SignIn
Kerala Kaumudi Online
Thursday, 23 April 2026 10.03 PM IST

കഥയാണ് വല്ലഭദാസിന് ജീവിതം

Increase Font Size Decrease Font Size Print Page
vallabhadas

ആലപ്പുഴ: വി.സാംബശിവനും കെടാമംഗലം സദാനന്ദനും കഥപറഞ്ഞിരുന്ന വേദികളുടെ മുൻനിരയിലിരുന്ന് അവരുടെ അവതരണശൈലി മനസിലാക്കിയ ബാല്യമാണ് ആര്യാട് വല്ലഭദാസിനെ കഥാപ്രസംഗലോകത്തെത്തിച്ചത്. കേട്ട കഥകൾ അച്ഛന്റെ കയർ ഫാക്ടറിയിലെ തൊഴിലാളികൾക്ക് മുന്നിൽ അവതരിപ്പിച്ച് കൈയടി നേടിയിരുന്ന കുട്ടിയിൽ നിന്ന് സംഗീത-നാടക അക്കാദമിയുടെ ഗുരുപൂജാ പുരസ്ക്കാരം വരെ നീളുന്നതാണ് വല്ലഭദാസിന്റെ ജീവിതയാത്ര. കയർഫാക്ടറിയിലെ തൊഴിലാളികളാണ് കഥാപ്രസംഗരംഗത്ത് ചുവടുറപ്പിക്കാനുള്ള ആദ്യപ്രചോദനം.

ആര്യാട് കൊറ്റംകുളങ്ങര സ്‌കൂളിൽ പഠിച്ചിരുന്ന കാലംമുതലേ സംഗീതത്തിലും നാടകത്തിലും താത്പ്പര്യമുണ്ടായിരുന്നു. എട്ടാംക്ലാസിൽ പഠിക്കുമ്പോൾ സ്വന്തമായി ചെറുനാടകങ്ങളെഴുതി. മത്സരങ്ങളിൽ പങ്കെടുത്ത് അവാർഡുകളും നേടി. കലോത്സവങ്ങളിൽ ലളിതഗാന മത്സരത്തിൽ ഒന്നാമനായി.

കഥാപ്രസംഗം പഠിക്കാൻ വീട്ടിൽ അനുവാദമില്ലായിരുന്നു. 1970ൽ ആര്യാട് രാജപ്പന്റെ സുഹൃ‌ത്തിന്റെ കുടിലിൽ ഇരുന്നാണ് കഥാപ്രസംഗത്തെക്കുറിച്ച് ആഴത്തിലറിഞ്ഞത്. 73ൽ കിടങ്ങാംപറമ്പ് ക്ഷേത്രത്തിൽ 'ഗംഗ' എന്ന പുരാണകഥ അവതരിപ്പിച്ച് അരങ്ങേറി. അത് വിജയമായതോടെ വീട്ടുകാരുടെ എതിർപ്പും അവസാനിച്ചു. 1976ൽ ആകാശവാണിയിൽ ഓഡിഷൻ പാസ്സായി കഥപറഞ്ഞുതുടങ്ങി. ദൂരദർശനടക്കം ടി.വിചാനലുകളിലും കഥകൾ അവതരിപ്പിച്ചു.നിരവധി നാടകട്രൂപ്പുകളിലും അഭിനയിച്ചു. സ്വന്തമായി 'മനുക്ഷേത്ര' എന്ന നാടകസമിതിയുണ്ടാക്കി. സിനിമാ-സീരിയൽ മേഖലയിൽ അവസരങ്ങൾ തേടിയെത്തിയെങ്കിലും കഥാപ്രസംഗത്തെ ഉപേക്ഷിക്കാൻ തയ്യാറായിരുന്നില്ല. നാദസ്വരവിദ്വാൻ നാണുഭാഗവതരുടെ ചെറുമകനും നാടക-സിനിമാരംഗത്ത് അറിയപ്പെടുന്ന ആര്യാട് ഗോപാലകൃഷ്‌ണന്റെ അനന്തിരവനും പ്രസിദ്ധ കാഥികൻ ഗോപിയുടെ സഹോദരനുമാണ് വല്ലഭദാസ്. ഉമാദേവിയാണ് ഭാര്യ. മക്കൾ: അനീഷ്‌ദാസ് (ഇലക്ട്രോണിക് എൻജിനീയർ), ശ്രീജാദേവി, അരുൺദാസ് (സൗദി എയർലൈൻസ്).മരുമക്കൾ: വിദ്യ(എൻജിനീയറിംഗ് സെക്ഷൻ ഓഫീസർ), എസ്.ജെ.അനു (എക്സൈസ് ഇൻസ്പെക്ടർ), ഡോ.ശരണ്യ (സിദ്ധ ആശുപത്രി).

പതിനായിരത്തിലധികം വേദികൾ

പതിമൂന്ന് വർഷത്തിനിടെ രാജ്യത്തിനകത്തും പുറത്തുമായി പതിനായിരത്തിലധികം വേദികളിൽ കഥ പറഞ്ഞു. 33 കഥകളാണ് ഇന്നോളം അവതരിപ്പിച്ചത്. അധികവും പുരാണകഥകൾ. ഭഗവാൻ ശ്രീകൃഷ്‌ണൻ, കർണ്ണൻ, കുരുക്ഷേത്ര ഭൂമി, ഭീമസേനൻ, ശ്രീനാരായണ ഗുരുദേവൻ, സ്വാമി വിവേകാനന്ദൻ എന്നിങ്ങനെ നീളുന്നു. കാശ്മ‌ീർ, ഞാൻ ഭാരതീയൻ, സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്നിങ്ങനെ സാമൂഹ്യ പ്രസക്ത കഥകളും ഇവയിൽ ഉൾപ്പെടും. കവടിയാർ കൊട്ടാരത്തിലെ അശ്വതിതിരുന്നാൾ തമ്പുരാട്ടിയിൽ നിന്ന് പത്മനാഭദാസ പുരസ്ക്കാരം ഉൾപ്പെടെ 44പുരസ്ക്കാരങ്ങൾ നേടി.

TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.