ആലപ്പുഴ : കലാകുടുംബത്തിൽ നിന്നെത്തി മിമിക്രിയിൽ ഒന്നാം സ്ഥാനം നേടി മഹേശ്വർ. ആലുവയിലെ പിഞ്ചു ബാലികയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കോടതി വിധിയെപ്പറ്റിയുള്ള ചാനൽ ചർച്ച പ്രമേയമാക്കിയാണ് മഹേശ്വർ വേദിയിലെത്തിയത്. സിനിമാതാരങ്ങളും രാഷ്ട്രീയ നേതാക്കളും നിമിഷങ്ങൾക്കിടെ ചർച്ചയിൽ വന്നുപോയപ്പോൾ കാണികൾ കൈയടിയോടെ പ്രോത്സാഹിപ്പിച്ചു.
മഹേശ്വറിന്റെ അച്ഛൻ പുന്നപ്ര മധു, ചെറിയച്ഛൻ മനോജ് പുന്നപ്ര എന്നിവർ കേരളത്തിലെ അറിയപ്പെടുന്ന ഹാസ്യകലാകാരൻമാരാണ്.
സഹോദരൻ മഹാദേവൻ സിനിമ, ടി.വി, സ്റ്റേജ് ആർട്ടിസ്റ്റുമാണ്. ഇവർ മൂവരുടെയും ശിക്ഷണത്തിലാണ് മഹേശ്വർ വേദിയിൽ എത്തിയത്. മായയാണ് മാതാവ്. രണ്ട് ദിവസം കൊണ്ട് പഠിച്ച സ്ക്രിപ്റ്റ് അവതരിപ്പിച്ചാണ് ഒന്നാം സ്ഥാനം നേടിയത്. അമ്പലപ്പുഴ കെ.കെ കുഞ്ചുപിള്ള ഹയർസെക്കന്ററി സ്കൂൾ പ്ളസ് വൺ വിദ്യാർത്ഥിയാണ്. കഴിഞ്ഞ വർഷം ഹൈസ്കൂൾ വിഭാഗത്തിൽ അപ്പീൽ വഴി എത്തി സംസ്ഥാന തലത്തിൽ മത്സരിച്ച് എ ഗ്രേഡ് ലഭിച്ചിരുന്നു.
സമകാലിക വിഷയങ്ങളായിരുന്നു മിമിക്രി വേദി കീഴടക്കിയത്. നവകേരള സദസും ബസുമൊക്കെ മത്സരാർത്ഥികൾ പ്രമേയമാക്കി. വി.എസും വെള്ളാപ്പള്ളിയും നേരന്ദ്ര മോദിയുമൊക്കെ ശബ്ദാനുകരണത്തിൽ നിറഞ്ഞുനിന്നു. നിരവധി മത്സരാർത്ഥികളാണ് ഇവരുടെ ശബ്ദം വേദിയിൽ അവതരിപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |