
ആലപ്പുഴ: ഹെൽത്ത് ഇൻസ്പെക്ടറായി വിരമിച്ച മുഹമ്മ കണ്ണർകാട് വീട്ടിൽ എസ്.സോണി ആരോഗ്യമേഖലയിൽ ഇപ്പോഴും ജോലിത്തിരക്കിലാണ്.
രാേഗപ്രതിരോധ നടപടികളെ കുറിച്ച് ബോധവൽക്കരിക്കാൻ പ്ളാസ്റ്റർ ഓഫ് പാരീസിലും മറ്റും മോഡലുകൾ നിർമ്മിക്കുകയാണ് ഈ അമ്പത്തിയൊമ്പതുകാരൻ. സർവീസിലായിരിക്കേ, മെഡിക്കൽ വിദ്യാർത്ഥികൾക്ക് പഠനാവശ്യത്തിനായി വർക്കിംഗ് മോഡലുകളും ആരോഗ്യ വകുപ്പിന്റെ ബോധവത്‌കരണ പരിപാടികൾക്കുള്ള പ്ലോട്ടുകളും തയാറാക്കിയിരുന്നു.
ജന്തുജന്യ രോഗങ്ങളും പകർച്ചവ്യാധികളും തടയുന്നതിനായി സർക്കാർ ആവിഷ്ക്കരിച്ച ഏകാരോഗ്യം പദ്ധതിയുടെ ജില്ലാ കോർഡിനേറ്ററും കിലയുടെ റിസോഴസ് പേഴ്സണും കൂടിയാണ്. ആശാലതയാണ് ഭാര്യ. മക്കൾ: എസ്.അനഘ, എസ്.അർജിത്.
മന്ത് കാലിൽ തുടക്കം
ഡ്രോയിംഗിൽ ഡിപ്ലോമ നേടിയതാണ് നേട്ടമായത്. എലിപ്പനി, മന്തുരോഗം, ഡെങ്കിപ്പനി തുടങ്ങിയവയുടെ പ്രതിരോധ ബോധവത്ക്കരണത്തിന്റെ ഭാഗമായി വർഷങ്ങളോളം മോഡലുകൾ തയാറാക്കിയിരുന്നു. മന്ത് രോഗത്തെക്കുറിച്ച് പഠിക്കാൻ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിക്ക് വേണ്ടി കാലുകളുടെ മോഡലുകൾ തയാറാക്കിയിരുന്നു. മന്ത് മൂന്ന് ഘട്ടങ്ങളായി കാലിൽ എങ്ങനെ കാണപ്പെടുന്നുവെന്ന് വ്യക്തമാക്കുന്ന അവ ഏറെ ശ്രദ്ധനേടിയിരുന്നു.
കുരയ്ക്കുന്ന നായയും
കരയുന്ന പൂച്ചയും
നായയുടെ കടിയേറ്റാൽ ചെയ്യേണ്ട പ്രാഥമിക ശുശ്രൂഷയുടെ മോഡലാണ് ആലപ്പുഴ ജില്ലാ മെഡിക്കൽ ഓഫീസിന്റെ ആവശ്യപ്രകാരം ഇപ്പോൾ തയ്യാറാക്കിയത്. കാലിൽ കടിയേറ്റ മുറിവുമായി ഇരിക്കുന്ന മനുഷ്യൻ, ഒരു നായ, പൂച്ച, പൈപ്പ് എന്നിവ ഉൾപ്പെടുന്നതാണ് മോഡൽ. അടുത്ത് ആൾ എത്തിയാൽ നായ കുരയ്ക്കുകയും, പൂച്ച കരയുകയും ചെയ്യും. തുടർച്ചയായി ഒഴുകുന്ന വെള്ളം മുറിവ് സോപ്പുപയോഗിച്ച് കഴുകണമെന്ന സന്ദേശമാണ് നൽകുന്നത്. പ്ലാസ്റ്റർ ഓഫ് പാരീസിലാണ് നിർമ്മാണം. ഒരു ലക്ഷത്തോളം രൂപ ചെലവായിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |