ആലപ്പുഴ : ജില്ലയിൽ ചെങ്കണ്ണ് ബാധിതരുടെ എണ്ണം വർദ്ധിക്കുന്നതിനാൽ ആരോഗ്യ വകുപ്പ് ജാഗ്രതാനിർദ്ദേശം നൽകി. ബാക്ടീരിയ, വൈറസ് എന്നിവ മൂലം ചെങ്കണ്ണ് ബാധിക്കാം. വളരെ വേഗം പടരുന്ന രോഗമാണെങ്കിലും ശ്രദ്ധിച്ചാൽ തടയാൻ സാധിക്കും. രോഗബാധ ശ്രദ്ധിക്കാതെയിരുന്നാൽ സങ്കീർണമാകാനും സാദ്ധ്യതയുണ്ട്. ചെങ്കണ്ണ് ബാധിച്ചാൽ സ്വയം ചികിത്സ പാടില്ല. സർക്കാർ ആശുപത്രികളിൽ ചെങ്കണ്ണിനുള്ള ചികിത്സ ലഭ്യമാണെന്ന് ജില്ല മെഡിക്കൽ ഓഫീസർ ഡോ. ജമുന വർഗീസ് അറിയിച്ചു.
കണ്ണ് ചുവക്കുക, അമിതമായി കണ്ണുനീർ വരിക, കൺപോളകളിൽ വീക്കം, ചൊറിച്ചിൽ, പഴുപ്പ്, രാവിലെ എഴുന്നേൽക്കുമ്പോൾ പഴുപ്പ് കാരണം കണ്ണ് തുറക്കാൻ പ്രയാസം, പീളയടിയൽ, കോൺടാക്ട് ലെൻസ് വെക്കുമ്പോൾ അസ്വസ്ഥത എന്നിവയാണ് ലക്ഷണങ്ങൾ.
പ്രത്യേകം ശ്രദ്ധിക്കണം
രോഗബാധ അഞ്ച് മുതൽ ഏഴ് ദിവസം വരെ നീണ്ടു നിൽക്കാം
രോഗം സങ്കീർണമായാൽ 14 ദിവസം വരെ നീളാം
ചെങ്കണ്ണ് ബാധിച്ച കുട്ടികളെ സ്‌കൂളിൽ വിടരുത്
വ്യക്തിശുചിത്വം ഉറപ്പാക്കണം
രോഗം ബാധിച്ച വ്യക്തികളിൽ നിന്ന് അകലം പാലിക്കണം
രോഗി ഉപയോഗിക്കുന്ന പേന, പേപ്പർ, പുസ്തകം, തൂവാല, സോപ്പ്, ടവ്വൽ ഉപയോഗിക്കരുത്
ഇടയ്ക്കിടയ്ക്ക് സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകണം.
കൈ വൃത്തിയായി കഴുകാതെ കണ്ണിലോ മൂക്കിലോ വായിലോ തൊടരുത്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |