
കൊച്ചി: സ്വവർഗരതിക്കാർക്കായുള്ള ഗേ ആപ്പിൽ പരിചയപ്പെട്ട യുവാവിനെ അർദ്ധരാത്രി എറണാകുളം നഗരത്തിന്റെ വിജനമായ ഭാഗത്ത് വിളിച്ചു വരുത്തി കവർച്ച. യുവാവിനെ ദേഹോപദ്രവം ഏൽപ്പിച്ച് കൈവശമുണ്ടായിരുന്ന മുന്തിയ മൊബൈൽ ഫോൺ കവർന്നു. സംഭവത്തിൽ മൂന്ന് പ്രതികളെ കടവന്ത്ര പൊലീസ് കസ്റ്റഡിയിലെടുത്തു.
തിരുവനന്തപുരം നെയ്യാറ്റിൻകര മുട്ടക്കാട് അതിയന്നൂർ സ്വദേശിയായ 20കാരനെയാണ് ആസൂത്രിതമായി വിളിച്ചുവരുത്തി കവർച്ച ചെയ്തത്. എറണാകുളത്തെ ഒരു കോളേജിലായിരുന്നു യുവാവിന്റെ പഠനം. ഇതുമായി ബന്ധപ്പെട്ട് എൻ.സി.സി സർട്ടിഫിക്കറ്റ് വാങ്ങാൻ കഴിഞ്ഞ ദിവസം എറണാകുളത്ത് എത്തിയ യുവാവ് നോർത്ത് ഭാഗത്തെ ലോഡ്ജിലാണ് തങ്ങിയത്. ഇതിനിടെയാണ് ഗേ ആപ്പിലൂടെ സൗഹൃദത്തിലായ ഒന്നാംപ്രതി എറണാകുളം നോർത്തിലെ ലോഡ്ജിലെത്തി ഇന്നലെ പുലർച്ചെ 2.15ന് യുവാവിനെയും കൂട്ടി എറണാകുളം സൗത്തിലെത്തി. ഊബറിലായിരുന്നു യാത്ര.
പുലർച്ചെ 2.45ന് യുവാവുമായി കമ്മട്ടിപ്പാടത്ത് റെയിൽവേ ട്രാക്കിനടുത്തേക്കാണ് പോയത്. ഇവിടെ കോട്ടയം ഭാഗത്തേക്കുള്ള ട്രാക്കിൽ കാടുമൂടി കിടക്കുന്ന ഭാഗത്ത് ഒളിച്ചിരുന്ന മറ്റ് രണ്ട് കൂട്ടാളികളുമായി ചേർന്ന് യുവാവിനെ ആക്രമിച്ച് 65,000 രൂപ വിലപിടിപ്പുള്ള ഫോൺ തട്ടിയെടുക്കുകയായിരുന്നു. തുടർന്ന് യുവാവിനെ ഭീഷണിപ്പെടുത്തി പറഞ്ഞയച്ചു. പരാതിയെ തുടർന്ന് കേസെടുത്ത കടവന്ത്ര പൊലീസ് ഇന്നലെ വൈകിട്ടോടെയാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. യുവാവ് പൊലീസ് സ്റ്റേഷനിലെത്തി മൂന്ന് പേരെയും തിരിച്ചറിഞ്ഞ ശേഷം ഇന്ന് കോടതിയിൽ ഹാജരാക്കും. കസ്റ്റഡിയിലുള്ളവർ നിരവധി കേസുകളിലെ പ്രതികളും അന്യ ജില്ലകളിൽപ്പെട്ടവരുമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |