
കുട്ടനാട്: കുട്ടനാട്ടിൽ പുഞ്ചക്കൊയ്‌ത്ത് പുരോഗമിക്കുന്നതിനിടെ അപ്രതീക്ഷിതമായി പെയ്‌ത വേനൽമഴ കർഷകരെ ആശങ്കയിലാക്കി. കഴിഞ്ഞ ദിവസം മണിക്കൂറുകളോളം നീണ്ടുനിന്ന മഴയിൽ മിക്ക പാടശേഖരങ്ങളിലേയും കൊയ്യാറായ നെല്ല് വെള്ളത്തിലായി. രണ്ടു ദിവസങ്ങൾക്ക് മുമ്പ് തന്നെ വേനൽ മഴ ശക്തിപ്പെടുന്നതിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയെങ്കിലും അത് മാറിപ്പോകുമെന്നായിരുന്നു പ്രതീക്ഷ.
എന്നാൽ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ചുകൊണ്ട് തിമിർത്ത് പെയ്ത മഴ മണിക്കൂറുകൾക്ക് ശേഷമാണ് ശമിച്ചത്.
വേനൽമഴ മുന്നിൽക്കണ്ട് കർണ്ണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നായി 500ഓളം കൊയ്ത്തയന്ത്രങ്ങൾ എത്തിക്കാനും കുട്ടനാട് പാക്കേജിന്റെ ഭാഗമായി കർഷകർക്ക് നല്കിയിട്ടുള്ള യന്ത്രങ്ങളും ചേർത്ത് വരും ദിവസങ്ങളിൽ കൊയ്ത്ത് വ്യാപകമാക്കാനാണ് കൃഷിവകുപ്പിന്റെ തീരുമാനം. 15 ദിവസത്തിനുള്ളിൽ ജില്ലയിലെ പതിനായിരത്തിനടുത്ത് ഹെക്ടർ നിലം കൊയ്ത് മാറുക എന്നതാണ് ലക്ഷ്യം.
അതേസമയം, ഈ അടിയന്തര സാഹചര്യത്തിൽ കുറഞ്ഞത് 700 യന്ത്രങ്ങളെങ്കിലും വേണ്ടിവരുമെന്നാണ് പാടശേഖരസമിതികളുടെ അഭിപ്രായം. കൂടുതൽ യന്ത്രങ്ങളിറക്കി നെല്ല് വേരത്തിൽ കൊയ്തെടുത്തില്ലെങ്കിൽ നെല്ല് മുഴുവൻ പാടത്ത് തന്നെ കിടന്ന് നശിക്കാനുള്ള സാദ്ധ്യതയും കർഷകർ തള്ളിക്കളയുന്നില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |