ആലപ്പുഴ: വിഷു ആഘോഷവുമായി ബന്ധപ്പെട്ട സുരക്ഷ കണക്കിലെടുത്ത് പടക്ക വില്പനയ്ക്കായുള്ള ബന്ധപ്പെട്ട മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചാൽ കർശനമായ നിയമ നടപടി സ്വീകരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോൺ അറിയിച്ചു. പടക്ക നിർമ്മാണ ശാലകളും, പടക്കങ്ങളും മറ്റ് അസംസ്‌കൃത വസ്തുക്കളും മറ്റും സൂക്ഷിക്കുന്ന സ്ഥലവും വിശദമായ പരിശോധനക്ക് വിധേയമാക്കും. നിയമപ്രകാരമുള്ള സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടോയെന്നും അനുവദിക്കപ്പെട്ടിട്ടുള്ള അളവിൽ കൂടുതൽ സ്‌ഫോടക വസ്തുക്കൾ സൂക്ഷിച്ചിട്ടുണ്ടോയെന്നും പരിശോധിക്കും. ട്രെയിനുകളിൽ പടക്കങ്ങളോ മറ്റ് സ്‌ഫോടക വസ്തുക്കളോ കൊണ്ടു പോകുവാൻ പാടില്ല. വിഷു ആഘോഷവുമായി ബന്ധപ്പെട്ട് അനധികൃത മദ്യവില്പനയും വ്യാജമദ്യ നിർമ്മാണവും തടയുന്നതിന് പട്രോളിംഗ് ശക്തമാക്കും. വാഹന പരിശോധന കർശനമാക്കും. നിയമലംഘനം കണ്ടാൽ ഡ്രൈവിംഗ് ലൈസൻസ് സസ്‌പെൻഡ് ചെയ്യുന്നത് ഉൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
ശ്രദ്ധിക്കാൻ
ലൈസൻസ് ഇല്ലാതെ പടക്ക വില്പന അനുവദിക്കില്ല
അനുവദിച്ചിട്ടുള്ള അളവിൽ കൂടുതൽ പടക്കങ്ങൾ സൂക്ഷിക്കരുത്
ഉഗ്രസ്‌ഫോടക ശേഷിയുള്ള പടക്കങ്ങൾ വിൽക്കാൻ അനുവദിക്കില്ല
നിശ്ചയിച്ച് അനുമതി നല്കിയ സ്ഥലത്തല്ലാതെ പടക്കവില്പന നടത്തരുത്
ഹരിത പടക്കങ്ങൾ (ഗ്രീൻ കാക്കേഴ്‌സ്) മാത്രമേ ഉപയോഗിക്കാവൂ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |