ആലപ്പുഴ : വിതരണക്കാരുടെയും വ്യാപാരികളുടെയും സമരം അവസാനിച്ചെങ്കിലും ജില്ലയിൽ റേഷൻവിതരണം സാധാരണ നിലയിലെത്താൻ ദിവസങ്ങളെടുക്കും. അമ്പലപ്പുഴയും ചെങ്ങന്നൂർ താലൂക്കുകളിൽ ഒഴികെ വാതിൽപ്പടി വിതരണം പൂർത്തിയാക്കാനുളളതാണ് റേഷൻ വിതരണം വൈകാനിടയാക്കുന്നത്. മാവേലിക്കര, കാർത്തികപ്പള്ളി, കുട്ടനാട്, ചേർത്തല താലൂക്കുകളിൽ ഇന്നലെമുതൽ സാധനങ്ങളെത്തിച്ചു തുടങ്ങിയെങ്കിലും ഉൾപ്രദേശങ്ങളിലുൾപ്പെടെ ശനിയാഴ്ചയോടെയേ വിതരണം പൂർത്തിയാകുകയുള്ളൂ. സമരത്തിലെ ഒത്തുതീർപ്പ് വ്യവസ്ഥയിൽ മന്ത്രി നൽകിയ ഉറപ്പനുസരിച്ച് തീയതി നീട്ടിക്കിട്ടിയാൽ അടുത്ത മാസം പത്തിനകം ജനുവരിയിലെ റേഷൻവിതരണം പൂർത്തീകരിക്കാനാകുമെന്നാണ് കരുതുന്നത്.
സമരം അവസാനിച്ചതോടെ ജില്ലയിലെ ആറ് താലൂക്കുകളിലായുള്ള 1203 റേഷൻകടകളും ഇന്നലെ തുറന്നു.
വാതിൽപ്പടി വിതരണം പൂർത്തിയാകണം
മാവേലിക്കര, കാർത്തികപ്പള്ളി, കുട്ടനാട്, ചേർത്തല താലൂക്കുകളിൽ ഇന്നലെമുതൽ സാധനങ്ങളെത്തിച്ചു തുടങ്ങി
മിക്ക റേഷൻ കടകളിലും അരിയുൾപ്പെടെയുളള സാധനങ്ങൾ ഔട്ട് ഓഫ് സ്റ്റോക്കാണ്
നിലവിൽ 26ശതമാനം ഭക്ഷ്യസാധനങ്ങൾ മാത്രമാണ് അമ്പലപ്പുഴയും ചെങ്ങന്നൂരും ഒഴികെയുള്ള താലൂക്കുകളിൽ സ്റ്റോക്ക് ഉള്ളത്
അരിയ്ക്ക് പുറമേ ഗോതമ്പും ആട്ടയും കടകളിലൂടെ വിതരണമുണ്ടെങ്കിലും പല കടകളിലും ആഴ്ചകളായി ഇവ ലഭ്യമല്ല
പഞ്ചസാര നിർത്തലാക്കിയതിന് പുറമേ റേഷൻ കാർഡ് ഉടമകൾക്കുള്ള മണ്ണെണ്ണ എത്തിയിട്ടും എട്ടുമാസത്തിലേറെയായി
' ജില്ലയിൽ 62 ശതമാനത്തോളം റേഷൻ വിതരണം പൂർത്തിയായിട്ടുണ്ട്. മാസാവസാനം വിതരണക്കാരുടെ സമരം സാധനങ്ങളെത്തിക്കുന്നതിന് തടസമായി. എല്ലാതാലൂക്കുകളിൽ നിന്നും സ്റ്റോക്ക് പരിശോധിച്ച് സാധനങ്ങൾ എത്തിക്കുന്നതിനുള്ള നടപടി സ്വീകരിച്ചുവരികയാണ്.
-മായാദേവി, ജില്ലാ സപ്‌ളൈ ഓഫീസർ
വാതിൽപ്പടി വിതരണം പൂർത്തിയാക്കിയാലേ സാധനലഭ്യതയുണ്ടാകൂ. അടുത്തമാസം ഒരാഴ്ച കൂടി സമം നീട്ടിയാലേ വിതരണം പൂർത്തിയാക്കാനാകൂ
- എൻ.ഷിജീർ, സംസ്ഥാന ഓർഗനൈസർ, കെ.എസ്.ആർ.ആർ.ഡി.എ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |