മാന്നാർ : വീട്ടുമുറ്റത്ത് നട്ടുവളർത്തിയ മരത്തിൽ നിന്ന് 108 രുദ്രാക്ഷങ്ങൾ ശേഖരിച്ച് വെള്ളികെട്ടി മാലയായി മഹാദേവന് സമർപ്പിച്ചപ്പോൾ സാഫലമായത് അനിൽകുമാറിന്റെ ചിരകാല അഭിലാഷം. മൂന്നു പതിറ്റാണ്ടോളം പ്രവാസിയായിരുന്ന മാന്നാർ കുരട്ടിശ്ശേരി ശിവകൃപയിൽ അനിൽകുമാർ ആറുവർഷം മുമ്പാണ് തൃശൂരിൽ നിന്ന് കൊണ്ടുവന്ന രുദ്രാക്ഷ തൈ വീട്ടുമുറ്റത്ത് നട്ടത്. പിന്നീട് ഭക്തിപൂർവം അതിനെ പരിപാലിച്ചു. അതിൽ നിന്ന് ആദ്യം ലഭിച്ച 108 രുദ്രാക്ഷങ്ങൾ കൊണ്ട് മാല തീർത്തു. പരശുരാമനാൽ പ്രതിഷ്ഠിക്കപ്പെട്ട കേരളത്തിലെ 108 ശിവക്ഷേത്രങ്ങളെ അനുസ്മരിച്ചാണ് അത്രയും രുദ്രാക്ഷങ്ങൾ കൊണ്ട് മാലതീർത്തതെന്നും ആ ക്ഷേത്രങ്ങളിലൊന്നായ തൃക്കുരട്ടി മഹാദേവ ക്ഷേത്ര സന്നിധിയിൽ വെള്ളികെട്ടി സമർപ്പിച്ചതെന്നും അനിൽകുമാർ പറയുന്നു. 21 മുഖം വരെയുള്ള രുദ്രാക്ഷമുണ്ട്. അനിൽകുമാറിന്റെ വീട്ടുവളപ്പിലുള്ളത് പഞ്ചമുഖി രുദ്രാക്ഷമാണ്.
മുറ്റം അപൂർവ ഉദ്യാനം
സ്വദേശിയും വിദേശിയുമായ അപൂർവങ്ങളായ സസ്യ, ഫല വൃക്ഷങ്ങളാൽ സമ്പന്നമാണ് അനിൽകുമാറിന്റെ വീട്ടുവളപ്പ്. ജോലി സംബന്ധമായി വിവിധ രാജ്യങ്ങൾ സന്ദർശിക്കുന്നതിനിടെ ശേഖരിച്ചു കൊണ്ടുവന്ന് നട്ടുവളർത്തിയതാണ് അവയിൽ അധികവും.
പല രാജ്യങ്ങളിൽ നിന്നുള്ള വാഴകൾ, പ്ലാവുകൾ, ആമ്പൽ, താമര, ആകാശ വെള്ളരി, കൃഷ്ണനാൽ, കർപ്പൂര മരം, അശോക വനത്തിലെ ശിംശിപ എന്നിങ്ങനെ വൈവിദ്ധ്യം നിറഞ്ഞതും ആപൂർവവുമായ സസ്യങ്ങളും വൃക്ഷങ്ങളും ഇവിടെ തണൽ വിരിക്കുന്നു. മാന്നാർ നായർ സമാജം ബോയ്സ് ഹൈസ്കൂൾ അദ്ധ്യാപികയായ ഭാര്യ അജിതയാണ് ഈ അപൂർവ ഉദ്യാനം പരിപാലിക്കുന്നത്. മകൻ വരുൺ വിദേശ ബാങ്ക് ഉദ്യോഗസ്ഥനാണ്. മകൾ ഗായത്രി പൊല്യൂഷൻ കൺട്രോൾ ബോർഡിൽ ജോലിചെയ്യുന്നു. വെറ്ററിനറി ഡോക്ടറായ അനഘ മരുമകളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |