
തിരുവന്തപുരം: കേരളത്തിൽ ജനിച്ചതാണെന്ന് തെളിയിക്കാനുള്ള ആധികാരിക രേഖയായി എല്ലാവർക്കും ഫോട്ടോ പതിച്ച സ്ഥിരം നേറ്റിവിറ്റി കാർഡ് നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. സർക്കാരിന്റെ എല്ലാ സേവനങ്ങളും ലഭിക്കാൻ പ്രയോജനപ്പെടുത്താം. ഇടയ്ക്കിടെ വാങ്ങേണ്ടിവരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റിന് പകരമായാണിത്.
അതേസമയം, വോട്ടർ പട്ടികയിലെ 24 ലക്ഷത്തോളം പേർ ത്രിശങ്കുവിലായ പശ്ചാത്തലത്തിലാണ് നടപടിയെന്നത് രാഷ്ട്രീയശ്രദ്ധ ആകർഷിക്കുന്നു.
നേറ്റിവിറ്റി കാർഡിന് പൗരത്വവുമായി ബന്ധമില്ലെന്നും പൗരത്വ ഭേദഗതി പ്രശ്നത്തിലെ ആശങ്കകൾക്കുള്ള പ്രതിരോധമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ വിശദീകരിച്ചു.
ഒരാളും പുറന്തള്ളപ്പെടുന്ന അവസ്ഥ വരാതിരിക്കാനാണ് നേറ്റിവിറ്റി കാർഡ് നൽകുന്നത്. ആധാർ ഉണ്ടായിട്ടും നാട്ടിൽ ഭീതി നിലനിൽക്കുന്നതിനാൽ ഭാരതീയനെന്നും കേരളീയനെന്നും തെളിയിക്കാനുള്ള രേഖ ആവശ്യമാണ്. കാർഡ് വിതരണത്തിന് കേന്ദ്രാനുമതി ആവശ്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
തഹസിൽദാർക്കാണ് വിതരണ ചുമതല. നേരത്തെ നിശ്ചയിച്ച റവന്യു കാർഡിനു പുറമേയാണിത്. കാർഡിന് നിയമ പ്രാബല്യം നൽകുന്നതിനുള്ള കരട് നിയമ വകുപ്പുമായി കൂടിയാലോചിച്ച് മന്ത്രിസഭയുടെ പരിഗണനയ്ക്ക് സമർപ്പിക്കാൻ റവന്യു വകുപ്പിനെ ചുമലതലപ്പെടുത്തി.
എന്തുകൊണ്ട് കാർഡ്
വ്യക്തിയുടെ ജനനവും ദീർഘകാല താമസവും തെളിയിക്കുന്ന രേഖയാണ് നേറ്റിവിറ്റി സർട്ടിഫിക്കറ്റ്. എന്നാൽ, അത് നിയമ പ്രാബല്യമുള്ള രേഖയല്ല. ഓരോ ആവശ്യങ്ങളുമായി ബന്ധപ്പെട്ട് പല പ്രാവശ്യം നേറ്റിവിറ്റി സർട്ടിഫിക്കറ്റ് വാങ്ങേണ്ടിവരുന്നു.
കാർഡ് ഈ പ്രശ്‌നങ്ങൾക്ക് പരിഹാരമാകും.
``സ്വന്തം അസ്തിത്വം തെളിയിക്കാൻ ജനങ്ങൾ പ്രയാസമനുഭവിക്കേണ്ടിവരുന്ന ദുരവസ്ഥ ആശങ്കാജനകമാണ്. അനായാസം തെളിയിക്കാൻ ആധികാരികവും നിയമ പിൻബലമുള്ളതുമായ രേഖ ആവശ്യമാണ്.``
-മുഖ്യമന്ത്രി പിണറായി വിജയൻ
വെള്ളാപ്പള്ളിയെ കാറിൽ
കയറ്റിയതിൽ തെറ്റില്ല
പമ്പയിൽ ആഗോള അയ്യപ്പ സംഗമത്തിന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സ്വന്തം കാറിൽ കയറ്റിയതിൽ ഒരു തെറ്റുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പരിപാടി നടക്കുന്നതിന് കുറച്ച് അകലെയായിരുന്നു താമസസ്ഥലം. അവിടെ വെള്ളാപ്പള്ളി കാണാനെത്തി. രണ്ടുപേരും ഒരുമിച്ചാണിറങ്ങിയത്. ഞാൻ കാറിൽ കയറിയപ്പോൾ അദ്ദേഹവും കയറി. തൊട്ടുകൂടാനാവാത്ത വ്യക്തിയല്ല വെള്ളാപ്പള്ളി. സമാന പ്രായക്കാരോ അദ്ദേഹം അൽപ്പം മുതിർന്നയാളോ ആണ്. അതിനാൽ ആദരിക്കാൻ തയ്യാറായി.
"സിംഗിൾ ബെഞ്ച് വിമർശിച്ചത്
ദേവസ്വം ബെഞ്ചിനെയോ"
ശബരിമല സ്വർണക്കൊള്ളക്കേസിൽ സിംഗിൾബഞ്ചിന്റെ രൂക്ഷവിമർശനം കേസ് സ്ഥിരമായി പരിഗണിക്കുന്ന ദേവസ്വം ഡിവിഷൻ ബഞ്ചിനെതിരെയാണോ അന്വേഷിക്കുന്ന എസ്.ഐ.ടിക്കെതിരെയാണോ എന്ന് ഹൈക്കോടതി പരിശോധിക്കണമെന്ന് മുഖ്യമന്ത്രി. അന്വേഷണം കൃത്യമായി നടക്കുന്നെന്നാണ് ദേവസ്വം ബെഞ്ച് വിലയിരുത്തിയത്. നെഗറ്റീവായ പരാമർശം നടത്തിയിട്ടില്ല. എൻ. വാസുവിന്റെ ജാമ്യാപേക്ഷ പരിഗണിക്കവേയായിരുന്നു സിംഗിൾ ബഞ്ച് വിമർശനം. ദേവസ്വം ബഞ്ചിന് മുന്നിലാണ് കേസിന്റെ കാര്യങ്ങളും അന്വേഷണ വിവരങ്ങളുമുള്ളത്. ജാമ്യവുമായി ബന്ധപ്പെട്ടാണ് ജഡ്ജി നടത്തിയ പരാമർശം. ഇത് എസ്.ഐ.ടിയെ ബാധിക്കില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |