ഒരു ഇലക്ട്രിക് കാർ വാങ്ങുമ്പോൾ നമ്മൾ ആദ്യം നോക്കുക ഒറ്റ ചാർജിൽ എത്ര കിലോ മീറ്റർ സഞ്ചരിക്കും എന്നാണ്. കിലോ മീറ്റർ റേഞ്ചും വിലയും ഒക്കുകയാണെങ്കിൽ ഇന്നത്തെ കാലത്ത് ഇലക്ട്രിക് കാർ തന്നെയാണ് റോഡിലോടിക്കുന്നതിന് ലാഭം. റേഞ്ച് കൂടുതൽ ലഭിക്കുന്ന വാഹനത്തിന് ഇന്ന് വലിയ വിലയും നൽകേണ്ടി വരും. എന്നാൽ പത്ത് ലക്ഷം രൂപയ്ക്ക് താഴെ വിലയിൽ 400ൽ കൂടുതൽ കിലോ മീറ്റർ റെയ്ഞ്ച് കിട്ടുന്ന ഒരു കാർ വിപണിയിൽ ഇറങ്ങിയാൽ നിങ്ങൾ സ്വന്തമാക്കുമോ?
അങ്ങനെ ഒരു കാറിനെ കുറിച്ചുള്ള ചർച്ചയാണ് ഇപ്പോൾ വാഹനലോകത്ത് ചർച്ചയാകുന്നത്. ചൈനീസ് വാഹന ലോകത്തെ പ്രമുഖ നിർമ്മാതാക്കളായ ചെറി ന്യൂ എനർജിയാണ് ഇങ്ങനെ ഒരു സവിശേഷതയുമായി ഇലക്ട്രിക് കാർ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത്. 'ലിറ്റിൽ ആന്റ്' എന്ന പേരിൽ പുറത്തിറങ്ങിയ ഈ കാർ കാണാനും ഒരു ഉറുമ്പിനെ പോലെയാണ്. 8.92 ലക്ഷം രൂപയ്ക്ക് ലഭിക്കുന്ന ഈ കാർ ഒറ്റ ചാർജിൽ 408 കിലോ മീറ്റർ വരെ സഞ്ചരിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.
'ക്ലാസിക് ലിറ്റിൽ ആന്റ്' എന്ന വാഹനത്തിന്റെ അപ്‌ഡേറ്റഡ് വേർഷനാണ് ലിറ്റിൽ ആന്റ്. പ്രൗഡിയോടെയുള്ള ഇന്റീരിയർ അടക്കം ഒട്ടേറെ സവിശേഷതകളാണ് ലിറ്റിൽ ആന്റിനുള്ളത്. ഇനി ബാറ്ററിയുടെ കാര്യങ്ങൾ നോക്കിയാൽ, മൂന്ന് ബാറ്ററി ഒപ്ഷണലുകളാണുള്ളത്. അടിസ്ഥാന മോഡലിൽ 25.05 കിലോ വാട്ട് ബാറ്ററിയാണുള്ളത്. ഈ മോഡൽ 251 കിലോ മീറ്റർ റേഞ്ച് ഉറപ്പാക്കും. രണ്ടാമത്തെ മോഡൽ 28.86 കിലോ വാട്ട് ബാറ്ററിയിലും 29.23 കിലോ വാട്ട് ബാറ്ററിയിൽ പുറത്തിറങ്ങും. ഇവ 301 കിലോ മീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്നു.
ചെറിയുടെ ഏറ്റവും ഉയർന്ന മോഡലിൽ 40.3 കിലോ വാട്ട് ബാറ്ററിയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ടെർനറി ലിഥിയം ബാറ്ററി ഉൾപ്പെടുത്തിയ ഈ മോഡൽ 408 കിലോ മീറ്റർ റേഞ്ചാണ് അവകാശപ്പെടുന്നത്. മികച്ച പവർ നൽകുന്ന ഈ മോഡലിന് 76 ബിഎച്ച്പി പവറും 150 എൻഎം ടോർക്കും നൽകുന്ന ഉയർന്ന മോട്ടറാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഈ വാഹനത്തിന് ഇന്ത്യൻ രൂപ കണക്കാക്കിയാൽ 8.92 ലക്ഷം മുതൽ 9.49 ലക്ഷം രൂപ വരെ നൽകേണ്ടി വരും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |