ആലപ്പുഴ: പഴയകാല തിരഞ്ഞെടുപ്പ് ഓർമ്മകൾ എം.കെ.സാനുവിന് എന്നും ആവേശമായിരുന്നു. ആലപ്പുഴയിൽ സന്ദർശനത്തിനെത്തുന്ന വേളകളിൽ പലപ്പോഴും 1987ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ കുത്തക തകർത്ത് എറണാകുളത്തുനിന്ന് നിയമസഭയിലെത്തിയ ഓർമ്മകളിലേക്ക് മാഷ് കടന്നിരുന്നു. വിപ്ലവ ഗായിക പി.കെ.മേദിയുമായി കഴിഞ്ഞ വർഷം മാർച്ചിൽ നടത്തിയ കൂടിക്കാഴ്ച്ചയിലും പങ്കിട്ടതേറെയും പഴയ തിരഞ്ഞെടുപ്പ് ഓർമ്മകൾ. റെഡ് സല്യൂട്ട്... റെഡ് സല്യൂട്ട്... രക്തസാക്ഷി ഗ്രാമങ്ങളേ.... പി.കെ. മേദിനി ആവേശപൂർവ്വം പാടി തുടങ്ങിയപ്പോൾ എം.കെ.സാനു കൈകളിൽ താളം പിടിച്ചു.
"എറണാകുളം നിയമസഭാ മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കണം. കോൺഗ്രസിന് സ്വാധീനമുള്ള മണ്ഡലമാണെങ്കിലും മാഷ് സ്ഥാനാർത്ഥിയായാൽ നമ്മൾ ജയിക്കും’ സാഹിത്യകാരൻ പ്രൊഫ. എം കെ സാനുവിന്റെ തിരഞ്ഞെടുപ്പോർമ്മകളിൽ പ്രധാനം ഇ.എം.എസ് പറഞ്ഞ ഈ വാക്കുകളാണ്. രാഷ്ട്രീയ പ്രവർത്തനത്തിനോട് അശേഷം താത്പര്യമില്ലാതിരുന്ന മാഷിനോട് സുഹൃത്ത് അഡ്വ.എം എം ചെറിയാന്റെ വീട്ടിൽ വെച്ച് ഇ.എം.എസാണ് 1987ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകണമെന്ന് ആവശ്യപ്പെട്ടത്. മലയാറ്റൂർ രാമകൃഷ്ണൻ, ടി കെ രാമകൃഷ്ണൻ, കെ എൻ രവീന്ദ്രനാഥ്, തോപ്പിൽഭാസി,എം എം ലോറൻസ് തുടങ്ങിയവരും നിർബന്ധിച്ചു. അടുത്ത സുഹൃത്തായ ഡോ. ഗോപാലകൃഷ്ണനോട് ആലോചിച്ച് പറയാമെന്ന് പറഞ്ഞ് മടങ്ങി. ‘എന്തുവന്നാലും മത്സരിക്കരുത്’ എന്നായിരുന്നു ഡോക്ടറുടെ മറുപടി. മത്സരിക്കാനില്ലെന്നുറച്ച് സന്തോഷമായി വീട്ടിലേയ്ക്ക് മടങ്ങുമ്പോൾ നഗരത്തിൽ പലയിടത്തും എൽ.ഡി.എഫ് പ്രവർത്തകർ ചുവരുകളിൽ തന്റെ പേരെഴുതി പ്രചരണം തുടങ്ങിയ കാഴ്ച കണ്ട് സാനു ഞെട്ടി. കോൺഗ്രസിന്റെ കുത്തക മണ്ഡത്തിൽ തോൽക്കുമെന്ന് ഭാര്യയെ പറഞ്ഞാശ്വസിപ്പിച്ചു. എന്നാൽ ഫലം വന്നപ്പോൾ സാനുസ്വന്തം വിജയത്തിൽ ഞെട്ടി. അന്ന് കോൺഗ്രസ് നേതാവ് എ.എൽ.ജേക്കബ് ആയിരത്തിലധികം വോട്ടിനാണ് തോറ്റത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |