SignIn
Kerala Kaumudi Online
Saturday, 27 April 2024 5.42 AM IST

പച്ചതൊടുന്നില്ല, പച്ചമരുന്ന് കച്ചവടം

pachamarunnu

 ആദിവാസി തൊഴിൽ മേഖലയിൽ വിനയായി തൊഴിലുറപ്പ്

പൂച്ചാക്കൽ: പറമ്പുകളിൽ തൊഴിലുറപ്പുകാർ 'സ്ഥിരസാന്നിദ്ധ്യ'മായതോടെ, വൈദ്യശാലകളിലും അങ്ങാടിക്കടകളിലും പച്ചമരുന്ന് വിറ്റ് ഉപജീവനം നടത്തുന്ന നാട്ടിൻപുറത്തെ ആദിവാസികളുടെ ജീവിതം പ്രതിസന്ധിയിലായി. കാടും പടർപ്പും വെട്ടിമാറ്റി പുരയിടങ്ങൾ വൃത്തിയാക്കുന്നതിനിടെ അരിഞ്ഞു വീഴ്ത്തപ്പെടുന്നത് മികച്ച ഔഷധസസ്യങ്ങൾ കൂടിയാണ്.

തുമ്പ, കൂവ, ബ്രഹ്മി, തകര, കാട്ടുചേമ്പ്, എരിക്ക്, വയമ്പ്, തൊട്ടാവാടി, പനിക്കൂർക്ക, കരൾവേകം തുടങ്ങിയ ഇനങ്ങളൊക്കെ കാണാൻപോലും കിട്ടാത്ത അവസ്ഥയായി.പാലക്കാട്, ഇടുക്കി എന്നിവിടങ്ങളിൽ നിന്നു പച്ചമരുന്നുകൾ വില കുറച്ച് ലഭിച്ചുതുടങ്ങിയതും പാരമ്പര്യമായി തൊഴിൽ ചെയ്തിരുന്നവരെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. നിത്യവൃത്തി ബുദ്ധിമുട്ടായതോടെ പലരും കുലത്തൊഴിൽ ഉപേക്ഷിച്ചു.

ഇടുക്കിയിലെ ഉൾപ്രദേശങ്ങളിൽ നിന്നു കുടിയേറിയവരാണ് പാണാവള്ളി കരപ്പുറത്തെ ആദിവാസികൾ. പാണാവള്ളി പൊയ്ക്കാട്ടു ഗിരിജൻ കോളനിയിലാണ് 40 കുടുംബങ്ങളിലായി ഇവർ താമസിക്കുന്നത്. ഓരോ കുടുംബത്തിനുമുള്ളത് മൂന്നോ നാലോ സെന്റ് സ്ഥലം മാത്രം. ഒട്ടുമിക്ക ക്ഷേത്രങ്ങളിലെയും പൂജകൾക്കും ഹോമങ്ങൾക്കും ആവശ്യമായ അത്തി, ഇത്തി, അരയാൽ, പേരാൽ, ചമത ഉൾപ്പെടെയുള്ളവയും ഇവരാണ് സംഭരിച്ചെത്തിക്കുന്നത്. പറമ്പിലെ പുല്ലുകൾക്കിടയിലും ചെറിയ കാടുകളിലും സർപ്പക്കാവുകളിലും നിരവധി ആയുർവേദ ചെടികളും സസ്യങ്ങളും വളരുന്നുണ്ട്. കാണുന്ന മാത്രയിൽ ഇവ തിരിച്ചറിയാൻ ഇവർക്കു കഴിയും.

തൊഴിലുറപ്പ് ജോലി വ്യാപിച്ചതോടെയാണ് പച്ചമരുന്ന് ചെടികൾക്ക് ക്ഷാമം തുടങ്ങിയതെന്ന് ഇവർ പരിഭവിക്കുന്നു. ഔഷധ സസ്യങ്ങൾ മുളച്ചു വരുമ്പോൾത്തന്നെ തൊഴിലുറപ്പ് ജോലിക്കാർ ഇവ വെട്ടിമാറ്റും.‌ പറമ്പ് വൃത്തിയായി കിടക്കുമെങ്കിലും ഇതിനിടയിലുണ്ടാവുന്ന ഔഷധനഷ്ടം അത്രകണ്ട് ശ്രദ്ധിക്കപ്പെടുന്നില്ല.

 ചിട്ടയുള്ള ആദിശാസ്ത്രം

ഋതുക്കൾ മനസിലാക്കി, ചെടിയുടെ പാകം നോക്കിയാണ് ഔഷധ സസ്യങ്ങൾ ശേഖരിക്കുന്നത്. എങ്കിൽ മാത്രമേ ചികിത്സയിൽ പൂർണ്ണ ഫലം ലഭിക്കുകയുള്ളൂവെന്ന് പാരമ്പര്യ വൈദ്യവിദഗ്ദ്ധർ വ്യക്തമാക്കുന്നു. സൂര്യോദയത്തിന് മുമ്പും അസ്തമയത്തിനു ശേഷവും ഒരു ഇല പോലും പറിച്ചെടുക്കരുതെന്നാണ് ആദിശാസ്ത്രം പറയുന്നത്. ആൽമരം പോലുള്ള വൃക്ഷങ്ങളുടെ കമ്പോ ഇലയോ എടുക്കുന്നതിന് മന്ത്രോച്ചാരണത്തിന്റെ അകമ്പടി വേണമെന്നും ആദിശ‌ാസ്ത്രത്തിൽ പറയുന്നു.

ഔഷധച്ചെടികളും രോഗങ്ങളും

 മണിത്തക്കാളി, മൂടില്ലാത്താളി- പ്രമേഹം

 കാട്ടുചേന- അർശസ്

 നിലപ്പന കിഴങ്ങ്- ധാതുപുഷ്ടി

 ഓരില, മൂവില- ഹൃദയരോഗങ്ങൾ

 നീലാംബ, തിരുതാളി- മുടികൊഴിച്ചിൽ

 നീലനാരകം- പല്ലുവേദന, ചെന്നികുത്ത്

 ഇലമുളച്ചി- മൂത്രത്തിൽ കല്ല്

 പൊന്നീന്ത- വെള്ളപോക്ക്

 മുറികൂട്ടി- മുറിവ്

 മുക്കുറ്റി, തൊട്ടാവാടി- വട്ടച്ചൊറി

 കരിന്തകര- ചുണങ്ങ്

 വെള്ളപ്പൂവുള്ള പരന്നച്ചെടി- പാമ്പുകളുടെ വിഷം

 എല്ലൊടിയൻ- തകർന്ന എല്ലുകളുടെ ചികിത്സ

...................................

അഞ്ചു തലമുറകളായി പച്ചമരുന്നു വിറ്റാണ് ജീവിക്കുന്നത്. പരമ്പരാഗതമായി കിട്ടിയ അറിവും അനുഭവവുമാണ് ഔഷധച്ചെടികളെയും വൃക്ഷങ്ങളെയും തിരിച്ചറിയാൻ സഹായിക്കുന്നത്. പൂച്ചാക്കൽ, തൃപ്പൂണിത്തുറ, വൈക്കം, പറവൂർ എന്നിവിടങ്ങളിലെ അങ്ങാടി കടകളിലും ഇവ കൊടുക്കുന്നുണ്ടായിരുന്നു

രമണൻ, പൊയ്ക്കാട്ടു ഗിരിജൻ കോളനി, പാണാവള്ളി.

........................................................

ആദിവാസികളുടെ പാരമ്പര്യ തൊഴിൽ സംരക്ഷിക്കാൻ സർക്കാർ സൗകര്യം ഒരുക്കണം. ഗ്രാമങ്ങൾ തോറും ഔഷധത്തോട്ടങ്ങൾ ഒരുക്കി ചെടികളെയും വൃക്ഷങ്ങളേയും പുതിയ തലമുറയ്ക്കായി കരുതണം

സാബു, (ഊരുമൂപ്പൻ), പൊയ്ക്കാട്ടു ഗിരിജൻ കോളനി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.