കൊച്ചി: വില്പനമാന്ദ്യം, മൈക്രോചിപ്പ് ക്ഷാമം, ഉത്പാദനക്കുറവ്, വിലവർദ്ധന, പലിശനിരക്ക് വർദ്ധന, സാമ്പത്തികഞെരുക്കം, വിതരണശൃംഖലയിലെ തടസം എന്നിങ്ങനെ നിരവധി വെല്ലുവിളികളെയാണ് കൊവിഡാനന്തരം ഇന്ത്യൻ വാഹനവിപണി നേരിട്ടത്.
● എന്നാൽ, ഇവയെല്ലാം തട്ടിയകറ്റി 2022ൽ എക്കാലത്തെയും ഉയർന്ന വില്പനക്കണക്ക് കുറിച്ചിടാൻ ആഭ്യന്തര വാഹന റീട്ടെയിൽ വിപണിക്ക് കഴിഞ്ഞു. ഇപ്പോഴിതാ, പുതുവർഷത്തിലെ ആദ്യമാസത്തിലും നേട്ടക്കുതിപ്പ് തുടരുകയാണ് വിപണി.
● ജനുവരിയിൽ എല്ലാവിഭാഗം വാഹനശ്രേണികളും മികച്ച നേട്ടം കുറിച്ചെന്ന് ഡീലർമാരുടെ കൂട്ടായ്മയായ ഫെഡറേഷൻ ഒഫ് ഓട്ടോമൊബൈൽ ഡീലേഴ്സ് അസോസിയേഷൻസ് (ഫാഡ) വ്യക്തമാക്കുന്നു.
● എല്ലാ ശ്രേണി കളിലുമായി 18.26 ലക്ഷം പുതിയവാഹനങ്ങളാണ് കഴിഞ്ഞമാസം നിരത്തിലെത്തിയത്. 2022 ജനുവരിയിലെ 16.08 ലക്ഷം യൂണിറ്റുകളേക്കാൾ 13.56 ശതമാനം അധികമാണിത്.
● അതേസമയം, കൊവിഡിന് മുമ്പത്തെ, അതായത് 2020 ജനുവരിയെ അപേക്ഷിച്ച് മൊത്തം വാഹനവില്പന ഇപ്പോഴും 8 ശതമാനം കുറവാണ്. ഗ്രാമീണസമ്പദ്വ്യവസ്ഥ കൂടി കരകയറിയാൽ ഈ പ്രതിസന്ധിയും മറികടക്കാനാകുമെന്ന് ഫാഡ വിലയിരുത്തുന്നു.
കേരളത്തിൽ ഓട്ടോറിക്ഷ
കേരളത്തിൽ കഴിഞ്ഞമാസം റീട്ടെയിൽ വാഹനവിപണി പോയത് പിന്നോട്ട്. ആകെ വളർച്ചകുറിച്ചത് ഓട്ടോറിക്ഷാ വിപണിമാത്രം. ടൂവീലർ വില്പന 6.46 ശതമാനം, വാണിജ്യവാഹനം 6.05 ശതമാനം, കാറും വാനും എസ്.യു.വിയും ഉൾപ്പെടുന്ന പാസഞ്ചർ വാഹന (പി.വി) വിഭാഗം 6.56 ശതമാനം എന്നിങ്ങനെ നഷ്ടം കുറിച്ചു.
● 38.51 ശതമാനമാണ് ട്രാക്ടർ വില്പന രേഖപ്പെടുത്തിയ ഇടിവ്. ത്രീവീലർ വില്പന 53.58 ശതമാനം ഉയർന്നു. എല്ലാ ശ്രേണികളിലുമായി ആകെ ഇടിവ് 5.21 ശതമാനം.
● 42,746 ടൂവീല റുകളാണ് കഴിഞ്ഞമാസം പുതുതായി കേരളത്തിന്റെ നിരത്തിലെത്തിയത്. 2022 ജനുവരിയിൽ വില്പന 45,697 എണ്ണമായിരുന്നു. വാണിജ്യവാഹന വില്പന 2,362ൽ നിന്ന് 2,219ലേക്കും ട്രാക്ടർ വില്പന 174ൽ നിന്ന് 107ലേക്കും ഇടിഞ്ഞു.
● 16,357 കാറുകളാണ് പുതുതായി വിറ്റഴിഞ്ഞത്. 2022 ജനുവരിയിൽ കേരളീയർ 17,506 പുത്തൻ കാറുകൾ റോഡിലിറക്കിയിരുന്നു. എല്ലാ ശ്രേണികളിലുമായി ആകെ വിറ്റഴിഞ്ഞ വണ്ടികൾ 67,247ൽ നിന്ന് 63,745 ആയും കുറഞ്ഞു.
മാരുതിയാണ് താരം
ജനുവരിയിലെ മൊത്തം ദേശീയതല മൊത്തവില്പന കണക്കെടുത്താൽ മാരുതി സുസുക്കി തന്നെയാണ് പാസഞ്ചർ വാഹനങ്ങളിൽ മുന്നിട്ടുനിൽക്കുന്നത്.
● ആകെ 2,98,093 പുത്തൻ വാഹനങ്ങൾ കഴിഞ്ഞമാസം ഫാക്ടറിയിൽ നിന്ന് ഡീലർഷിപ്പുകളിലേക്കെത്തി. 2022 ജനുവരിയിൽ 2,54,287 യൂണിറ്റുകളായിരുന്നു. കഴിഞ്ഞമാസത്തെ മൊത്തം മൊത്തവില്പനയിൽ (ഹോൾസെയിൽ) ഒരുലക്ഷത്തിലധികവും മാരുതി സുസുക്കിയുടെ മോഡലുകളായിരുന്നുവെന്ന് നിർമ്മാതാക്കളുടെ കൂട്ടായ്മയായ സൊസൈറ്റി ഒഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്സ് (സിയാം) വ്യക്തമാക്കി.
● 22,574 യൂണിറ്റ് വില്പനയുമായി ഹ്യുണ്ടായിയാണ് രണ്ടാംസ്ഥാനത്ത്. ഹാച്ച്ബാക്ക് ശ്രേണിയിൽ ഏറ്റവുമധികം വില്പനനേടിയത് മാരുതി സുസുക്കി ഓൾട്ടോയും എസ്-പ്രസോയുമാണ്. റെനോ ക്വിഡ് ആണ് ഇവയ്ക്ക് തൊട്ടുപിന്നാ ലെയുള്ളത്.
● വാഹന റീട്ടെയിൽ വില്പനയിൽ ജനുവരിയിലും മുന്നിൽ മാരുതി തന്നെ. ആകെ കാറുകളിൽ 44.10 ശതമാന വുംമാരുതിയുടെ മോഡലുകളാണ്.
● 13.46 ശതമാന വുമായി ഹ്യുണ്ടായ് രണ്ടാമതും 13.24 ശതമാനവുമായി ടാറ്റാ മോട്ടോഴ്സ് മൂന്നാമതും 9.91 ശതമാനവുമായി മഹീന്ദ്ര ആൻഡ് മഹീന്ദ്ര നാലാമതുമാണ്. അഞ്ചാംസ്ഥാനത്ത് 5.67 ശതമാനവുമായി കിയയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |