ആലപ്പുഴ : ഉൾക്കൊള്ളാവുന്നതിൽ കൂടുതൽ യാത്രക്കാരുമായി കായൽ സവാരി നടത്തിയ മോട്ടോർ ബോട്ട് ടൂറിസം പൊലീസും പോർട്ട് ഉദ്യോഗസ്ഥരും ചേർന്ന് പിടിച്ചെടുത്തു. ഇന്നലെ വേമ്പനാട്ട് കായലിൽ സവാരി കഴിഞ്ഞ് രാജീവ് ജെട്ടിയിൽ മടങ്ങിയെത്തിയ എബനേസർ എന്ന് പേരുള്ള മോട്ടോർ ബോട്ട്, സർവേ നടത്താൻ എത്തിയ പോർട്ട് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടതോടെ നടത്തിയ പരിശോധനയിൽ 30 പേരെ കയറ്റാവുന്ന ബോട്ടിൽ 62 സഞ്ചാരികൾ ഉണ്ടായിരുന്നതായി കണ്ടെത്തി.
പോർട്ട് ഉദ്യോഗസ്ഥർ ബോട്ട് തടഞ്ഞു നിർത്തിയെങ്കിലും ജീവനക്കാർ തട്ക്കയറിയതോടെ ടൂറിസം പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ബോട്ട് യാർഡിലക്ക് മാറ്റാൻ നിർദ്ദേശം നൽകി. ബോട്ടിലെ സ്രാങ്കിന്റെയും, ലാസ്‌കറിന്റെയും ലൈസൻസ് സസ്‌പെൻഡ് ചെയ്യുവാനും 10000 രൂപ പിഴ ചുമത്തുവാനും പോർട്ട് ഉദ്യോഗസ്ഥർ നടപടി സ്വീകരിച്ചു. പോർട്ട് ഉദ്യോഗസ്ഥരായ മരിയ പോൾ, ഷാബു, അനിൽകുമാർ,ടൂറിസം പൊലീസ് എസ്.ഐ ജയറാം, സിവിൽ പൊലീസ് ഓഫീസർമാരായ അബീഷ് ഇബ്രാഹിം, സുധീർ, ശ്രീജ, ജോഷിത്തു എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |