കോന്നി : പണ്ട് കാൽനടയാത്രക്കാർ പഴങ്കഞ്ഞി കുടിച്ച പാറ പഴങ്കഞ്ഞിപ്പാറയായി മാറിയ കഥ കൊക്കാത്തോട്ടിലാണ്. കോന്നി - കൊക്കാത്തോട് റോഡരികിലാണ് പാറ. വനാന്തര ഗ്രാമമായ കൊക്കാത്തോട്ടിൽ ജനങ്ങൾ താമസം തുടങ്ങുന്ന കാലത്ത് കോന്നിയിൽ നിന്ന് ഇവിടേക്ക് വനത്തിലൂടെ കാൽനടയായാണ് ആളുകൾ പോയിരുന്നത്. 20 കിലോമീറ്റർ നടക്കണമായിരുന്നു. പുലർച്ചെ പഴങ്കഞ്ഞിയും കരുതിയായിരുന്നു യാത്ര. അന്ന് പ്രഭാത ഭക്ഷണം കൂടുതലും പഴങ്കഞ്ഞി ആയിരുന്നു. ഈ പാറയിൽ ഇരുന്നാണ് യാത്രക്കാർ ഇത് കഴിച്ചിരുന്നത്. അങ്ങനെയാണ് പാറയ്ക്ക് പഴങ്കഞ്ഞിപ്പാറ എന്ന് പേരുവന്നത്. വാർത്താവിനിമയ , ഗതാഗത സൗകര്യങ്ങൾ ഒന്നുമില്ലാത്ത ഒരുകാലം കൊക്കാത്തോടിനുണ്ടായിരുന്നു. വയക്കര മൂഴിയിൽ പാലം വരുന്നതിന് മുമ്പ് കോന്നിയിൽ നിന്നുള്ള ട്രിപ്പ് ജീപ്പുകൾ അച്ചൻകോവിലാറ്റിൽ ഇറങ്ങിക്കയറിയാണ് മറുകര കടന്നിരുന്നത്. ആറ്റിൽ ജലനിരപ്പുയർന്നാൽ കൊക്കാത്തോട് പുറംലോകവുമായി ഒറ്റപ്പെടുമായിരുന്നു. വർഷകാലത്ത് കൊക്കാത്തോട്ടിലേക്ക് ഹെലികോപ്റ്ററിൽ ഭക്ഷണ സാധനങ്ങൾ എത്തിച്ചിട്ടുണ്ട് . രണ്ടു പതിറ്റാണ്ടുകൾക്ക് മുമ്പ് ഇവിടെ വൈദ്യുതിയില്ലായിരുന്നു. ഇന്ത്യ - ബർമ്മ യുദ്ധത്തിൽ പരിക്കേറ്റ് അംഗഭംഗം വന്ന ഇന്ത്യൻ സൈനികർക്ക് സർക്കാർ കൃഷി ചെയ്യാൻ നൽകിയ സ്ഥലങ്ങളാണ് ഇവിടുത്തെ ജനവാസമേഖലകൾ.
പാറകളുടെ ഗ്രാമം , കഥകളുടെയും
നീരമക്കുളം, അപ്പൂപ്പൻതോട് , കോട്ടാംപാറ, നെല്ലിക്കപ്പാറ, മുണ്ടപ്ലാവ്, കുറിച്ചി, മേടപ്പാറ, കാഞ്ഞിരപ്പാറ, കൊച്ചപ്പൂപ്പൻതോട്, ഒരേക്കർ, കാട്ടാത്തി എന്നീ പ്രദേശങ്ങൾ ഉൾപ്പെട്ട വനാന്തര ഗ്രാമമാണ് കൊക്കാത്തോട്. കൊക്കാത്തോട്ടിലെ കാട്ടാത്തി, കോട്ടാംപാറ തുടങ്ങിയ സ്ഥലങ്ങളിൽ ആദിവാസി കോളനികളുണ്ട്. കോന്നിയിൽ നിന്ന് കല്ലേലി വഴി കൊക്കാത്തോടിന് പോകുമ്പോൾ വനമദ്ധ്യത്തിൽ തലയുയർത്തി നിൽക്കുന്ന കാട്ടാത്തിപ്പാറ വനാന്തരഗ്രാമത്തിന്റെ സൗന്ദര്യമാണ്. പ്രണയത്തിന്റെയും പ്രതികാരത്തിന്റെയും കഥ പറയുന്ന കാട്ടാത്തിപ്പാറ ഉയരം കൊണ്ടും ശ്രദ്ധേയമാണ്.
കൊക്കാത്തോട്ടിലെ പാറകൾ
പഴങ്കഞ്ഞിപ്പാറ, കാട്ടാത്തിപ്പാറ, ഒളക്കശാന്തി, പാപ്പിനിപ്പാറ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |