമാണ് വിടപറയാൻ പടിവാതിലിൽ നിൽക്കുന്നത്. കൊവിഡ് ആഞ്ഞുവീശിയെങ്കിലും വാഹന വിപണിയെ വലച്ചത് ഡിമാൻഡ് ഇല്ലായ്മയല്ല, മറിച്ച് മികച്ച ഡിമാൻഡുണ്ടായിട്ടും അതിനൊത്ത് വാഹനങ്ങൾ വിപണിയിൽ എത്തിക്കാൻ കഴിഞ്ഞില്ലെന്നതാണ്. മൈക്രോചിപ്പ് (സെമികണ്ടക്‌ടർ) ക്ഷാമമാണ് തിരിച്ചടിയായത്.

നിലവിൽ പുറത്തിറങ്ങുന്ന ഒട്ടുമിക്ക വാഹനങ്ങളിലെയും നിർമ്മാണത്തിലെ നിർണായകഘടകമാണ് ചിപ്പുകൾ. ഇന്ത്യ ഇത് പൂർണമായും ഇറക്കുമതി ചെയ്യുകയാണ്. കൊവിഡിൽ ചിപ്പ് നിർമ്മാണം കുറഞ്ഞതാണ് വാഹന വില്പനയെ തളർത്തിയത്. എന്നാൽ, പുതുവർഷത്തിൽ പ്രതിസന്ധി അകലുമെന്നും വിപണി വീണ്ടും ഉണർവിന്റെ ട്രാക്കിൽ ചീറിപ്പായുമെന്നും വാഹനക്കമ്പനികൾ പ്രതീക്ഷിക്കുന്നു. 2022ലും ഉപഭോക്താക്കളെ ത്രസിപ്പിക്കാൻ ഒട്ടേറെ മോഡലുകളാണ് കാത്തുനിൽക്കുന്നത്. അവയിൽ ശ്രദ്ധേയമായവയെ പരിചയപ്പെടാം:

 ടൊയോട്ട ഹൈലക്‌സ്

ടൊയോട്ട ജനുവരിയിൽ ഇന്ത്യയിലെത്തിക്കുമെന്ന് പ്രതീക്ഷിക്കുന്ന പിക്കപ്പ് ട്രക്കാണ് ഹൈലക്‌സ്. ഇന്നോവ ക്രിസ്‌റ്റ, ഫോർച്യൂണർ എന്നിവയുടെ പ്ളാറ്റ്‌ഫോമിലാണ് ഹൈലക്‌സിനെയും ഒരുക്കുന്നത്. ബേസ് മോഡലിന് ഇന്നോവയുടെ 2.4 ലിറ്റർ ഡീസൽ എൻജിനും ടോപ് മോഡലിന് ഫോർച്യൂണറിന്റെ 2.8 ലിറ്റർ ഡീസൽ എൻജിനും പ്രതീക്ഷിക്കാം. മാനുവൽ, ഓട്ടോമാറ്റിക് ഗിയർ സംവിധാനങ്ങളുമുണ്ടാകും. ഇസുസു ഡി-മാക്‌സ് വി-ക്രോസാണ് വിപണിയിലെ എതിരാളി. 30 ലക്ഷം രൂപയ്ക്കടുത്ത് വില പ്രതീക്ഷിക്കാം.

 കിയ കാരെൻസ്

ദക്ഷിണ കൊറിയൻ ബ്രാൻഡായ കിയ അവതരിപ്പിക്കുന്ന 7-സീറ്റർ ഫാമിലി കാറാണ് കാരെൻസ്. സെൽറ്റോസ് പ്ളാറ്റ്‌ഫോമിലാണ് നിർമ്മാണം. എസ്.യു.വി വിഭാഗത്തിലെത്തിയ സെൽറ്റോസിന്റെ മികവുകളോടെയുള്ള എം.പി.വി മോഡലെന്ന് കാരെൻസിനെ വിശേഷിപ്പിക്കാം.

1.5 ലിറ്റ‌ർ പെട്രോൾ, 1.4 ലിറ്റർ ടർബോ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എൻജിനുകളുണ്ടാകും. ആറ് എയർബാഗുകൾ, രണ്ടുംമൂന്നും നിരസീറ്റുകൾക്കും പ്രത്യേക എ.സി വെന്റുകൾ, ഫ്രണ്ട് വെന്റിലേറ്റഡ് സീറ്റുകൾ, മികച്ച ടച്ച്സ്‌ക്രീൻ സംവിധാനം, ഡിജിറ്റൽ ഇൻസ്‌ട്രുമെന്റ് ക്ളസ്‌റ്റർ‌ തുടങ്ങിയ മികവുകളുമുണ്ട്.

 സ്‌കോഡ സ്ളാവിയ

ചെക്ക് റിപ്പബ്ളിക്കൻ ബ്രാൻഡായ സ്‌കോഡ, സെഡാൻ ശ്രേണിയിലെ 'രാജാവ്" എന്ന പെരുമയോടെ അവതരിപ്പിക്കുന്ന പുത്തൻ മോഡലാണ് സ്ളാവിയ. സ്‌കോഡ റാപ്പിഡിന്റെ പിൻഗാമിയായി എത്തുന്ന പുത്തൻ സ്ളാവിവയെ അടുത്തി വിപണിയിലെത്തിച്ച് വൻ വില്പന സ്വന്തമാക്കിയ എസ്.യു.വിയായ കുഷാക്കിന്റെ പ്ളാറ്റ്‌ഫോമിൽ ഇന്ത്യയിലാണ് സ്‌കോഡ നിർമ്മിക്കുന്നത്.

1.0 ലിറ്റർ ടി.എസ്.ഐ., 1.5 ലിറ്റർ പെട്രോൾ എൻജിനുകളാണ് ഉണ്ടാവുക. മാനുവൽ, ഓട്ടോമാറ്റിക് പതിപ്പുകളിലും ലഭ്യമാകും. പത്ത് ഇഞ്ച് ടച്ച്‌സ്‌ക്രീൻ, സമ്പൂർ‌ണ ഡിജിറ്റൽ ഇൻസ്‌ട്രുമെന്റ് ക്ളസ്‌റ്റർ, വെന്റിലേറ്റഡ‌് ഫ്രണ്ട് സീറ്റുകൾ എന്നിങ്ങനെ മികവുകളും പ്രതീക്ഷിക്കാം. ഹോണ്ട സിറ്റി, ഹ്യുണ്ടായ് വെർണ, മാരുതി സിയസ് എന്നിവയാണ് എതിരാളികൾ.

 സിട്രോൺ സി3

ഫ്രഞ്ച് കമ്പനിയായ സിട്രോൺ ഇന്ത്യയിലിറക്കിയ പ്രഥമ മോഡലായ സി5 എയർക്രോസിന്റെ കുഞ്ഞനിയനെന്ന് വിശേഷിപ്പിക്കാവുന്ന മോഡലാണ് സി3. കമ്പനി ഇന്ത്യയിൽ നിർമ്മിക്കുന്ന ആദ്യ മോഡലെന്ന പെരുമയും ഈ സബ്-4 മീറ്റർ കോംപാക്‌റ്റ് എസ്.യു.വിക്കുണ്ട്.

തികച്ചും വേറിട്ടതായ രൂപകല്‌പന, സ്‌പ്ളിറ്റ് എൽ.ഇ.ഡി ഹെഡ്‌ലാമ്പ്, ഡ്യുവൽ ടോൺ എക്‌സ്‌റ്റീരിയർ കളറുകൾ, ഫ്രീ സ്‌റ്റാൻഡിംഗ് ടച്ച് സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സംവിധാനം, 315 ലിറ്റർ ബൂട്ട്‌സ്‌പേസ് എന്നിവ പ്രതീക്ഷിക്കാം. മാനുവൽ, ഓട്ടോമാറ്റിക് ശ്രേണിയിൽ 1.2 ലിറ്റർ പെട്രോൾ എൻജിനാണുണ്ടാവുക. നിസാൻ മാഗ്‌നൈറ്റ്, ടാറ്റാ പഞ്ച് എന്നിവയാണ് എതിരാളികൾ.

 റെനോ ട്രൈബർ

സബ് 4-മീറ്റർ എം.പി.വിയായ ട്രൈബറിന് 1.0 ലിറ്റർ ടർബോ പെട്രോൾ എൻജിൻ പെരുമ നൽകി റെനോ അവതരിപ്പിക്കുന്ന മോഡലാണ് ട്രൈബർ ടർബോ. 5.50 ലക്ഷം മുതൽ 7.95 ലക്ഷം രൂപവരെ റേഞ്ചിലാണ് ട്രൈബർ ലഭിക്കുന്നത്. ടർബോ പതിപ്പിനും വില ഇതുതന്നെയാകാനാണ് സാദ്ധ്യത. ഡാറ്റ്‌സൺ ഗോ, മാരുതി സ്വിഫ്‌റ്റ്, ഹ്യുണ്ടായ് ഗ്രാൻഡ് ഐ10 നിയോസ്, മാരുതി എർട്ടിഗ എന്നിവയാണ് സമാന വിലശ്രേണിയിലുള്ള എതിരാളികൾ.

 മാരുതി ജിംനി

2020 ഓട്ടോ എക്‌സ്‌പോയിൽ മാരുതി സുസുക്കി പരിചയപ്പെടുത്തിയ താരമാണ് ജിംനി. എന്നാൽ, ജിംനിയെ എന്ന് വിപണിയിലെത്തിക്കുമെന്ന് ഇനിയും മാരുതി വ്യക്തമാക്കിയിട്ടില്ല. പക്ഷേ, 2022ന്റെ തുടക്കത്തിൽ ലോഞ്ചിംഗ് ഉണ്ടാകുമെന്നാണ് സൂചനകൾ. ഇന്ത്യയിൽ നിർമ്മിച്ച് വിദേശ വിപണിയിൽ വിൽക്കുന്ന 3-ഡോർ മോഡലല്ല, 5-ഡോർ പതിപ്പായിരിക്കും ഇന്ത്യൻ നിരത്തിലെത്തുക.

മാരുതി നേരത്തേ വിപണിയിലിറക്കിയ ജിപ്‌സിക്ക് വൻ പ്രിയം ലഭിച്ചിരുന്നു. തുടർന്ന് മാരുതിയുടെ സമാന മോഡലിനായി ഇന്ത്യക്കാർ കാത്തിരിക്കാൻ തുടങ്ങിയിട്ട് നാളേറെയായി. ഈ പരിഭവം മാറ്റാനെത്തുന്ന ജിംനി കോംപാക്‌റ്റ് എസ്.യു.വിക്ക് 1.5 ലിറ്റർ പെട്രോൾ എൻജിൻ പ്രതീക്ഷിക്കാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, DRIVERS CABIN
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.