ചാരുംമൂട് : പഞ്ചായത്തംഗത്തിന്റെ ഭർത്താവായ കോൺഗ്രസ് ബ്ളോക്ക് കമ്മിറ്റിയംഗത്തെ മുഖം മറച്ചെത്തിയ രണ്ടംഗ സംഘം മർദ്ദിച്ചതായി പരാതി.
താമരക്കുളം ഗ്രാമപഞ്ചായത്ത് നാലാം വാർഡംഗം അനിലാ തോമസിന്റെ ഭർത്താവ് വേടരപ്ലാവ് ഇട്ടേനാം പറമ്പിൽ തോമസ് ഡേവിഡിനാണ് മർദ്ദനമേറ്റത്. ഇന്നലെ രാവിലെ വീടിന് സമീപമുള്ള പാൽ സൊസൈറ്റിയിൽ നിന്ന് പാൽ വാങ്ങുന്നതിനായി സ്കൂട്ടറിൽ വരുമ്പോൾ റോഡിൽ കാത്തുനിന്ന രണ്ടു പേർ ചേർന്ന് ഇരുമ്പുവടി കൊണ്ട് അടിക്കുകയായിരുന്നു. ഇവരുടെ സ്കൂട്ടറിന്റെ നമ്പർ പ്ലേറ്റ് മറച്ചിരുന്നതായി പരാതിയിൽ പറയുന്നു.
പരിക്കേറ്റ ഡേവിഡ് നൂറനാട്ടെ സ്വകാര്യാശുപത്രിയിൽ ചികിത്സ തേടി. പരാതിക്കാരന്റെ മൊഴിയെടുത്ത് നൂറനാട് പോലീസ് അന്വേഷണം തുടങ്ങി.
സംഭവത്തിൽ കോൺഗ്രസ് നൂറനാട് ബ്ലോക്ക് കമ്മിറ്റിയും, താമരക്കുളം മണ്ഡലം കമ്മിറ്റിയും പ്രതിഷേധിച്ചു. പ്രതികളെ ഉടൻ പിടികൂടണമെന്ന് മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ പ്രസിഡന്റ് പി.ബി. ഹരികുമാർ അധ്യക്ഷത വഹിച്ചു. ബ്ളോക്ക് കമ്മിറ്റി പ്രസിഡന്റ് ജി .വേണു , പി.രഘു , എം.ഇ.ജോർജ് , കെ.എൻ.അശോക് കുമാർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |