ചേർത്തല: വിരമിച്ച് 25 വർഷം കഴിഞ്ഞിട്ടും ഭാസ്‌കരൻനായർ ഇക്കുറിയും പുതുവത്സര സമ്മാനങ്ങളുമായി ചേർത്തല എ.ആർ.ഓഫീസിലെത്തി.
സർവീസിൽ നിന്ന് പടിയിറങ്ങിയിട്ടും ഭാസ്‌കരൻനായർക്ക് അസി.രജിസ്ട്രാർ ഓഫീസ് ഇന്നും സ്വന്തം കുടുംബം പോലെയാണ്. എല്ലാ വർഷവും പുതുവത്സര ആശംസകളും സമ്മാനങ്ങളുമായി ഭാസ്‌കരൻനായർ ചേർത്തല ഓഫീസിലെത്തും. ഒപ്പം പ്രവർത്തിച്ചവരാരും ഇപ്പോൾ ഓഫീസിലില്ലെങ്കിലും ഭാസ്‌കരൻനായർ വരവ് മുടക്കാറില്ല. 31വർഷത്തെ സർവീസിൽ 15 വർഷവും ഭാസ്‌കരൻനായർ ചേർത്തല ഓഫീസിലായിരുന്നു.1999ൽ ഇൻസ്പക്ടറായാണ് വിരമിച്ചത്. അത്രയേറെ ആനന്ദമാണ് അദ്ദേഹത്തിന് ഈ സന്ദർശനം.
ഓഫീസിലെത്തിയ അദ്ദേഹം ജീവനക്കാർക്കൊപ്പം കേക്കുമുറിച്ചു.താലൂക്ക് സർക്കിൾ സഹകരണയൂണിയൻ ചെയർമാൻ എ.എസ്.സാബു അദ്ദേഹത്തെ പൊന്നാടയണിയിച്ച് സ്വീകരിച്ചു. അസിസ്റ്റന്റ് രജിസ്ട്രാർ സി.എസ്.സന്തോഷ് ഉപഹാരം നൽകി.അഡീഷണൽ ഡയറക്ടർ ഓഡിറ്റ് എം.ബി.ഷീജ, ഡെപ്യൂട്ടി രജിസ്ട്രാറായി വിരമിച്ച പി.വിജോസഫ്,സംഗീതജ്ഞൻ മരുത്തോർവട്ടം ഉണ്ണികൃഷ്ണൻ എന്നിവരും എത്തിയിരുന്നു. വിരമിച്ച ശേഷമുള്ള 25ാം വർഷത്തെ സന്ദർശനത്തിൽ ലോട്ടറി വിൽക്കുന്ന ഭിന്നശേഷിക്കാരെ സഹായിക്കുന്നതിന്റെ ഭാഗമായി എല്ലാ ജീവനക്കാർക്കും ഓരോ സ്ത്രീശക്തി ലോട്ടറിയും നൽകിയാണ് അദ്ദേഹം മടങ്ങിയത്.
സ്വന്തമായും വിവിധ സംഘടനകളുടെയും സഹകരണത്തിൽ ഭിന്നശേഷിക്കാർക്കും രോഗികൾക്കും പെൻഷൻ പദ്ധതികളും ക്ഷേമപ്രവർത്തനങ്ങളും നടപ്പാക്കുന്ന ഭാസ്‌കരൻ നായർ തന്റെയും ഭാര്യയുടെയും പെൻഷന്റെ ഭൂരിഭാഗവും ഇത്തരം പ്രവർത്തനങ്ങൾക്കാണ് വിനിയോഗിക്കുന്നത്. 4.5 സെന്റ് സ്വന്തം സ്ഥലം വീടില്ലാത്തവർക്കായി സർക്കാരിന് കൈമാറാൻ നടപടികൾ സ്വീകരിച്ചുവരികയാണ്. സഹകരണവകുപ്പിന്റെ നേതൃത്വത്തിൽ അർഹരായവർക്ക് ഇവിടെ വീടുനിർമ്മിച്ചുനൽകണമെന്നതാണ് അദ്ദേഹത്തിന്റെ ആഗ്രഹം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |