കൊച്ചി: രാജ്യത്തെ സാമ്പത്തിക മേഖലയിലെ തളർച്ചയിൽ തിരിച്ചടി നേടിടുന്ന വാഹന വിപണിക്ക് കരുത്ത് പകരാൻ പ്രമുഖ ഓട്ടോമൊബൈൽ കമ്പനികൾ പുതിയ മോഡൽ കാറുകൾ വിപണിയിൽ അവതരിപ്പിക്കുന്നു. വോക്‌സ്‌വാഗൺ, ടാറ്റ മോട്ടോഴ്‌സ്, കിയ ഇന്ത്യ, മാരുതി സുസുക്കി, ഔഡി, എം.ജി ഹെക്‌ടർ തുടങ്ങിയ കമ്പനികളുടെ നവീകരിച്ച പതിപ്പുകളാണ് അടുത്ത മാസങ്ങളിൽ വിപണിയിൽ എത്തുന്നത്. ചെറുകാറുകളുടെ വിൽപ്പനയിൽ കമ്പനികൾ കനത്ത തിരിച്ചടി നേരിടുന്നതിനാൽ ആഡംബര കാറുകളുടെയും സ്പോർട്ട്‌സ് യൂട്ടിലിറ്റി വാഹനങ്ങളുടെ പുതിയ മോഡലുകളാണ് ഉപഭോക്താക്കൾക്കായി കമ്പനികൾ ഒരുക്കുന്നത്.
വോക്‌സ്‌വാഗൺ ഗോൾഫ് ജി.ടി.ഐ
വോക്‌സ്‌വാഗണിന്റെ പുതിയ മോഡലായ ഗോൾഫ് ജി.ടി.ഐ മേയ് 15ന് ഇന്ത്യൻ വിപണിയിലെത്തും. ബുക്കിംഗ് തുടങ്ങി ദിവസങ്ങൾ കൊണ്ട് മികച്ച വാങ്ങൽ താത്പര്യമാണ് മോഡലിന് ലഭിച്ചത്. 250 വാഹനങ്ങൾ ഇറക്കുമതി നടത്താനാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും കേവലം 150 വാഹനങ്ങളാണ് ആദ്യ ഘട്ടത്തിൽ ഇന്ത്യയ്ക്ക് ലഭിച്ചത്. ദിവസങ്ങൾക്കുള്ളിൽ ബുക്കിംഗ് പൂർത്തിയായി.
പ്രതീക്ഷിക്കുന്ന വില
52 ലക്ഷം രൂപ
ടാറ്റ ആൾട്രോസ് നവീകരിച്ച പതിപ്പ്
പ്രീമിയം ഹാച്ച്ബാക്ക് വാഹനങ്ങൾക്ക് പ്രിയം കുറയുകയാണെങ്കിലും ഉപഭോക്താക്കൾക്ക് ആവേശം പകരാനായി ആൾട്രോസിന്റെ നവീകരിച്ച പതിപ്പ് ടാറ്റ മോട്ടോഴ്സ് മേയ് 21ന് വിപണിയിൽ അവതരിപ്പിക്കും. മാരുതി സുസുക്കി ബലനോ, ടൊയോട്ട ഗ്ളാൻസ, ഹ്യുണ്ടായ് ഐ20 എന്നിവയോട് മത്സരിക്കാനാണ് ആൾട്രോസിന്റെ പരിഷ്‌കരിച്ച പതിപ്പ് എത്തുന്നത്. ഡിസൈനിലും സാങ്കേതികവിദ്യയിലും വിവിധ മാറ്റങ്ങളാണ് പുതിയ മോഡലിലുള്ളത്.
പ്രതീക്ഷിക്കുന്ന വില
6.75 ലക്ഷം രൂപ
കിയ കാരൻസ് ക്ളാവിസ്
കിയ ഇന്ത്യയുടെ പുതിയ മൾട്ടി പർപ്പസ് വാഹനമായ (എം.പി.വി) വേരിയന്റായ കാരൻസ് ക്ളാവിസിന്റെ പുതിയ മോഡൽ അടുത്ത മാസം കമ്പനി വിപണിയിലെത്തിക്കും. 25,000 രൂപ മുടക്കി വാഹനം ഉപഭോക്താക്കൾക്ക് ബുക്ക് ചെയ്യാം. നിലവിലുള്ള കാരേണിന്റെ പ്രീമിയം വേർഷനാണ് അവതരിപ്പിക്കുന്നത്. പുറം സ്‌റ്റൈലിലും ഹെഡ്ലാംമ്പിലും അടക്കം മാറ്റങ്ങളോടെയാണ് കാരൻസ് പുതുതായി എത്തുന്നത്. ഐവറി സിൽവർ ഗ്ളോസ്, പ്യൂട്ടർ ഒലിവ് തുടങ്ങി എട്ടു നിറങ്ങളിലാണ് പുതിയ മോഡൽ വിൽപ്പനയ്ക്ക് എത്തുന്നത്.
പ്രതീക്ഷിക്കുന്ന വില
11 ലക്ഷം രൂപ
ടാറ്റ ഹാരിയർ ഇ.വി
ടാറ്റ മോട്ടോഴ്‌സിൽ നിന്ന് ഈ വർഷം പ്രതീക്ഷിക്കുന്ന ആകർഷകമായ വൈദ്യുതി വാഹനമാണ് ടാറ്റ ഹാരിയർ ഇ.വി. 12.3 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്‌റ്റം, ഡിജിറ്റൽ ഇൻസ്ട്രമെന്റൽ ക്ളസ്‌റ്റർ, വെഹിക്കിൾ ടു വെഹിക്കിൾ , വെഹിക്കിൾ ടു ലോഡ് ചാർജിംഗ് സംവിധാനങ്ങൾ തുടങ്ങി നിരവധി പ്രത്യേകതകളുമായാണ് ഹാരിയർ ഇ. വി വിപണിയിലെത്തുന്നത്. ബാറ്ററി, റേഞ്ച്, പ്രകടനം തുടങ്ങിയവയെ കുറിച്ചുള്ള വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
പ്രതീക്ഷിക്കുന്ന വില
30 ലക്ഷം രൂപ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |