മാന്നാർ : വർഷങ്ങൾ നീണ്ട ഇടവേളയ്ക്ക് ശേഷം പരുമലയിൽ പമ്പയുടെ തീരത്ത് വീണ്ടും കരിമ്പിന്റെ മധുരം വിളഞ്ഞു. കർഷക സംഘത്തിന്റെ നേതൃത്വത്തിൽ അഞ്ച് ഏക്കറിൽ തുടക്കം കുറിച്ച കരിമ്പ് കൃഷിയുടെ വിളവെടുപ്പ് പരുമലയുടെ നഷ്ടപ്പെട്ട കാർഷിക സമൃദ്ധിയുടെ തിരിച്ചുവരവ് കൂടിയായി.
മൂന്ന് പതിറ്റാണ്ടിനു മുമ്പ് പരുമലക്ക് ചുറ്റുമായി 75 ഏക്കറോളം സ്ഥലത്ത് കരിമ്പിൻ കൃഷി ഉണ്ടായിരുന്നു. ഇവിടെ വിളയുന്ന കരിമ്പ് പുളിക്കീഴ് ഷുഗർ ഫാക്ടറിക്കാണ് നൽകിയിരുന്നത്.
ഷുഗർ ഫാക്ടറിയുടെ പ്രവർത്തനം നിലച്ചതോടെ കരിമ്പ് കൃഷിയും ഓർമ്മയായി. കരിമ്പ് ഉത്പാദനം നിർത്തിയ കർഷകർ പ്രധാനമായും വാഴയും മറ്റ് വിളകളുമാണ് കൃഷി ചെയ്തുവന്നത്. 2018 മുതലുള്ള വെള്ളപ്പൊക്കവും കനത്ത മഴയും വിളകൾ നശിപ്പിച്ചത് കർഷകരെ വീണ്ടും കൃഷിയിൽ നിന്നകറ്റി.
എന്നാൽ,കൃഷിയെ സ്നേഹിക്കുന്ന ഒരു സംഘമാളുകൾ പരുമലയുടെ തീരത്ത് വീണ്ടും മധുരം വിളയിക്കാൻ മുന്നിട്ടിറങ്ങിയതോടെ വർഷങ്ങളായി തരിശ് കിടന്ന സ്ഥലത്ത് വീണ്ടും കരിമ്പ് പൂത്തു. ഇവിടെ വിളഞ്ഞ കരിമ്പ് ഇത്തവണ പന്തളത്തെ സ്വകാര്യ ചക്കുകാർക്കാണ് കൊടുക്കുന്നത്. അടുത്ത തവണ കൂടുതൽ സ്ഥലത്തേക്ക് കൃഷി വ്യാപിപ്പിച്ച് ചക്ക് ഉൾപ്പടെ വാങ്ങി ഇവിടെ തന്നെ ശർക്കര ഉത്പാദിപ്പിക്കാനാണ് കർഷകരുടെ ശ്രമം. വിളവെടുപ്പിന്റെ ഉദ്‌ഘാടനം കർഷക സംഘം ഏരിയാ പ്രസിഡന്റ് രഘുനാഥൻ നായർ നിർവഹിച്ചു. ഒ.സി രാജു, ശ്രീരേഖ ജി.നായർ, മേരിക്കുട്ടി ജോൺസൺ, ഡൊമിനിക് ജോസഫ്, അഭിലാഷ്, ജോർജുകുട്ടി, പ്രഭാ രഘു എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |