ആലപ്പുഴ: സഞ്ചി നിറയെ മീനുമായി ഷംസുമ്മയെത്തി. മതിലിലും മരത്തണലിലും മണംപിടിച്ചിരുന്ന പൂച്ചകൾ ഓടിയെത്തി. പ്രത്യേക ശബ്ദത്തിൽ മുരണ്ടും ചുണ്ടും വായും നക്കിയും അവ സാന്നിദ്ധ്യം അറിയിച്ചു. ഷംസുമ്മ സഞ്ചിയിൽ നിന്ന് ചെറുമീനുകൾ ഓരോന്നായി ഇട്ടുകൊടുത്തു. കിട്ടിയവർ കിട്ടിയവർ വാലിളക്കി നന്ദി പറഞ്ഞുമടങ്ങി.
ആലപ്പുഴ ഇരവുകാട് മാളികപ്പുരയിടത്തിലെ ഷംസുമ്മയെ പൂച്ചുമ്മയെന്നാണ് നാട്ടുകാർ വിളിക്കുന്നത്. റോഡിൽ നിന്ന് തുടങ്ങി വീട്ടകംവരെ നീളുന്നതാണ് ഈ എൺപത്തിയഞ്ചുകാരിയുടെ പൂച്ചയൂട്ട്. മത്സ്യവ്യാപാരിയായിരുന്നു ഭർത്താവ് കോയ. വർഷങ്ങൾക്കു മുമ്പ് അദ്ദേഹം മരിച്ചു. ഏകമകൾ നജ്മയെ വിവാഹം കഴിപ്പിച്ചയച്ചതോതോടെ തനിച്ചായി. ഇതോടെയാണ് പൂച്ചകളോട് ഇഷ്ടം തോന്നിത്തുടങ്ങിയത്.
ഇരവുകാട് മുതൽ ചാത്തനാട് വരെ നൂറുകണക്കിന് പൂച്ചകളാണ് ഇപ്പോൾ ഷംസുമ്മയുടെ മക്കൾ.
ഇരവുകാട്ടെ മൂന്ന് സെന്റിലെ ഷീറ്റിട്ട രണ്ടു മുറി വീട്ടിനകത്തുമുണ്ട് പൂച്ചകൾ. വീട്ടനകത്തു കഴിയുന്ന സുറുമി പെറ്റുകിടക്കുകയാണ്. പൂച്ചകൾക്ക് നൽകിയശേഷം മിച്ചംവരുന്ന മീനാണ് ഷംസുമ്മയ്ക്ക് കറി. വൈകുന്നേരം വീട്ടിലെത്തുന്ന പൂച്ചകളിൽ ചിലതിന് ബിസ്‌ക്കറ്റിനോടാണ് പ്രിയം. ചലതിന് കഞ്ഞി. അവയുടെയെല്ലാം ഇഷ്ടമാണ് പൂച്ചമ്മയുടെയും ഇഷ്ടം. പടച്ചോൻ വിളിക്കുംവരെ പൂച്ചകളെ പരിപാലിക്കണം- അതാണ് ഷംസുമ്മയുടെ ആഗ്രഹം.
മീനൂട്ട് യാത്ര
രാവിലെ 8 മണിയോടെ സഞ്ചിയുമായി വീട്ടിൽ നിന്നിറങ്ങുന്ന ഷംസുമ്മ ആലപ്പുഴയിലെ മാർക്കറ്റുകൾ കയറിയിറങ്ങി ചാത്തനാട്ടെ മകളുടെ വീട്ടിലേക്ക് പോകും. മീൻകച്ചവടക്കാർ ഫ്രീയായി നൽകുന്ന മീനുകൾ സഞ്ചിയിലാക്കി വഴിമദ്ധ്യേ പൂച്ചകൾക്ക് നൽകിയാണ് യാത്ര. ഓരോ ജംഗ്ഷനിലും വീടുകളുടെ പടിക്കലുമെല്ലാം പതിവുകാർ പൂച്ചുമ്മയെ കാത്തിരിക്കും. പൂച്ചുമ്മ പരിസരത്ത് എത്തുന്നതോടെ ഓടിയെത്തും. വൈകിട്ടോടെ പൂച്ചുമ്മ സ്വന്തംവീട്ടിലേക്ക് മടങ്ങും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |