തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും സ്വർണവിലയിൽ ഇടിവ്. ഇന്ന് പവന് 360 രൂപ കുറഞ്ഞ് 73,680 രൂപയും ഗ്രാമിന് 45 രൂപ കുറഞ്ഞ് 2,210 രൂപയുമായി. കഴിഞ്ഞ ദിവസം പവന് 1000 രൂപ കുറഞ്ഞ് 74,040 രൂപയായിരുന്നു. ഇത് സ്വർണപ്രേമികൾക്ക് ചെറിയ ആശ്വാസമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇന്നലെ രാജ്യാന്തര വിപണിയിൽ സ്വർണ വില ഔൺസിന് (28.35 ഗ്രാം) 70 ഡോളർ കുറഞ്ഞ് 3,360 ഡോളറിലെത്തിയിരുന്നു. ഇതോടെ ന്യൂഡൽഹി മൾട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ചിൽ 24 കാരറ്റ് സ്വർണത്തിന്റെ വില 99,200 രൂപയായി താഴ്ന്നിരുന്നു.
അതേസമയം, വിപണിയിൽ തിരുത്തലുകൾ ഉണ്ടാകാത്തതിനാൽ വരുംദിനങ്ങളിൽ സ്വർണവിപണിയിൽ ലാഭമെടുപ്പിന് സാദ്ധ്യതയുണ്ടെന്ന് ഈ രംഗത്തെ വിദഗ്‌ദ്ധർ ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യയും യുകെയും സ്വതന്ത്ര വ്യാപാരക്കരാറിൽ ഒപ്പുവച്ചത് വരുംദിനങ്ങളിൽ സ്വർണവിലയെ ബാധിക്കുമോയെന്ന് ഉറ്റുനോക്കുകയാണ് നിക്ഷേപകർ. ജപ്പാൻ, ഫിലിപ്പിൻസ് തുടങ്ങിയ രാജ്യങ്ങളുമായി അമേരിക്ക സ്വതന്ത്ര വ്യാപാര കരാർ ഒപ്പുവച്ചതോടെ തീരുവ യുദ്ധ ഭീഷണി ഒഴിയുന്നുവെന്ന വിലയിരുത്തലാണ് സ്വർണവില ഇടിയാനിടയാക്കിയത്. ലോകത്തിലെ പ്രമുഖ നാണയങ്ങൾക്കെതിരെ ഡോളർ ദുർബലമാകുന്നതും സ്വർണത്തിൽ നിന്ന് പിൻവാങ്ങാൻ നിക്ഷേപകരെ പ്രേരിപ്പിക്കുന്നു.
ജൂലായ് മാസത്തിന്റെ തുടക്കം മുതൽക്കേ തന്നെ സ്വർണവിലയിൽ പ്രകടമായ കുറവ് രേഖപ്പെടുത്തിയിരുന്നു. ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വർണനിരക്ക് രേഖപ്പെടുത്തിയത് ജൂലായ് ഒമ്പതിനായിരുന്നു. അന്ന് പവന് 72,000 രൂപയായിരുന്നു. ജൂലായ് 18നുശേഷമാണ് സ്വർണവിലയിൽ ഞെട്ടിപ്പിക്കുന്ന കുതിപ്പുണ്ടായത്. അതേസമയം, സംസ്ഥാനത്തെ വെളളിവിലയിൽ ഇന്ന് മാറ്റമൊന്നും രേഖപ്പെടുത്തിയിട്ടില്ല. ഇന്ന് ഒരു ഗ്രാം വെളളിക്ക് 128 രൂപയും ഒരു കിലോഗ്രാമിന് 1,28,000 രൂപയുമാണ്. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് കേരളത്തിലെ വെള്ളിവില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ രൂപയുടെ വിലയില്‍ വരുന്ന കയറ്റിറക്കങ്ങളും വെള്ളിവിലയെ സ്വാധീനിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |